കൊച്ചി: വാഹനങ്ങൾ നിറഞ്ഞ പ്രധാന റോഡിന് നടുവിൽ കാർ നിർത്തിയിട്ട് കാർ നേരെയോടിക്കണമെന്ന് മറ്റൊരു കാർ യാത്രികനെ ഉപദേശിക്കാൻ പോയ കൊല്ലം സ്വദേശിയ്‌ക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കാക്കനാട് ഇൻഫോപാർക്ക് എക്‌സ്‌പ്രസ് ഹൈവേയിലായിരുന്നു ബുധനാഴ്‌ച സംഭവമുണ്ടായത്. ഇൻഫോപാർക്കിൽ നിന്നും വന്ന രണ്ട് കാറുകളിൽ ഒന്നിനെ പിന്നാലെ വന്ന കാർ യാത്രികൻ ഓവർടേക്ക് ചെയ്‌ത് വണ്ടി നിർത്താൻ പറഞ്ഞു. മുന്നിലെ കാർ ഓടിച്ച പട്ടിമറ്റം സ്വദേശിയായ യുവാവ് കാർ വശത്ത് ഒതുക്കി നിർത്തി. പിന്നാലെ വന്ന കാറിലെ കൊല്ലം സ്വദേശി നടുറോഡിൽ കാർ നിർത്തി പട്ടിമറ്റം സ്വദേശിയോട് ഇങ്ങനെയാണോ വണ്ടിയോടിക്കുന്നതെന്ന് കയർത്തു.
ഈ സമയം അതുവഴിവന്ന എറണാകുളം ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ കിഷോർ കുമാർ കൊല്ലം സ്വദേശിയോട് വാഹനം റോഡിൽ നിന്ന് മാറ്റിയിട്ട ശേഷം കാര്യങ്ങൾ സംസാരിക്കാൻ ആവശ്യപ്പെട്ടു. ഇതിന് കൊല്ലം സ്വദേശി തയ്യാറാകാതെ വന്നതോടെ അപകടം സൃഷ്‌ടിക്കുന്ന തരത്തിൽ വാഹനമോടിച്ചതിനും മറ്റ് വാഹനങ്ങൾക്ക് അപകടമുണ്ടാകും വിധം വണ്ടി നിർത്തിയതിനും കൊല്ലം സ്വദേശിക്കെതിരെ പിഴയിട്ടു. പട്ടിമറ്റം സ്വദേശിയും ഇയാൾക്കെതിരെ എറണാകുളം ആർ.ടി.ഒയ്‌ക്ക് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |