വിഴിഞ്ഞം: വളർത്തുമകളുടെ കൊലപാതകത്തിന്റെ പിന്നിൽ തങ്ങളാണെന്ന ആരോപണം കള്ളമാണെന്ന് തെളിഞ്ഞതിന്റെയും യഥാർത്ഥ പ്രതികളെ പിടികൂടിയതിന്റെയും സന്തോഷത്തിലാണ് മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻ വീട്ടിൽ ആനന്ദൻ ചെട്ടിയാരും ഗീതയും. 2021 ജനുവരി 14നാണ് ഇവരുടെ വളർത്തുമകൾ ഗീതു കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതിനെ തുടർന്ന് അന്വേഷണം വീട്ടുകാരിലേക്ക് തിരിയുകയായിരുന്നു. ആനന്ദൻ ചെട്ടിയാരെയും ഗീതയെയും പൊലീസ് നിരവധിതവണ ചോദ്യം ചെയ്തു.
കുറ്റം ഏറ്റെടുക്കാനായി പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നും ഉള്ളംകാലിൽ ചൂരൽ കൊണ്ടടിക്കുകയും വിവസ്ത്രനാക്കി മണിക്കൂറുകളോളം നിറുത്തി പരിശോധനയും പീഡനവും നടത്തിയതായും ആനന്ദൻ പറഞ്ഞു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് ഗീത പറയുന്നത്. ഇവരുടെ സഹോദരപുത്രനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. കസേര നിലത്തടിച്ച് പൊട്ടിക്കുകയും കൈവിരലുകളിൽ സൂചി കുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. കേട്ടാലറയ്ക്കുന്ന വാക്കുകൾ പറഞ്ഞു. സഹോദരന്റെ മകനെയും ഭാര്യയെയും കൈക്കുഞ്ഞിന് പാല് പോലും കൊടുക്കാൻ സമ്മതിക്കാതെ മണിക്കൂറുകളോളം സ്റ്റേഷനിൽ പിടിച്ചിരുത്തിയെന്നും ഗീത പറയുന്നു. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന റഫീഖാ ബീവിയെയും മകനെയും പൊലീസ് രണ്ടു ദിവസം കഴിഞ്ഞാണ് ചോദ്യം ചെയ്തത്. പൊലീസിന്റെ മാനസിക പീഡനത്തെത്തുടർന്നും സഹോദരന്റെ മകനെ കേസിൽ കുടുക്കുമെന്ന ഭയത്താലും കുറ്റം സ്വയം ഏറ്റെടുക്കേണ്ട സ്ഥിതിവരെ എത്തിയെന്ന് ഗീത പറഞ്ഞു. ഇതിനിടെ ഗീത കാൻസർ ബാധിതയായി ഈ സമയത്തും പൊലീസെത്തി നുണ പരിശോധനയ്ക്കുള്ള രേഖകൾ ഒപ്പിട്ടുവാങ്ങി. ഇത് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
ഒരു വർഷം കഴിഞ്ഞ് അടുത്ത കൊല
കോവളം മുട്ടയ്ക്കാട് ചിറയിൽ ഗീതു കൊല്ലപ്പെട്ട് ഒരു വർഷം തികയുന്ന ദിവസമാണ് മുല്ലൂരിൽ ശാന്തകുമാരിയെന്ന വീട്ടമ്മ കൊല്ലപ്പെടുന്നത്. രണ്ട് സംഭവത്തിലെയും പ്രതികൾ ഒന്നു തന്നെയാണ്. ഗീതുവിന്റെ മരണം പ്രതികളിലൊരാളുമായുള്ള അടുപ്പം മറയ്ക്കാനാണെങ്കിൽ മുല്ലൂരിലേത് സ്വർണാഭരണങ്ങൾ കൈക്കലാക്കാനായിരുന്നു. തലയിൽ ചുറ്റികകൊണ്ട് അടിച്ചായിരുന്നു രണ്ട് കൊലപാതകങ്ങളും നടന്നത്. രണ്ടുകൊലപാതകങ്ങളും തെളിഞ്ഞതും ഒരേ ദിവസമായിരുന്നു. ചുറ്റിക, സ്ക്രൂ ഡ്രൈവർ, പ്ലെയർ തുടങ്ങിയ ടൂൾകിറ്റുകൾ കൊണ്ടു നടക്കുന്ന സ്വഭാവക്കാരിയായിരുന്നു റഫീഖാ ബീവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |