SignIn
Kerala Kaumudi Online
Wednesday, 09 September 2026 7.46 AM IST

മനംനിറയെ മകരജ്യോതി, മലനിറഞ്ഞ് ഭക്തർ

mala

ശബരിമല: ശബരീശന്റെ പൂങ്കാവനത്തിൽ കാത്തുനിന്ന ഭക്തലക്ഷങ്ങൾക്ക് സുകൃതദർശനമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഇന്നലെ വൈകിട്ട് അയ്യപ്പസ്വാമിയെ തിരുവാഭരണങ്ങൾ അണിയിച്ച് ശ്രീകോവിൽ തുറന്ന് ദീപാരാധന നടത്തിയതിന് തൊട്ടുപിന്നാലെ 6.49നാണ് കിഴക്കേ ചക്രവാളത്തിൽ ജ്വലിച്ചുയർന്ന മകരസംക്രമ നക്ഷത്രത്തിനൊപ്പം പൊന്നമ്പലമേട്ടിൽ ഇടവിട്ട് മൂന്നുതവണ മകരദീപവും തെളിഞ്ഞത്.

പുലർച്ചെ മുതൽ സന്നിധാനത്തേക്ക് ഭക്തരുടെ പ്രവാഹമായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ശ്രീകോവിലിൽ മകരസംക്രമപൂജാ ചടങ്ങുകൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ആരംഭിച്ചു. സംക്രമസമയമായ 2.29ന് കവടിയാർ കൊട്ടാരത്തിൽനിന്ന് ആചാരപരമായി എത്തിച്ച മുദ്ര യിലെ നെയ്യ് അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം ചെയ്തു. ചടങ്ങുകൾ പൂർത്തിയാക്കി അടച്ച ശ്രീകോവിൽ നട വൈകിട്ട് 5 ന് തുറന്നു. തിരുവാഭരണ പേടകങ്ങളെ ശരംകുത്തിയിൽ സ്വീകരിക്കാനുള്ള സംഘത്തെ തന്ത്രി ഭസ്മവും ശ്രീകോവിലിൽ പൂജിച്ച മാലയും അണിയിച്ച് യാത്രയാക്കി. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ പേടകങ്ങൾ അഞ്ചരയോടെ ശരംകുത്തിയിലെത്തി. പേടകങ്ങളിൽ മാലയണിയിച്ച് സ്വീകരിച്ച് വാദ്യമേളങ്ങളുടെയും ആരതിയുടെയും അകമ്പടിയോടെ സോപാനത്തേക്ക് ആനയിച്ചു. ഭക്തസഹസ്രങ്ങൾ ശരണാരവം മുഴക്കി കാത്തുനിൽക്കെ തിരുവാഭരണങ്ങൾ അടക്കംചെയ്ത പ്രധാന പേടകം പതിനെട്ടാംപടി കയറിയെത്തിയപ്പോൾ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു.

പേടകം ശ്രീകോവിലിലേക്ക് തന്ത്രിയും മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി നടയടച്ചു. തിരുവാഭരണങ്ങൾ അണിയിച്ച് നടതുറന്ന് ദീപാരാധന നടത്തിയതിന് തൊട്ടുപിന്നാലെ കിഴക്കേ ചക്രവാളത്തിൽ ജ്വലിച്ചുയർന്ന മകരസംക്രമ നക്ഷത്രത്തിനൊപ്പം പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ഇടവിട്ട് തെളിഞ്ഞു. ഇതോടെ പൂങ്കാവനമാകെ ശരണഘോഷങ്ങൾ നിറഞ്ഞു.

19 വരെ ശബരിമല ദർശനം നടത്താം. 20ന് രാവിലെ നട അടച്ച ശേഷം തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളം കൊട്ടാരത്തിലേക്ക് മടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA