SignIn
Kerala Kaumudi Online
Friday, 26 April 2024 4.30 PM IST

ശ്രുതിയിലുറങ്ങി, ഗാനശലഭം; ബിച്ചു തിരുമല വിടവാങ്ങി

bichu-

ബിച്ചു തിരുമല (1942 - 2021)​

തിരുവനന്തപുരം: ലളിതമധുരമായ ഗാനങ്ങൾ മലയാളിയുടെ കരളിൽ അമൃതമഴയായി വർഷിച്ച ബിച്ചു തിരുമല (79) ഓർമ്മകളിൽ അനശ്വരനായി. കവിതയുടെ സൗന്ദര്യ കൽപ്പനകൾ തേനും വയമ്പുമായി തൂവിയ അയ്യായിരത്തോളം ഗാനങ്ങൾ നൽകിയ ബിച്ചു തിരുമല ഇന്നലെ പുലർച്ചെ 3.45നാണ് വിട വാങ്ങിയത്. ഹൃദയസ്തംഭനമാണ് കാരണം. ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അവസാന നിമിഷങ്ങളിൽ ഭാര്യ പ്രസന്നകുമാരിയും മകൻ സംഗീത സംവിധായകൻ സുമൻ ശങ്കർ ബിച്ചുവും അടുത്തുണ്ടായിരുന്നു.

തിരുമല വേട്ടമുക്കിലെ 'സുമതി'യിൽ ഭൗതികദേഹം പൊതുദർശനത്തിന് വച്ചപ്പോൾ പ്രതികൂല കാലാവസ്ഥയിലും സഹൃദയർ അന്തിമോപചാരമർപ്പിക്കാനെത്തി. വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്‌ക്കരിച്ചു. മകൻ സുമൻ ബിച്ചു അന്ത്യകർമങ്ങൾ നിർവഹിച്ചു

1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്‌കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. പണ്ഡിതനായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള വിളിച്ച പേരാണ് ബിച്ചു. തിരുമലയിലേക്ക് താമസം മാറിയതോടെ ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി, വിജയകുമാർ, ഡോ.ചന്ദ്ര, ശ്യാമ, സംഗീത സംവിധായകൻ ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ.

സുശീലാദേവിക്ക് മത്സരങ്ങൾക്ക് കവിതകളെഴുതിയാണ് കാവ്യജീവിതത്തിന്റെ തുടക്കം. 1962ൽ അന്തർസർവകലാശാല റേഡിയോ നാടക മത്സരത്തിൽ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സംവിധാന മോഹവുമായി ചെന്നൈയിലെത്തി. കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി. 'ശബരിമല ശ്രീധർമ്മശാസ്താവ്' എന്ന ചിത്രത്തിൽ സംവിധാനസഹായി ആയി. അക്കാലത്ത് ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത 'ഭജഗോവിന്ദം' എന്ന സിനിമയിൽ ഉപയോഗിച്ചു. സിനിമ ഇറങ്ങിയില്ലെങ്കിലും 'ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം...' എന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

നടൻ മധു സംവിധാനം ചെയ്ത 'അക്കൽദാമ'യാണ് ബിച്ചു തിരുമലയുടെ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ 'നീലാകാശവും മേഘങ്ങളും...' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു . ശ്യാമിനുവേണ്ടിയാണ് ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ മിക്ക സംഗീത സംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ സംഗീതം നൽകിയ ഏക മലയാള സിനിമയായ 'യോദ്ധ'യിലെ വരികളെഴുതിയതും ബിച്ചുവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BICHU THIRUMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.