കൊല്ലം: അവഗണനയുടെ കാലം കഴിഞ്ഞു, ആഞ്ഞിലിച്ചക്കയ്ക്ക് (അയണിച്ചക്ക) വിപണിയിൽ വൻ ഡിമാൻഡ്. 150 മുതൽ 200 രൂപവരെ വിലയുണ്ട് വിപണിയിൽ. സ്വദേശിയും വിദേശിയുമായ മറ്റ് പഴവർഗ്ഗങ്ങൾ വ്യാപകമായി വിപണിയിൽ ഇടംപിടിച്ചപ്പോഴാണ് ഉയരത്തിൽ നിൽക്കുന്ന ആഞ്ഞിലി മരത്തിന്റെ കായ്കൾ എത്തിപ്പിടിക്കാൻ മലയാളികളുടെ കൈകൾ മറന്നത്. നാവിൻ തുമ്പിൽ മധുരത്തിന്റെ തേനിറ്റിച്ച ആഞ്ഞിലിച്ചക്കയെ മനപ്പൂർവ്വം മറക്കുകയായിരുന്നു.
മേയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് നാട്ടിൽ സുലഭമായി ആഞ്ഞിലിച്ചക്ക കിട്ടിയിരുന്നത്. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധ ഗുണങ്ങളും ഈ നാടൻ പഴത്തിനുണ്ട്. അടർന്നുമാറി വേർപെട്ടുപോകാതെ പഴുത്ത ഒരു ആഞ്ഞിലിച്ചക്ക കൈയിൽ കിട്ടുവാൻ കൊതിച്ച ഒരുപാട് അവധിക്കാലങ്ങൾ പിന്നിട്ടുപോയിട്ടുണ്ട്. മാമ്പഴക്കാലത്തിലും പ്രിയമുണ്ടായിരുന്ന ആഞ്ഞിലിച്ചക്കയ്ക്ക് പ്രിയം കുറഞ്ഞതിന് പിന്നാലെ കിട്ടാക്കനിയായി ഇത് മാറിയത് ആരും ശ്രദ്ധിച്ചില്ല. നവമാദ്ധ്യമങ്ങളിലൂടെ ആഞ്ഞിലിച്ചക്കയ്ക്ക് അടുത്തകാലത്ത് കൂടുതൽ പ്രചാരം ലഭിച്ചു. ന്യൂജൻ പിള്ളേരാണ് ഇത് കൂടുതൽ ഷെയർ ചെയ്തത്. അതോടെ ആഞ്ഞിലിച്ചക്കയ്ക്ക് ഡിമാന്റ് തുടങ്ങി. ആഞ്ഞിലി മരത്തിന്റെ തടിക്ക് നല്ല കാതലായതിനാൽ ഫർണിച്ചറുകൾക്കും കട്ടള നിർമ്മാണത്തിനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. തടിക്കായി പഴയ മരങ്ങളൊക്കെ മുറിച്ച് മാറ്റിയതോടെ നാട്ടിൻപുറങ്ങളിലും ആഞ്ഞിലിച്ചക്ക ലഭിക്കാതെയായി. ഇപ്പോൾ തൃശൂരിലാണ് കൂടുതൽ ആഞ്ഞിലിച്ചക്ക ഉത്പാദനമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും ചക്ക പോകുന്നുണ്ട്. വഴിയോരങ്ങളിലും പഴക്കടകളിലുമൊക്കെ വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ആഞ്ഞിലിച്ചക്ക പൊന്നുംവില കൊടുത്ത് വാങ്ങി വീട്ടിലേക്ക് കൊണ്ടുപോവുകയാണിപ്പോൾ. ആഞ്ഞിലിച്ചക്ക സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാറും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |