SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.46 PM IST

കാലാവസ്ഥ പ്രതികൂലം, പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികൾ

Increase Font Size Decrease Font Size Print Page
1

പൂവാർ: നാളുകളായി തുടരുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാതായതോടെ തീരദേശവാസികളുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. കാറ്റും മഴയും ശക്തമായി തുടരുന്നതിനാൽ കടലിൽ പോകരുതെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകൾ വന്നുതുടങ്ങിയ നാൾ മുതൽ മത്സ്യത്തൊഴിലാളികൾ മാത്രമല്ല അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലായി.

ആഭരണങ്ങൾ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളിൽ നിന്ന് കൈ വായ്പയെടുത്തും പലരും കടത്തിൽ മുങ്ങിയിരിക്കുകയാണ്. വട്ടപ്പലിശക്കാരിൽ നിന്ന് കടമെടുത്തവരും കുറവല്ല. ബ്ലേഡ് മാഫിയകളെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്തവരും കൂട്ടത്തിലുണ്ട്. അനുബന്ധ മേഖലയിൽ പണിയെടുത്തിരുന്ന സ്ത്രീത്തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ടതോടെ നിത്യ ചെലവുകൾക്കും വഴിയില്ലാതായി. ഇതോടെ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.
കൊവിഡ് പ്രതിസന്ധിയും, മോശം കാലാവസ്ഥയും മാസങ്ങളായി തീരദേശത്തെ തീരാദുരിതത്തിലാക്കിയിട്ടും ഇതിനെ അതിജീവിക്കാൻ സർക്കാർ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പണിയില്ലാതാവുന്ന തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നാളിതുവരെ ഇതിന് പരിഹാരം കണ്ടിട്ടില്ല.

പ്രതിസന്ധിയിലായത്

കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമ പഞ്ചായത്തുകളിലായി പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശവാസികളാണ് ദുരിതത്തിൽ അകപ്പെട്ടിരിക്കുന്നത്.

സംരക്ഷമില്ലാതെ ജീവിതം

കടൽത്തീരത്തോട് അടുത്ത് കഴിയേണ്ടിവരുന്ന കുടുംബങ്ങൾ തീരപ്രദേശത്ത് നിരവധിയാണ്. പലപ്പോഴും സ്വജീവനും കുടുംബാംഗങ്ങളുടെ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനിടയിൽ മത്സ്യബന്ധന ഉപകരണങ്ങൾ വേണ്ടുംവിധം സംരക്ഷിക്കാൻ കഴിയാറില്ല. ഇത്തരം സന്ദർഭങ്ങളിൽ പ്രകൃതിക്ഷോഭം ശക്തമാകുമ്പോൾ തീരത്ത് അടുക്കിവച്ചിട്ടുള്ള യാനങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിക്കുന്നത് സാധാരണമാണ്. സർക്കാർ ഇവയ്ക്ക് നൽകുന്നത് പരിമിതമായ നഷ്ടപരിഹാരമാണ്. എന്നാൽ അതു പോലും സമയബന്ധിതമായി ലഭിക്കാറില്ലെന്നും അവർ പറയുന്നു.

മത്സ്യങ്ങളും കുറവ്

മത്സ്യങ്ങളുടെ ലഭ്യതക്കുറവ് കാരണം പൊതുവെ കടൽപ്പണി നഷ്ടത്തിലാകുന്ന സാഹര്യമാണ് ഇപ്പോഴുള്ളത്. പലപ്പോഴും വെറും കൈയോടെ മടങ്ങുകയാണ് പതിവ്. ബോട്ടുവാടകയും മണ്ണെണ്ണയുടെ വിലയും ഭക്ഷണച്ചെലവും കൊടുത്തുതീർക്കാൻ കഴിയാതെ കടം വാങ്ങേണ്ട ഗതികേടിലാണ്.

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY