വെർച്വൽ ക്യൂ ബുക്കിംഗിന് തിരക്കേറി
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് 15ന് വൈകിട്ട് അഞ്ചിന് നട തുറക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഡിസംബർ 26നാണ് മണ്ഡലപൂജ.
തീർത്ഥാടനത്തിന് പ്രതിദിനം 30,000 പേർക്ക് ദർശനത്തിന് അനുമതിയുള്ളതിനാൽ വെർച്വൽ ക്യൂ ബുക്കിംഗിന് തിരക്കേറി. ഇന്നലെ വരെ 12ലക്ഷം തീർത്ഥാടകർ ബുക്ക് ചെയ്തിട്ടുണ്ട്. ബുക്ക് ചെയ്യാതെ വരുന്നവർക്ക് സ്പോട്ട് രജിസ്ട്രേഷന് നിലയ്ക്കലിൽ അഞ്ച് കൗണ്ടറുകൾ തുറക്കും. കൊവിഡ് വാക്സിൻ രണ്ട് ഡോസ് സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം, ആധാർ കാർഡ് എന്നിവ കരുതണം. നിലയ്ക്കൽ, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽ കൊവിഡ് പരിശോധന സൗകര്യമുണ്ടാകും.
തീർത്ഥാടകർക്ക് പമ്പാ സ്നാനവും ബലിതർപ്പണവും അനുവദിക്കും. സന്നിധാനനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ താമസ സൗകര്യം ഉണ്ടാകില്ല.
നെയ്യഭിഷേകം
പുലർച്ചെ അഞ്ചര മുതൽ ഉച്ചയ്ക്ക് 12.30വരെ
വഴിപാടുകൾ
കളഭാഭിഷേകം, പുഷ്പാഭിഷേകം, അർച്ചന, ഗണപതിഹോമം
5000 കുപ്പികൾ
ഭക്തർക്ക് കുടിവെള്ളം നൽകാൻ 5000 സ്റ്റീൽ കുപ്പികൾ പമ്പയിലും സന്നിധാനത്തും എത്തിക്കും. ഒരു കുപ്പിക്ക് 200 രൂപ ഈടാക്കും. ദർശനം കഴിഞ്ഞ് തിരികെ പോകുമ്പോൾ കുപ്പികൾ തിരിച്ചു നൽകിയാൽ പണവും തിരിച്ചു നൽകും. സ്റ്റീൽ ഗ്ളാസുകൾ കൈയിലുണ്ടെങ്കിൽ കുപ്പി വാങ്ങേണ്ടതില്ല. കൗണ്ടറുകളിൽ നിന്ന് ഔഷധ വെള്ളം ഗ്ളാസുകളിൽ വാങ്ങാം.
യാത്രയ്ക്ക് സ്വാമി അയ്യപ്പൻ റോഡ്
ഭക്തരുടെ മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമായിരിക്കും.
പമ്പ സർവീസ്
കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പമ്പ സർവീസ് 15ന് പുലർച്ചെ മുതൽ. മുന്നൂറോളം ബസുകളാണ് സർവീസ് നടത്തുന്നത്. പമ്പ-നിലയ്ക്കൽ സർവീസിനായി 100 എ.സി, നോൺ എ.സി ലോഫ്ളോർ ബസുകൾ
ശബരിമല സേഫ് സോൺ പദ്ധതി ഉദ്ഘാടനം നാളെ
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷ അതോറിട്ടിയുടെ സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പ് ആവിഷ്കരിച്ച ശബരിമല സേഫ് സോൺ പദ്ധതി നാള രാവിലെ 10.30ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. നിലയ്ക്കൽ ഇലവുങ്കലിൽ നടക്കുന്ന യോഗത്തിൽ മന്ത്രി വിണാ ജോർജ് അദ്ധ്യക്ഷയാകും.
അരവണ നിർമ്മാണം
ഇന്ന് തുടങ്ങും
ശബരിമല : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് 15 ന് നട തുറക്കാനിരിക്കെ ശബരിമലയിൽ അരവണ നിർമ്മാണം ഇന്നാരംഭിക്കും. രാവിലെ പ്ളാന്റിൽ പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയശേഷം മേൽശാന്തി വി. കെ. ജയരാജ് പോറ്റി ദീപം തെളിച്ച് പൂജ നടത്തും.
നട തുറക്കുന്നതിന് മുമ്പ് പത്ത് ലക്ഷം ടിൻ അരവണയും 2 ലക്ഷം പായ്ക്കറ്റ് അപ്പവും കരുതൽ ശേഖരമായി ഉണ്ടാകും. പ്രതിദിനം രണ്ടര ലക്ഷം ടിൻ അരവണ ഉത്പാദിപ്പിച്ച് പായ്ക്ക് ചെയ്യാനുള്ള സംവിധാനം പ്ളാന്റിലുണ്ട്. ഉണ്ണിയപ്പത്തിന്റെ നിർമ്മാണം 13 ന് ആരംഭിക്കും. അപ്പം, അരവണ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത സാധനങ്ങൾ സന്നിധാനത്ത് എത്തിച്ചുകഴിഞ്ഞു. സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പമ്പയിലും സന്നിധാനത്തും ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ ലാബ് പ്രവർത്തന സജ്ജമായി. മഹാരാഷ്ട്രയിൽ നിന്നാണ് ഇക്കുറിയും ശർക്കരപ്പൊടിഎത്തിക്കുന്നത്. ഉണ്ട ശർക്കരയിൽ ഉപ്പിന്റെ അംശം കൂടുതലായതിനാൽ വർഷങ്ങളായി ശർക്കരപ്പൊടിയാണ് അരവണ, അപ്പം നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ഇവ നിർമ്മിക്കുന്നതിനാവശ്യമായ ഉണക്കലരി, ഏലയ്ക്ക, ശർക്കര, കൽക്കണ്ടം, ചുക്ക് എന്നിവയുടെ ഗുണനിലവാരം പമ്പയിലെ ലാബിൽ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷമാണ് സന്നിധാനത്തേക്ക് അയയ്ക്കുന്നത്. സന്നിധാനത്ത് ഇത് വീണ്ടും പരിശോധിക്കും. തീർത്ഥാടന കാലം തുടങ്ങിയാൽ ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ റിസർച്ച് ഓഫീസർമാർ പമ്പയിലും സന്നിധാനത്തും ഉണ്ടാകും. പമ്പ, നിലയ്ക്കൽ, ശബരിമല എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ സ്ക്വാഡും പ്രവർത്തിക്കും. നിലയ്ക്കലിൽ മൊബൈൽ ലാബും സജ്ജമാക്കും.
ഗതാഗതം: 12ന് യോഗം
മണ്ഡലകാലം ആരംഭിക്കുന്നതിനു മന്നോടിയായി ശബരിമലയിലേക്കുള്ള ഗതാഗതസൗകര്യം വിലയിരുത്തുന്നതിന് 12ന് രാവിലെ 11.30ന് പമ്പയിൽ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. പമ്പ ദേവസ്വം ബോർഡ് സാകേതം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കെ.യു.ജെനിഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.