കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടുസാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നൽകി. ഫോൺരേഖകൾ വിളിച്ചുവരുത്താനും അനുമതി നൽകിയിട്ടുണ്ട്.പത്ത് ദിവസത്തിനകം പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് രണ്ട് ഹർജികളാണ് പ്രോസിക്യൂഷൻ നൽകിയത്. എട്ട് സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷ നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. മൊബൈൽ ഫോൺ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്ന ആവശ്യവും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ നൽകിയ എല്ലാ ഹർജികളും ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അതിനിടെ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനുളള നടപടികളുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോവുകയാണ്. മുഖ്യപ്രതി പൾസർ സുനി 2018ൽ ജയിലിൽവച്ച് എഴുതിയ കത്തിനെക്കുറിച്ചും വിശദമായി അന്വേഷിക്കും. കത്ത് താൻ തന്നെ എഴുതിയതാണെന്ന് സുനി സമ്മതിച്ചിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പരാമർശിക്കുന്ന വി ഐ പിയെ കണ്ടെത്താനായി ശബ്ദ സാമ്പിളുകൾ പരിശോധിക്കും. ഈ മാസം 20നകം തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ നൽകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |