SignIn
Kerala Kaumudi Online
Thursday, 19 September 2024 4.58 AM IST

ടൈൽസ് ഷോപ്പ് മാനേജർ സജീവന്റെ മരണം ആത്മഹത്യയോ? ആത്മഹത്യാക്കുറിപ്പും സിസി.ടിവി ദൃശ്യങ്ങളും വഴിത്തിരിവ്  പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകം

Increase Font Size Decrease Font Size Print Page
sa

തിരുവനന്തപുരം : ശാസ്തമംഗലം നവീൻ ഗ്രാനൈറ്റ് ആൻഡ് ടൈൽസ് ജനറൽ മാനേജർ ജി.സജീവന്റെ (47)മരണം ആത്മഹത്യയോ? വെമ്പായം നെടുവേലി ഇടുക്കുംതല പനയറക്കോണം സൗപർണികയെന്ന സ്വന്തം വീടിന് കുറച്ചകലെയായി വിജനമായ സ്ഥലത്ത് തോട്ടിനരികിലാണ് സജീവിനെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സജീവിന്റെ കഴുത്തിൽ പ്ളാസ്റ്റിക് കുരുക്കും ചുണ്ടിൽ രക്തം പൊ‌ടിഞ്ഞ അടയാളവും കണ്ടെത്തിയതാണ് മരണത്തിൽ സംശയങ്ങൾക്കിടയാക്കിയതെങ്കിലും സംഭവശേഷം വട്ടപ്പാറ പൊലീസിന്റെ അന്വേഷണത്തിൽ ലഭ്യമായ തെളിവുകൾ വിരൽ ചൂണ്ടുന്നത് ആത്മഹത്യയാണെന്ന സൂചനകളിലേയ്ക്കാണ്. കേസ് അന്വേഷണത്തിൽ ഈ തെളിവുകൾ വഴിത്തിരിവാകുമെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം അന്തിമ തീരുമാനത്തിലെത്താമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

കഴുത്തിലെ പ്ളാസ്റ്റിക് ടാഗ്

ജോലി സ്ഥലത്തേത്

സജീവിന്റെ കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ടെത്തിയ പ്ളാസ്റ്റിക് ടാഗുകൾ ശാസ്തമംഗലത്ത് ജനറൽ മാനേജരായി സജീവ് ജോലി നോക്കുന്ന ടൈൽ ഷോപ്പിന്റെ പരിസരത്ത് നിന്ന് ശേഖരിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. സജീവിന്റെ മരണശേഷം വട്ടപ്പാറ പൊലീസ് ശാസ്തമംഗലത്തെ ടൈൽ ഷോപ്പിലെത്തി നടത്തിയ പരിശോധനയിലാണ് സമാനമായ പ്ളാസ്റ്റിക് ടാഗുകൾ അവിടെ നിന്ന് കണ്ടെത്തിയത്. മാത്രമല്ല സംഭവത്തിന്റെ തലേദിവസം സജീവ്, ടൈൽ ഷോപ്പിന്റെ ഗോഡൗണിൽ നിന്ന് പ്ളാസ്റ്റിക് ടാഗുകൾ ശേഖരിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഗോഡൗണിൽ നിന്ന് സജീവ് ശേഖരിച്ച പ്ളാസ്റ്റിക് വള്ളികളാണ് കഴുത്തിൽ കെട്ടിയ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ടൈൽ പായ്ക്കറ്റുകൾ കെട്ടി പായ്ക്ക് ചെയ്യുന്നതിനും ഇലക്ട്രിക്കൽ ജോലിക്കാർ പൈപ്പുകളിലൂടെ വയർ കടത്തിവിടാനും മറ്റുപയോഗിക്കുന്ന വള്ളിയാണിത്.

കടബാദ്ധ്യതകളിൽ

ജീവനൊടുക്കിയതോ?

കഴിഞ്ഞ പത്തുവർഷമായി സജീവ് ശാസ്തമംഗലത്തെ ടൈൽ ഷോപ്പിലാണ് ജോലി ചെയ്യുന്നത്. സെയിൽസ് മാനായെത്തിയ സജീവ് കഴിഞ്ഞ കുറേ നാളുകളായി സ്ഥാപനത്തിന്റെ ജനറൽ മാനേജരായാണ് പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിലെ പർച്ചേയ്സിന്റെയും കൊടുക്കൽ വാങ്ങലുകളും ബിസിനസ് ഇടപാടുകളുമെല്ലാം നിയന്ത്രിച്ചിരുന്നത് സജീവായിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാദ്ധ്യതകളുണ്ടായിരുന്നുവെന്നതിന്റെ സൂചന നൽകുന്ന ഒരു കുറിപ്പ് സജീവിന്റേതായി പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ഥാപന ഉടമയ്ക്കായി എഴുതിയ കുറിപ്പാണത്. സർ, എന്ന സംബോധനയോടെ തുടങ്ങുന്ന കത്തിൽ പണം ഇടപാടുകളെപ്പറ്റിയുള്ള വിവരങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്തുവന്നാലും ഫ്ളാറ്റ് വിൽക്കരുതെന്ന അഭ്യർത്ഥനയും മുതലാളിയോയുള്ള കത്തിലുണ്ട്. ബിസിനസിൽ പാർട്ണർ ഷിപ്പോ മറ്റ് മുതൽ മുടക്കുകളോ സജീവിനുണ്ടായിരുന്നോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതല്ലാതെ ടൈൽ ഷോപ്പ് സാമ്പത്തിക പ്രതിസന്ധിയിലായതിന്റെ പേരിൽ സജീവ് ജീവനൊടുക്കാൻ മറ്റ് കാരണങ്ങളൊന്നും പൊലീസ് കാണുന്നില്ല. കൊവിഡിനെ തുടർന്ന് ബിസിനസ് മോശമായതിനാൽ സ്ഥാപനത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കടയുടമയെയും വീട്ടുകാരെയും ചോദ്യം ചെയ്താലേ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. കത്ത് സജീവിന്റേതാണോയെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.

ബാക്കിയാകുന്ന

സംശയങ്ങൾ ...

ടൈൽ കട ഉടമയുടെ സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യയുടെ പാത തെരഞ്ഞെടുക്കേണ്ട സാഹചര്യമില്ലെന്നിരിക്കെ,​ സജീവിന്റെ മരണത്തിൽ നാട്ടുകാരും വീട്ടുകാരും ഉന്നയിക്കുന്ന സംശയങ്ങൾ ഇവയാണ്. വെമ്പായത്ത് വീടിന് സമീപത്തെ റബർത്തോട്ടത്തിലാണ് സജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് കണ്ണ‍ടയുണ്ടായിരുന്നു. ഷർട്ടിന്റെ ബട്ടൺ ഇളകിയിരുന്നു. കൈലിമുണ്ട് മറ്റൊരാൾ ഉടുപ്പിച്ച നിലയിലായിരുന്നു. ചുണ്ടിൽ രക്തം പൊടിഞ്ഞിരുന്നെങ്കിലും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും അവിടെ കാണാൻ കഴിഞ്ഞില്ല.

സജീവിന്റെ ഫോൺ ഓഫ് ചെയ്ത നിലയിലായതും കണ്ടെത്താനാകാത്തതും സംശയങ്ങൾ ബലപ്പെടുത്തുന്ന മറ്റ് കാരണങ്ങളാണ്. സാധാരണ നടക്കാൻ പോകുന്നതിന് എതിർ ദിശയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ചെരിപ്പ് മൃതദേഹത്തിനരികിൽ നിന്നും മറ്റൊന്ന് വീടിന് സമീപത്ത് നിന്നുമാണ് കിട്ടിയത്. ഇതെല്ലാം ആരെയെങ്കിലും സജീവിനെ പിന്തുടർന്ന് കൊലപ്പെടുത്തിയതാണോയെന്ന സംശയത്തിനിടയാക്കിയിട്ടുണ്ട്.

മരിക്കുംമുമ്പ്

വാങ്ങിയ ഭൂമിയിലെത്തി

രാവിലെ വീട്ടുകാർ ഉണരും മുമ്പേ സജീവ് വീട് വിട്ടിരുന്നു. മുട്ടുവേദനയുണ്ടെന്ന് തലേദിവസം ഭാര്യയോടും മറ്റും സജീവ് പറഞ്ഞിരുന്നെങ്കിലും കാണാതായപ്പോൾ നടക്കാൻ പോയതായിട്ടാണ് വീട്ടുകാർ കരുതിയത്. എന്നാൽ,​ പതിവ് പോലെ ജോലിക്ക് പോകുന്ന സമയമായിട്ടും മടങ്ങിയെത്താതായതോടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. സ്വിച്ച് ഓഫ് ചെയ്തതായിട്ടായിരുന്നു മറുപടി. സജീവിനെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് പത്തു മണിയോടെ വീടിനു പിൻഭാഗത്തെ കുന്നിൻ മുകളിലുള്ള റബർ തോട്ടത്തിലെ ചാലിൽ മൃതദേഹം‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഡോഗ് സ്ക്വാഡിനെ സ്ഥലത്തെത്തിച്ചെങ്കിലും 100 മീറ്റർ അകലെ ചിലർ വാടകയ്ക്ക് താമസിക്കുന്ന വീടിനും സമീപ വീടിനും മുന്നിലെത്തി നിന്നു. ഇതിന് തൊട്ടടുത്തായി സജീവ് അഞ്ച് സെന്റ് സ്ഥലം കൃഷിക്കായി വാങ്ങിയിരുന്നു. ഈ സ്ഥലത്ത് സജീവ് രാവിലെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സജീവ് തന്റെ പുരയിടത്തിലേക്കെത്തിയ മണം പിടിച്ചാണ് പൊലീസ് നായയും ഇവിടേക്ക് വന്നതെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മെഡിക്കൽകോളജ് ആശുപത്രിയിൽ കൊവിഡ് പരിശോധനയും പോസ്റ്റുമോർട്ടവും പൂർത്തിയാക്കിയ സജീവിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനുശേഷം മരണകാരണം സ്ഥിരീകരിക്കാമെന്നാണ് പൊലീസിന്റെ നിലപാട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, MURDERS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.