SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

മുല്ലപ്പെരിയാർ: തമിഴ്‌നാട് ജലം കൊണ്ടുപോകൽ മണിക്കൂറുകളോളം നിറുത്തി

Increase Font Size Decrease Font Size Print Page

mullaperiyar

 ജലനിരപ്പ് 142 അടിയിലെത്തിക്കുക ലക്ഷ്യം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിക്കുന്നതിന്റെ ഭാഗമായി ,തമിഴ്‌നാട് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് ജലം കൊണ്ടുപോകുന്നത് മണിക്കൂറുകളോളം നിറുത്തി.

വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ ,ഇന്നലെ ഉച്ചയോടെ ജലം കൊണ്ടുപോകുന്നത് പൂർണമായും നിറുത്തുകയായിരുന്നു. ഇതോടെ ജലനിരപ്പ് 141.85 അടിയിലെത്തി. രാത്രി ഏഴ് മണിയോടെ, സെക്കൻഡിൽ 900 ഘനയടി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. തുറന്നിരിക്കുന്ന മൂന്നാം നമ്പർ ഷട്ടറിലൂടെ ശരാശരി 140.66 ഘനയടി ജലം സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്നുണ്ട്. സെക്കൻഡിൽ ശരാശരി 1779.11 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് കൂടി നിൽക്കുമ്പോൾ രാത്രി മഴയെത്തിയാൽ ഷട്ടർ കൂട്ടത്തോടെ തുറക്കേണ്ട അവസ്ഥയുണ്ടാകും. ഇത് പെരിയാർ തീരത്ത് വലിയ തോതിൽ വെള്ളം കയറാനും നാശത്തിനും കാരണമാകുമെന്ന് ആശങ്കയുണ്ട്.

മൂലമറ്റത്തെ ജനറേറ്റർ പ്രവർത്തനം തുടങ്ങി
മൂലമറ്റം ഭൂഗർഭ ജലവൈദ്യുത നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ തകരാർ പരിഹരിച്ചു. ഇതോടെ ഉത്പാദനം പരമാവധിയിലേക്ക് വീണ്ടും ഉയർത്തി.24ന് ഉച്ചയ്ക്ക് ജനറേറ്ററിന്റെ സ്‌ഫെറിക്കൽ വാൽവിൽ ചോർച്ച കണ്ടെത്തിയതോടെ പ്രവർത്തനം നിറുത്തിയത്. 70 ടണ്ണിലധികം ഭാരമുള്ള വാൽവിന്റെ റബർ ബുഷിലുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് കാരണം. അറ്റകുറ്റപ്പണികൾ പോലും ഒഴിവാക്കി തുടർച്ചയായി ജനറേറ്ററുകൾ പ്രവർത്തിക്കുന്നതിനാൽ ഇനിയും തകരാറുകൾക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകിട്ടോടെ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ് 2400.64 അടിയായി.

TAGS: MULLAPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY