SignIn
Kerala Kaumudi Online
Friday, 11 September 2026 11.11 PM IST

കശുഅണ്ടി: പുനരുദ്ധാരണ പാക്കേജിന് പുതു ജീവൻ

cashewnut-factory-

കൊല്ലം: കടക്കെണി മൂലം അടച്ചുപൂട്ടിയ കശുഅണ്ടി ഫാക്ടറികൾ തുറക്കാൻ കഴിഞ്ഞ സർക്കാർ രൂപം നൽകിയ പുനരുദ്ധാരണ പാക്കേജിന് വീണ്ടും ജീവൻ വയ്ക്കുന്നു.

ബാങ്കുകളും ഫാക്ടറി ഉടമകളുമായി ബന്ധപ്പെട്ട് വായ്പകൾ തീർപ്പാക്കി ഫാക്ടറികൾ തുറക്കാൻ ഊർജിത ശ്രമം നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. 'കശുഅണ്ടി മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് 'കരിനിഴലായി ഫാക്ടറികൾ, 2.5 ലക്ഷം കുടുംബങ്ങൾ പട്ടിണിയിൽ' എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2020 - 21ലെ ബഡ്ജറ്റിൽ പാക്കേജിന് 25 കോടി രൂപ നീക്കിവച്ചിരുന്നു. എന്നാൽ, ബാങ്കുകൾ കടുംപിടിത്തം തുടർന്നതിനാൽ 70 ബാങ്കുകളുടെ വായ്പകൾ മാത്രമേ പുനഃക്രമീകരിച്ചുള്ളൂ. സർക്കാർ നീക്കിവച്ചതിൽ 3 കോടി മാത്രമാണ് ചെലവഴിച്ചത്. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി യോഗം വിളിച്ച് ബാങ്ക്, വ്യവസായി, സർക്കാർ പ്രതിനിധികളടങ്ങിയ മൂന്നംഗസമിതിയെ നിയോഗിച്ചു. എന്നിട്ടും കാര്യമായ ചലനമുണ്ടായില്ല. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടുന്നതിനൊപ്പം, കൂട്ടായ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുഅണ്ടി ഫാക്ടറികൾ ലാഭകരമായാണ് പ്രവർത്തിക്കുന്നത്. കൊല്ലത്തെ ഫാക്ടറികൾ അടഞ്ഞതിന്റെ കാരണങ്ങൾ പരിശോധിക്കും.

 കാഷ്യു ബോർഡിന് 35 കോടി

വിദേശത്ത് നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ കാഷ്യു ബോർഡിന് 35 കോടിരൂപ വൈകാതെ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട ഫയൽ ധനവകുപ്പ് പാസാക്കി. കാഷ്യു കോർപ്പറേഷൻ ഇറക്കുമതി ചെയ്ത തോട്ടണ്ടി ഏറ്റെടുക്കാൻ പണമില്ലാത്തതിനാൽ മംഗലാപുരത്ത് കെട്ടിക്കിടക്കുകയാണ്. സർക്കാരിൽ നിന്ന് പണം ലഭിക്കുന്നതോടെ കാപ്പെക്സ് , കാഷ്യു കോർപ്പറേഷൻ ഫാക്ടറികൾക്ക് തുടർച്ചയായി പ്രവർത്തിക്കാൻ തോട്ടണ്ടി ലഭിക്കും.

'കാഷ്യു ബോർഡ് വാങ്ങുന്ന തോട്ടണ്ടി സ്വകാര്യ ഫാക്ടറികൾക്കു കൂടി ലഭ്യമാക്കുന്ന കാര്യം പരിശോധിക്കും".

-മന്ത്രി പി. രാജീവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASHEW NUT FACTORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA