SignIn
Kerala Kaumudi Online
Wednesday, 09 September 2026 7.40 AM IST

കെ-റെയിലിനെതിരെ 18ന് ജില്ലകളിൽ യു.ഡി.എഫ് മാർച്ചും ധർണയും

k-rail-and-udf

തിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയായ കെ-റെയിലിനെതിരെ ഡിസംബർ 18ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും പാത കടന്നുപോകുന്ന മറ്റ് പത്ത് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കും ജനകീയ മാർച്ചും ധർണയും നടത്താൻ യു.ഡി.എഫ് തീരുമാനം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാകും സമരമെന്ന് മുന്നണി യോഗ തീരുമാനങ്ങൾ വിശദീകരിച്ച കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജനങ്ങളെ വില്ലേജടിസ്ഥാനത്തിൽ സംഘടിപ്പിച്ച് പ്രതിരോധസമിതികൾ ഡിസംബർ 10ന് മുമ്പ് രൂപീകരിക്കും. ജില്ലകൾ കേന്ദ്രീകരിച്ച് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും.

പരിസ്ഥിതിയെ തകർക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തിന്റെ കടബാദ്ധ്യത വർദ്ധിപ്പിക്കും. ഭൂചലനവും ഉരുൾപൊട്ടലും വർദ്ധിക്കും. ജലനിർഗമന മാർഗങ്ങൾ അടയും. പഠിച്ച ശേഷമാണ് യു.ഡി.എഫ് ബദൽമാർഗങ്ങൾ നിർദ്ദേശിച്ചത്. സർക്കാർ അത് അവഗണിച്ചു. യു.ഡി.എഫ് വികസനത്തിനെതിരല്ല. നാടിനോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് വേണ്ട.

 യു.ഡി.എഫ് സംഘം അട്ടപ്പാടിയിലേക്ക്

അഞ്ച് ദിവസത്തിനിടെ നാല് ശിശുമരണം നടന്ന അട്ടപ്പാടിയിൽ ഡിസംബർ ആറിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് കക്ഷിനേതാക്കൾ സന്ദർശിച്ച് പ്രതിഷേധ ധർണ നടത്തും.

ആദിവാസി സമഗ്ര ആരോഗ്യപദ്ധതിയുടെ നടത്തിപ്പിന്റെ മറവിൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്ക് കോടികളാണ് കൈമാറുന്നത്. ആരോഗ്യ,സേവനപ്രവർത്തനങ്ങൾ നടത്തുന്നത് സി.പി.എം പ്രവർത്തകരാണ്. പൂർണമായും അതിനെ രാഷ്ട്രീയവത്കരിച്ചു. ശിശുമരണത്തിനുത്തരവാദികളായവർക്കെതിരെ നരഹത്യക്ക് കേസെടുക്കണം. പട്ടികവർഗ ക്ഷേമമന്ത്രി കെ. രാധാകൃഷ്ണൻ കുറ്റസമ്മതമാണ് നടത്തിയതെന്നും ഹസൻ പഞ്ഞു.

പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ യു.ഡി.എഫിന്റെ മാറ്റിവച്ച ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 7, 9 തീയതികളിലായി നടത്തും. യു.ഡി.എഫ് സംവിധാനം പഞ്ചായത്തുതലത്തിൽ ശക്തമാക്കുമ്പോൾ ഘടകകക്ഷികൾക്ക് പ്രദേശത്തെ ശക്തിക്കനുസരിച്ച് പ്രാതിനിദ്ധ്യം നൽകുമെന്നും കൺവീനർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K RAIL AND UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA