കളമശേരി: പൈപ്പ് ലൈനിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ മുകളിൽ നിന്ന് താഴേക്ക് വീണ് കണങ്കാലിലെ എല്ല് പൊട്ടി പുറത്തു വന്നയാൾക്ക് മുറിവാണെന്നു പറഞ്ഞ് സ്റ്റിച്ചിട്ടു. ഏലൂർ പാതാളം ഇ.എസ്.ഐ ആശുപത്രിയിലാണ് സംഭവം. മഞ്ഞുമ്മൽ ഉഴുന്നു കാട്ടിൽ വീട്ടിൽ ബാബു (55) ഫാക്ട് പെട്രോ കെമിക്കൽ പ്ലാന്റിൽ കരാർജോലി ചെയ്യുമ്പോഴാണ് വീണ് ഗുരുതരമായി പരിക്കേറ്റത്.
ഒക്ടോബർ 29 ന് രാവിലെ 10 ന് അപകടമുണ്ടായ ഉടനെ ഇ.എസ്.ഐ.സി. ആശുപത്രിയിൽ എത്തിച്ചു. രണ്ടു തവണയായി മാറി മാറി എക്സറേ എടുത്തു. വേദന കൊണ്ടു പുളയുന്ന രോഗിയോട് വലിയ കുഴപ്പമൊന്നും കാണുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. നെഞ്ചിനും നടുവിനും രണ്ടു കാലിനും സഹിക്കാനാവാത്ത വേദനയാണെന്നു പറഞ്ഞപ്പോൾ രണ്ടു തവണ എല്ലാ ഭാഗത്തേയും എക്സറേ എടുത്തിട്ടും ഒടിവും പൊട്ടലും കണ്ടു പിടിച്ചില്ല. മുറിവാണെന്നു പറഞ്ഞ് സ്റ്റിച്ചിടുകയും ചെയ്തു. കാലിന് വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ ഡ്രസിംഗ് റൂമിലെ ജീവനക്കാരൻ കാല് താഴേക്കിട്ടതായ് ബാബു പറയുന്നു. പിന്നീട് വൈകിട്ട് 4 ന് അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്തു. രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നപ്പോൾ പുറത്തു നിന്ന് ആംബുലൻസും വിളിക്കേണ്ടി വന്നതായ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നു.
പരാതി കിട്ടിയാൽ അന്വേഷിച്ച് നടപടി എടുക്കും
പ്രേംലാൽ, മെഡിക്കൽ സൂപ്രണ്ട്
ഇ.എസ്.ഐ.സി ,പാതാളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |