കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ ഫോർട്ടുകൊച്ചിയിലെ ഹോട്ടലുടമ ഉൾപ്പെടെ ആറു പ്രതികൾക്കും എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു. ഫോർട്ടുകൊച്ചിയിലെ ഹോട്ടൽ 18 ഉടമ റോയ് ജെ. വയലാട്ട്, ഹോട്ടൽ ജീവനക്കാരായ കെ.കെ. അനിൽ, വിൽസൺ റെയ്‌നോൾഡ്, എം.ബി. മെൽവിൻ, ജി.എ. സിജുലാൽ, വിഷ്ണുകുമാർ എന്നിവർക്കാണ് ജാമ്യം. ചികിത്സയിലായിരുന്ന റോയിയുടെ മൊഴി മജിസ്‌ട്രേറ്റ് കളമശേരിയിലെ മെഡിക്കൽ കോളേജിലെത്തി രേഖപ്പെടുത്തിയ ശേഷമാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ചോദ്യം ചെയ്യലിനിടെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. പരാതി എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചു.