SignIn
Kerala Kaumudi Online
Monday, 14 September 2026 11.46 AM IST

എൽ.ജെ.ഡിയിൽ പിളർപ്പ് പൂർണം

ljd

തിരുവനന്തപുരം: വി. സുരേന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്യുകയും, ഷേക് പി. ഹാരിസിനെ ഭാരവാഹിത്വത്തിൽ നിന്ന് നീക്കുകയും ചെയ്ത നടപടിയെ വിമതവിഭാഗം തള്ളിയതോടെ, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ഘടകത്തിൽ പിളർപ്പ് പൂർണമായി.

സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ഒഴിയാതെ പിന്മാറ്റമില്ലെന്ന് വ്യക്തമാക്കിയ വിമത പക്ഷം ഭാവിനടപടികൾ തീരുമാനിക്കാൻ ഇന്ന് ഓൺലൈനിൽ യോഗം വിളിച്ചു. 17ന് തിരുവനന്തപുരത്ത് ചേർന്ന യോഗ തീരുമാനപ്രകാരം രൂപീകരിച്ച സംസ്ഥാന നേതാക്കളുൾപ്പെട്ട 16 അംഗ സമിതിയുടെ യോഗമാണ് ചേരുക. ഇതോടെ, ഇടതുമുന്നണി നേതൃത്വം ഇതിലാരെ സ്വീകരിക്കുമെന്നത് നിർണായകമായി.

തങ്ങളാണ് യഥാർത്ഥ ഔദ്യോഗിക പക്ഷമെന്ന് കാട്ടി മുന്നണി നേതാക്കളെയും മുഖ്യമന്ത്രിയെയും ആദ്യമേ കണ്ട എൽ.ജെ.ഡി വിമതപക്ഷം, മുന്നണി നേതൃത്വം തങ്ങളെ അംഗീകരിക്കുമെന്നവർ പ്രതീക്ഷിക്കുന്നു. എന്നാൽ, മലബാർ ജില്ലകളിലെ സ്വാധീനം, ഏക എം.എൽ.എ കെ.പി. മോഹനന്റെയും ദേശീയ ജനറൽസെക്രട്ടറിയായ വറുഗീസ് ജോർജിന്റെയും എം.പി കൂടിയായ സംസ്ഥാന അദ്ധ്യക്ഷന്റെയും നിലപാടുകൾ എന്നിവയൊക്കെ ഔദ്യോഗിക പക്ഷത്തിന് മേൽക്കൈ നൽകുന്നുണ്ട്..

കഴിഞ്ഞ വിമത യോഗത്തിൽ പങ്കെടുത്ത തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഖേദമറിയിച്ച് ഔദ്യോഗിക ചേരിയിലേക്ക് മടങ്ങി. ആലപ്പുഴ, മലപ്പുറം ജില്ലാ പ്രസിഡന്റുമാരാണ് ഇപ്പോൾ വിമത പക്ഷത്തുള്ളത്. കൊല്ലം, പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാരുടെയും ഇടുക്കി ജില്ലയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റിന്റെയും പിന്തുണയും അവർ അവകാശപ്പെടുന്നു. വിമതരെ പിന്തുണയ്ക്കുന്ന ജില്ലാ പ്രസിഡന്റുമാർക്കെതിരെ നടപടിയെടുക്കാതെയുള്ള തന്ത്രപരമായ നീക്കമാണ് ഔദ്യോഗികപക്ഷത്തിന്റേത്. അവരെയും കൂടെ നിറുത്താനാകുമെന്ന പ്രതീക്ഷയിലാണവർ.

ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ ഷേക് പി. ഹാരിസിനും സുരേന്ദ്രൻ പിള്ളയ്ക്കുമെതിരെ നടപടിയെടുക്കണമെങ്കിൽ ദേശീയ എക്സിക്യുട്ടീവിന്റെയും കൗൺസിലിന്റെയും അനുമതി വേണമെന്നാണവർ ചൂണ്ടിക്കാട്ടുന്നത്. സസ്പെൻഷൻ പോലുള്ള നടപടിക്ക് മുമ്പ് ദേശീയ നേതൃത്വവുമായി ആശയവിനിമയം നടത്തിയില്ല. സംസ്ഥാന സമിതി ചേരാതെ, സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്ത യോഗം അച്ചടക്ക നടപടിയെടുത്തത്. സംഘടനാവിരുദ്ധമാണെന്നും വിമതപക്ഷം പറയുന്നു.

സംസ്ഥാനഘടകത്തിലെ പ്രശ്നങ്ങൾ കാട്ടി വറുഗീസ് ജോർജും കെ.പി. മോഹനനും താനുമടക്കമുള്ളവർ നേരത്തേ ദേശീയ നേതൃത്വത്തിന് നൽകിയ കത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും, അന്ന് കത്തിലൊപ്പുവച്ച വറുഗീസ് ജോർജ് നിലപാട് മാറ്റി സംസ്ഥാന അദ്ധ്യക്ഷനൊപ്പം ചേർന്ന് പാർട്ടിയെ ജനതാദൾ-എസിൽ ലയിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കാട്ടി ഷേക് പി. ഹാരിസ് ദേശീയാദ്ധ്യക്ഷൻ ശരദ് യാദവിന് കത്തയച്ചു. ദേശീയ ജനറൽസെക്രട്ടറിയെന്ന നിലയിൽ വറുഗീസ് ജോർജിന്റെ റിപ്പോർട്ടാകും ദേശീയ നേതൃത്വം മുഖവിലയ്ക്കെടുക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LJD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA