SignIn
Kerala Kaumudi Online
Sunday, 20 September 2026 12.33 AM IST

അനുസ്‌മരണമില്ലാതെ പ്രിയ കവയിത്രിക്ക് പിറന്നാൾ ഓർമ്മ  ഇന്നലെ സുഗതകുമാരിയുടെ 88ാം ജന്മദിനം

p

തിരുവനന്തപുരം: സഹജിവികളോടു കലർപ്പില്ലാതെ സ്നേഹം പങ്കുവച്ച് ഓർമ്മയായ കവയിത്രി സുഗതകുമാരിയുടെ 88-ാം ജന്മദിനം ഇന്നലെ കടന്നുപോയത് അനുസ്മരണങ്ങളില്ലാതെ. കൊവിഡ് വ്യാപനത്തെ തുടർന്നാണ് അനുസ്‌മരണങ്ങൾ ഒഴിവാക്കിയത്. കഴിഞ്ഞവർഷം 'സുഗതം സുന്ദരം" എന്ന പേരിൽ പലയിടങ്ങളിലും സുഗതകുമാരിയുടെ ഓർമ്മയ്‌ക്കായി വൃക്ഷത്തൈ നട്ടിരുന്നു. മരിച്ചതിന് ശേഷം രണ്ടാമത്തെ ജന്മദിനമാണിത്. തിരുവനന്തപുരം നന്ദാവനത്തുള്ള സുഗതകുമാരിയുടെ വീടായ 'വരദ" ഇന്ന് അനാഥത്വത്തിന്റെ നൊമ്പരത്തിലാണ്.

അമ്മയില്ലാതെയുള്ള ജന്മദിനം നൊമ്പരമാണെന്ന് മകൾ ലക്ഷ്‌മി ദേവി 'കേരളകൗമുദി" യോട് പറഞ്ഞു. ജന്മദിനദിവസം അടുത്ത ബന്ധുക്കളെല്ലാം ഒത്തുകൂടി ഉച്ചയ്‌ക്ക് സദ്യ കഴിക്കുമായിരുന്നു. 2018ൽ 84ാം പിറന്നാൾ ആഘോഷിച്ചിരുന്നു. ആ വർഷമാണ് അമ്മയുടെ സഹോദരി സുജാതാദേവി മരിച്ചത്. പിന്നീടുള്ള ജന്മദിനങ്ങൾ അമ്മ ആഘോഷിച്ചിട്ടില്ലെന്നും ലക്ഷ്‌മി പറഞ്ഞു.

അഭയയുടെ സെക്രട്ടറിയായി സുഗതകുമാരിക്ക് പകരം പ്രവർത്തിക്കുന്നതും ലക്ഷ്‌മി ദേവിയാണ്. അഭയ, അത്താണി, ബോധി എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെല്ലാം സുഗതകുമാരിയുടേതിന് സമാനമായാണ് ഇപ്പോഴും നടക്കുന്നത്. കൊവിഡായതിനാൽ രണ്ട് വർഷമായി മൂന്നിടത്തുമെത്തുന്ന രോഗികൾ ഉൾപ്പെടെയുളളവരുടെ എണ്ണം കുറവാണ്.

സിൽവർ ലൈനിന്റെ പേരിൽ തെരുവ് യുദ്ധം നടക്കുമ്പോൾ സുഗതകുമാരി ഇല്ലാത്തതിന്റെ വിഷമത്തിലാണ് കേരള പരിസ്ഥിതി ഐക്യവേദിയുടെ കോ-കൺവീനറായ ശ്രീധർ രാധാകൃഷ്‌ണൻ. വിഷയങ്ങളിൽ ടീച്ചറെടുത്ത റോൾ ഇനി ആർക്കും ഏറ്റെടുക്കാൻ കഴിയില്ല. ഒരു വിഷയം വന്നാൽ ഒരുമിച്ച് പഠിച്ച് പ്രതികരിക്കണമെന്നാണ് ടീച്ചർ നൽകിയ പാഠമെന്നും ശ്രീധർ ഓർക്കുന്നു.

 വാക്ക് പാലിക്കാതെ സർക്കാരും നഗരസഭയും

സുഗതകുമാരിയുടെ ഓർമ്മയ്‌ക്കായി സംസ്ഥാനത്തെ 100 കലാലയമുറ്റങ്ങളിൽ നാട്ടുമാന്തോപ്പുകൾ സ്ഥാപിക്കുമെന്ന് കൃഷി മന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാർ പ്രഖ്യാപിച്ചിരുന്നു. ചില സ്‌കൂളുകളിൽ ഇതിന്റെ ഉദ്ഘാടനം നടന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. സുഗതകുമാരിയുടെ വീടിനോട് ചേർന്നുള്ള മ്യൂസിയം - നന്ദാവനം - ബേക്കറി ജംഗ്ഷൻ റോഡിന് കവയിത്രിയുടെ പേര് നൽകുമെന്ന നഗരസഭയുടെ ഒരു വർഷം മുമ്പുള്ള പ്രഖ്യാപനവും ജലരേഖയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUGATHA KUMARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA