തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ സ്കൂളുകളിൽ സജ്ജമാക്കിയ വാക്സിൻ കേന്ദ്രങ്ങളിലൂടെ 27,087 കുട്ടികൾ വാക്സിൻ എടുത്തു. ഇതോടെ 15നും 18നും ഇടയിൽ വാക്സിൻ എടുത്തവർ 57 ശതമാനം (8,668,721) ആയി. 947 സ്കൂളുകളിലാണ് വാക്സിൻ കേന്ദ്രങ്ങൾ ഒരുക്കിയത്. ആദ്യ ദിനമായ ഇന്നലെ 125 സ്‌കൂളുകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. ഇന്നു മുതൽ കൂടുതൽ സ്കൂളുകളിൽ വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി വീണാജോർജ് അിയിച്ചു. തിരുവനന്തപുരം മണക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 500ൽ കൂടുതൽ വാക്സിനെടുക്കാനുള്ള കുട്ടികളുള്ള സ്‌കൂളുകളിലെ വാക്സിനേഷൻ പൂർത്തിയായതിനുശേഷം അതിന് താഴെ കുട്ടികളുള്ള സ്‌കൂളുകളിലെ വാക്സിനേഷൻ സെഷനുകൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ലസ്റ്ററുകളായ സ്‌കൂളുകളിലെ വാക്സിനേഷൻ സ്‌കൂൾ തുറന്ന ശേഷമായിരിക്കും നടത്തുക. കൊവിഡ് വന്ന കുട്ടികൾക്ക് മൂന്ന് മാസത്തിന് ശേഷം വാക്സിനെടുത്താൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.
വേദനിക്കുവോ സിസ്റ്ററേ...
വാക്സിൻ എടുക്കാനെത്തിയ പ്ളസ് വൺ വിദ്യാർത്ഥി അസ്മിന അലറിക്കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ ആർ.എം.ഒയും ടീച്ചർമാരും നഴ്സുമാരുമൊക്കെ വന്നു. കൂട്ടുകാരിയുടെ കരച്ചിൽ കണ്ട് ചില കണ്ണുകളെങ്കിലും പേടിയോടെ വാക്സിനിലേക്ക് നോക്കി. ചിലർ വന്ന കരച്ചിൽ അടക്കിപ്പിടിച്ചു, മറ്റു ചിലരുടെ വേദന പുറത്തുവന്നത് കണ്ണീരിന്റെ രൂപത്തിലായിരുന്നു. മണക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചില വാക്സിനേഷൻ കാഴ്ചകളാണിത്. സ്‌കൂളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 200 ഓളം കുട്ടികൾ ഇന്നലെ വാക്സിനെടുത്തു. അറുന്നൂറോളം കുട്ടികളാണ് ഇനി വാക്സിനെടുക്കാനുള്ളത്.
ജില്ലയിൽ വാക്സിനെടുത്തത് 1815 കുട്ടികൾ
തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 1,815 കുട്ടികളാണ് സ്‌കൂളുകൾ വഴി കൊവിഡ് പ്രതിരോധ കുത്തിയവയ്‌പ്പെടുത്തത്. മണക്കാട് ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ്, വെഞ്ഞാറമൂട് ജി.എച്ച്.എച്ച്.എസ്, കീഴാറൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, വിതുര ഹയർ സെക്കൻഡറി സ്‌കൂൾ, അയിരൂർ എം.ജി.എം സ്‌കൂൾ, പാളയംകുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, വെള്ളറട വേലായുധ മെമ്മോറിയൽ എച്ച്.എസ്, ചക്രപാണി പുരം എസ്.എൻ.എച്ച്.എസ്.എസ് , നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്‌കൂൾ, ജഗതി റോട്ടറി സ്‌പെഷ്യൽ സ്‌കൂൾ, തേമ്പാമ്മൂട് ജനത എച്ച്.എസ്.എസ്, മീനാങ്കൽ ഹൈസ്‌കൂൾ എന്നീ സ്‌കൂളുകളിലാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചത്.