SignIn
Kerala Kaumudi Online
Wednesday, 09 July 2025 10.26 PM IST

ഉറച്ച നിലപാടുകളുടെ തോഴൻ

Increase Font Size Decrease Font Size Print Page

vellappally

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ കാൽനൂ​റ്റാണ്ട് പിന്നിടുന്ന വെള്ളാപ്പള്ളി നടേശൻ അസാധാരണമായ നേതൃപാടവമുള്ള അത്ഭുത മനുഷ്യനാണ്. എന്തിനെയും ധൈര്യത്തോടെ നേരിടാനുള്ള കർമ്മശേഷിയും കർമ്മകുശലതയും ഉള്ളയാളാണ് വെള്ളാപ്പള്ളി. അതുകൊണ്ടാണ് സംഘടനയെ ശക്തമായ സാന്നിദ്ധ്യമായി നിലനിറുത്താൻ അദ്ദേഹത്തിന് സാധിക്കുന്നത്. എതിർപ്പുകളൊന്നും തരിമ്പും പോറലേൽപ്പിക്കുന്നില്ലെന്നത് തന്നെ അദ്ദേഹത്തിന്റെ അസാധാരണ കഴിവായി കണക്കാക്കണം. രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകൾ കൊണ്ടാകാം, കോൺഗ്രസിലെ പല നേതാക്കളും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അത്ര നല്ല ബന്ധം പുലർത്തുന്നവരല്ല. രാഷ്ട്രീയ ഭിന്നതകൾ മാത്രമല്ല ഇതിന് കാരണം. കാര്യങ്ങൾ മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുകയും പറഞ്ഞതിൽ ഉറച്ചു നില്‌ക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകളാണ് കോൺഗ്രസിലെ പല നേതാക്കളും അദ്ദേഹത്തോട് അടുപ്പം പുലർത്താത്തതിന് കാരണം. അതേസമയം ഞാനടക്കം വെള്ളാപ്പള്ളിയുമായി ഉ​റ്റ സൗഹൃദബന്ധം പുലർത്തുന്ന ഒട്ടേറെ നേതാക്കളുണ്ട് കോൺഗ്രസിൽ. എസ്.എൻ.ഡി.പി യോഗത്തിന്റെ അമരക്കാരനെന്ന നിലയിൽ വെള്ളാപ്പള്ളിയുടെ മുന്നേ​റ്റത്തിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹത്തെ അഭിനന്ദിക്കാനും പ്രോത്സാഹന വാക്കുകൾ പറയാനും ഒരു മടിയും കാട്ടാത്ത ആളാണ് ഞാൻ.

വർഷങ്ങൾക്ക് മുമ്പേ തന്നെ വെള്ളാപ്പള്ളിയെ പരിചയം ഉണ്ടെങ്കിലും 1984 ൽ ആലപ്പുഴ പാർലമെന്റ് സീ​റ്റിൽ മത്സരിക്കാനെത്തിയപ്പോഴാണ് പരിചയം ദൃഢമായത്. ആലപ്പുഴയിലെ പല കോൺഗ്രസ് നേതാക്കളുമായും വെള്ളാപ്പള്ളിക്ക് അത്ര നല്ല ബന്ധമല്ല അന്നും ഉണ്ടായിരുന്നത്. എന്നാൽ ഡി.സുഗതനെപ്പോലെയുള്ള ചില നേതാക്കളുമായി അടുപ്പമുണ്ടായിരുന്നു. ഞാൻ അന്ന് കണിച്ചുകുളങ്ങരയിലെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ട് സംസാരിച്ചു. എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം നൽകി. 1984 ലും 89 ലും ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എനിക്ക് വിജയിക്കാനായത് വെള്ളാപ്പള്ളിയുടെയും യോഗം പ്രവർത്തകരുടെയും അകമഴിഞ്ഞ സഹായം കൊണ്ടുകൂടിയാണ്. ആ സൗഹൃദം ഇന്നും ഉടവ് തട്ടാതെ തുടരുന്നു.

അസാധാരണമായ നേതൃപാടവമാണ് വെള്ളാപ്പള്ളിയുടെ പ്രത്യേകത. കോൺഗ്രസ് പാർട്ടിയിലെ പല നേതാക്കളും ഇപ്പോഴും വെള്ളാപ്പള്ളിയോട് താത്പര്യമുള്ളവരല്ല. മുമ്പ് കോൺഗ്രസുകാരനായിട്ടും ആർ. ശങ്കറിനും ഇതേ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. വെള്ളാപ്പള്ളിക്ക് ശത്രുക്കളായി ഒരുപാട് പേരുണ്ട്. ഇവർ എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാനായിട്ടില്ല.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹവും ഞാനും തമ്മിൽ ഏർപ്പെട്ട ഒരു പന്തയത്തിന്റെ കഥ വിസ്മരിക്കാനാകില്ല. യു.ഡി.എഫ് 85 ന് മുകളിൽ സീ​റ്റ് നേടി അധികാരത്തിലെത്തുമെന്ന് ഞാൻ പറഞ്ഞു. എന്നാൽ യു.ഡി.എഫിന് 75 സീ​റ്റ് കിട്ടിയാലായി എന്ന് വെള്ളാപ്പള്ളി ഉറപ്പിച്ചു പറഞ്ഞു. ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നപ്പോഴാണ് വെള്ളാപ്പള്ളി ഈ വിഷയത്തിൽ പന്തയത്തിന് ക്ഷണിച്ചത്. പന്തയത്തിൽ തോല്‌ക്കുന്നയാൾ ജയിക്കുന്നയാളുടെ വീട്ടിലെത്തി സ്വർണമോതിരം നൽകണമെന്നായിരുന്നു വ്യവസ്ഥ. അത് ഇരുവർക്കും സ്വീകാര്യമായിരുന്നു. രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ സ്വാഭാവികമാണെങ്കിലും അതെച്ചൊല്ലി രണ്ടുപേർ ഒരു പന്തയത്തിലേക്ക് പോയത് പൊതുസമൂഹത്തിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും കൗതുകമുണർത്തി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ വെള്ളാപ്പള്ളിയുടെ പ്രവചനമാണ് ശരിയായത്. 72 സീ​റ്റ് മാത്രമാണ് യു.ഡി.എഫിന് കിട്ടിയത്. പന്തയത്തിൽ തോൽവി സമ്മതിച്ച ഞാൻ പന്തയ വ്യവസ്ഥ പ്രകാരം വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി നവരത്നം പതിച്ച രണ്ടുപവന്റെ മോതിരം സമ്മാനിച്ചു. ഭാര്യ പ്രീതി നടേശന്റെ സാന്നിദ്ധ്യത്തിലാണ് വെള്ളാപ്പള്ളിയുടെ വിരലിൽ മോതിരം അണിയിച്ചത്. പന്തയത്തിൽ തോ​റ്റതിൽ ദു:ഖം ഉണ്ടെങ്കിലും വാക്കിന് സ്വർണത്തെക്കാൾ വില കൽപ്പിക്കുന്നതിനാൽ പറഞ്ഞ വാക്ക് പാലിക്കുകയാണെന്ന് ഞാൻ പറഞ്ഞു. യു.ഡി.എഫ് ഭരണം രണ്ട് വർഷം തികയ്ക്കില്ലെന്ന് പറഞ്ഞ് പുതിയൊരു പന്തയത്തിന് വെള്ളാപ്പള്ളി എന്നെ ക്ഷണിച്ചെങ്കിലും ഞാൻ ഒഴിഞ്ഞുമാറി. ഭൂരിപക്ഷം കുറവായതിനാൽ മന്ത്രിസഭ താഴെ വീഴില്ലെന്നും ഐക്യത്തോടെ പ്രവർത്തിച്ചാൽ അത് സാദ്ധ്യമാകുമെന്നും ഞാൻ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് കാലം തെളിയിക്കുകയും ചെയ്തു.

2007 ൽ വെള്ളാപ്പള്ളിയുടെ സപ്തതി ആഘോഷം കണിച്ചുകുളങ്ങരയിൽ പ്രൗഢഗംഭീരമായ പരിപാടികളോടെയാണ് നടന്നത്. വി.എം സുധീരന് വെള്ളാപ്പള്ളിയുമായുണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ കാരണം കോൺഗ്രസിൽ നിന്ന് ആരും സപ്തതി ചടങ്ങിൽ പങ്കെടുക്കേണ്ടെന്നായിരുന്നു തീരുമാനം. എന്നാൽ ആ വിലക്ക് വകവെയ്ക്കാതെയാണ് ഞാൻ പങ്കെടുത്തത്. ചെറിയ അഭിപ്രായവ്യത്യാസങ്ങളും തെ​റ്റിദ്ധാരണകളുമാണ് നേതാക്കൾ വിട്ടുനിൽക്കാൻ കാരണമായത്. പക്ഷെ ഞാനതൊന്നും കാര്യമാക്കിയതേയില്ല. ഞാനെന്നും എനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്തിട്ടുള്ളയാളാണ്. കേരളത്തിലെ നേതാക്കളൊക്കെ വിട്ടുനിന്നുവെങ്കിലും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ അമ്പരപ്പിച്ചു കൊണ്ട് കോൺഗ്രസ് ദേശീയ നേതാവും അന്ന് കേന്ദ്രമന്ത്റിയുമായിരുന്ന മണിശങ്കർ അയ്യർ സപ്തതി സമ്മേളനത്തിൽ പങ്കെടുക്കുകയും വെള്ളാപ്പള്ളിക്ക് ആശംസകൾ നേരുകയും ചെയ്തു.

കോൺഗ്രസിനെക്കാളുപരി എന്നും ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടുന്നയാളാണ് വെള്ളാപ്പള്ളി. അതദ്ദേഹത്തിന്റെ രാഷ്ട്രീയമായ വിശ്വാസമാകാം.

യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ വെള്ളാപ്പള്ളിയുടെ ഉയർച്ചയുടെ ഓരോ ഘട്ടത്തിലും ഞാൻ നേരിട്ടും അല്ലാതെയും അഭിനന്ദനങ്ങൾ അറിയിക്കുകയും ആശംസകൾ നേരുകയും ചെയ്യാറുണ്ട്. ഇപ്പോൾ എനിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ഫോണിലൂടെ അദ്ദേഹത്തെ ബന്ധപ്പെടുകയും ജന്മദിനാശംസകൾ നേരുകയും ചെയ്യാറുണ്ട്. സൗഹൃദത്തിന്റെ ഭാഗമായി മുമ്പ് പല പ്രാവശ്യം അദ്ദേഹത്തിന്റെ വസതിയിൽ പോയിട്ടുണ്ട്. രുചിയുള്ള ഭക്ഷണവും കഴിച്ചിട്ടുണ്ട്.

എസ്.എൻ ട്രസ്​റ്റ് സെക്രട്ടറി എന്ന നിലയിൽ കാൽനൂ​റ്റാണ്ട് പിന്നിട്ട അദ്ദേഹത്തിന് ട്രസ്​റ്റിന് കീഴിൽ ഇനിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കഴിയുമെന്നതിൽ സംശയമില്ല. അത് അദ്ദേഹം സാദ്ധ്യമാക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.


(ലേഖകൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറും ഗവർണറുമാണ് )

TAGS: VELLAPPALLY, VELLAPPALLY NATESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.