''ആളു മാറിയതല്ല, സാറിനെത്തന്നെയാണ് വിളിച്ചത്"" എന്നു പറഞ്ഞ് അമ്യാർ കാര്യം വിശദീകരിച്ചപ്പോഴാണ്, ടെലിവിഷനിൽ പത്തുപതിനെട്ടു വർഷങ്ങൾ മുമ്പ് എന്റെ നേതൃത്വത്തിലുള്ള പനോരമ ടെലിവിഷൻ, അങ്ങാടി സാമാനം തൊട്ട് മിക്സിയും ഗ്രൈൻഡറും വരെ സമ്മാനം നൽകുന്ന സൂര്യകാന്തി, റെയിൻബോ തുടങ്ങിയ ചില പോപ്പുലർ ഗെയിം ഷോകൾ ഒരുക്കിയിരുന്ന കാര്യം ഞാനോർക്കുന്നത്. ദമ്പതികളും സ്ത്രീജനങ്ങളുമൊക്കെ പങ്കെടുത്ത ആ ഷോകളിലെ മുഖ്യആകർഷണം തന്നെ സമ്മാനമായി കൊടുത്ത, പതിനായിരവും ഇരുപതിനായിരവും വില വരുന്ന സാധനസാമഗ്രികളായിരുന്നു. എന്നെ വിളിച്ച അമ്യാരും കുടുംബസമേതം പല തവണ ഷോയിൽ പങ്കെടുത്തിരുന്നുവെന്നും, അപ്പോഴൊക്കെ പെട്ടി ഓട്ടോ പിടിച്ചാണ് അരിച്ചാക്കും മല്ലിപ്പൊടിയും മിക്സിയും ചിരവയും കുട്ടിച്ചക്രവും കൊച്ചുപിച്ചാത്തിയുമൊക്കെ മഠത്തിലേക്ക് കൊണ്ടുപോയതെന്നും പറഞ്ഞപ്പോൾ, ഞാൻ തലയിൽ കൈവെച്ചിരുന്നുപോയി.! ശിവനേ..!
ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്ളവേഴ്സ് ചാനലിൽ പ്രസീദ ചാലക്കുടി എന്ന പ്രശസ്ത നാടൻപാട്ടു ഗായികയുമായി 'ഒരു കോടി" ഗെയിമിനിടയിൽ, ഷോ അവതാരകനായ ആർ. ശ്രീകണ്ഠൻ നായർ, അദ്ദേഹത്തിനു വന്ന ഒരു ഫോൺ കോളിനെക്കുറിച്ച് പറയുന്നതുകേട്ടു. അതും ഒരു വൃദ്ധയായ വീട്ടമ്മയുടേതു തന്നെ. ''എനിക്ക് അവിടെ വന്ന് ഗെയിം കളിക്കാനൊന്നും മേലാ, ദാരിദ്ര്യമാണ്, ഒരു കോടിയൊന്നും വേണ്ട. മോന് ഒരു അൻപതിനായിരമെങ്കിലും ഇങ്ങു തന്നു കൂടെ."" എന്നാണ് ആ അമ്മച്ചിയുടെ ചോദ്യം. ശ്രീകണ്ഠൻ ചേട്ടൻ തൊഴുതുകൊണ്ടു പറയുന്നതുകേട്ടു: ''ഇത് ബുദ്ധി ഉപയോഗിച്ച് കളിക്കാനുള്ള ഒരു ഗെയിം ഷോയാണ്. വെറുതെ ആർക്കും പണം കൊടുക്കാനുള്ളതല്ല. ദയവു ചെയ്ത് അമ്മച്ചി കാര്യം മനസ്സിലാക്കണം.""
രണ്ട്
എന്റെ അറിവിലും ഓർമയിലും അമിതാഭ് ബച്ചന്റെ 'കോൻ ബനേഗാ ക്രോർപതി" ആണ് പണം കൊയ്യാനുള്ള ആദ്യത്തെ ഇന്ത്യൻ ടെലിവിഷൻ ഷോ. 2000 ജൂലൈ 3 നാണ് അത് സോണി എന്റർടൈൻമെന്റ് നെറ്റ് വർക്കിൽ ആരംഭിച്ചത്. 1998 ൽ ഐ.ടി. വി നെറ്റ് വർക്കിൽ ഡേവിഡ് ബ്രിഗ്സും മൈക് വൈറ്റ്ഹിലും വെൻനൈറ്റും ചേർന്ന് സൃഷ്ടിച്ചെടുത്ത്, ക്രിസ് ടെറന്റ് അവതരിപ്പിച്ച 'ഹൂ വാണ്ടഡ് ടു ബീ എ മില്യനർ" എന്ന ബ്രിട്ടീഷ് ഗെയിം ഷോ ആയിരിക്കാം ഇത്തരത്തിൽ ആദ്യത്തേത്. മലയാളത്തിൽ പിന്നീട് സുരേഷ്ഗോപിയുടെ 'നിങ്ങൾക്കുമാകാം കോടീശ്വരൻ" തരംഗം സൃഷ്ടിച്ചു. മുകേഷും ഇതുപോലുള്ള ഒരു പണക്കളിയിൽ ഉണ്ടായിരുന്നു എന്നാണോർമ... പിന്നീട് എത്രയോ പണപ്പെട്ടി തുറക്കുന്ന ഗെയിം ഷോകൾ. ഉടൻ പണം, പടം പണം, ചിരിപ്പണം ഇങ്ങനെ പല രൂപത്തിൽ അവ ഇപ്പോഴും നമ്മുടെ ടെലിവിഷൻ സ്ക്രീനുകളിൽ നിറഞ്ഞു നിൽക്കുന്നു...
2003ലാണ് സൂര്യ ടിവിയിൽ നിന്ന് പനോരമയ്ക്ക് 'സൂര്യകാന്തി"എന്ന പ്രതിദിന ഗെയിം ഷോ പരിപാടി തുടങ്ങാൻ കോൺട്രാക്ട് ലഭിക്കുന്നത്. തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിന്റെ ഫ്ളോറിൽ വലിയ സെറ്റൊക്കെയിട്ടാണ് പൈലറ്റ് എപ്പിസോഡ് ആറു കാമറകൾ വച്ച് ഷൂട്ട് ചെയ്തത്. സദസിൽ മത്സരാർത്ഥികളായി നൂറോളം സ്ത്രീ പുരുഷന്മാർ. പലരും ദമ്പതിമാർ. റെസിഡൻസ് അസോസിയേഷനുകൾ മുഖേനയാണ് അവർ വന്നെത്തിയത്. സ്പൂണിൽ ചെറുനാരങ്ങ കടിച്ചു പിടിച്ചു നടക്കുക, കാലിൽ ബലൂണുകൾ കെട്ടി വെച്ച് അന്യോന്യം ചവുട്ടിപ്പൊട്ടിക്കുക. ഗ്ലാസ് ടംബ്ളറിലെ ഗോതമ്പ് പൊടിയിലൊളിപ്പിച്ച നാണയങ്ങൾ ഊതിയൂതി പുറത്തെടുക്കുക തുടങ്ങിയ ബാലിശ കൗതുക കലാനടനങ്ങൾ! ഒപ്പം 'സാമൂഹിക വിജ്ഞാനം" പരിശോധിക്കുന്ന ചില ചോദ്യോത്തരങ്ങളും.
എല്ലാവരും ആസ്വദിച്ച് തന്നെയാണവയിൽ പങ്കെടുത്തത്... പിന്നീട് 'പനോരമ"യുടെ സ്റ്റുഡിയോ ഫ്ളോറിലാണ് കുറേക്കാലം സൂര്യകാന്തി അരങ്ങേറിയത്. 2006ൽ കൈരളി ടി.വിക്കുവേണ്ടി 'റെയിൻബോ" എന്ന ഗെയിംഷോ നിർമിച്ചപ്പോഴും ചേരുവകൾ ഇതൊക്കെത്തന്നെ. ശരതിനേയും ആര്യയേയും പോലെ യുവത്വവും ഉന്മേഷവുമുള്ള അവതാരകർ വന്നു ചേർന്നു എന്നതു കാര്യങ്ങൾ ഒന്നുകൂടി ഉഷാറാക്കി... സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ കമ്പനികളുടെ നീണ്ട നിര. അരിക്കമ്പനികളും അലക്കുപൊടിക്കാരും മസാലക്കച്ചവടക്കാരും ഒക്കെ തങ്ങളുടെ ഡിസ്പ്ലേ കാർഡുകളുമായി പനോരമയിലേക്കു കടന്നുവന്നു.... സ്റ്റുഡിയോ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഒരു വലിയ മുറി ഇത്തരം പലവ്യഞ്ജനങ്ങളുടെ ഗോഡൗണായി മാറി...! പുറത്ത് നിരത്തിൽ കമ്പനികളിൽ നിന്നുള്ള സാധനങ്ങളുമായി ഊഴം വച്ചെത്തുന്ന മിനിലോറികൾ, ട്രക്കുകൾ...!!
മൂന്ന്
ആ സമയങ്ങളിലൊക്കെ അമിതാഭ് ബച്ചൻ ടിവിയിൽ കറൻസികൾ വാരിയെറിഞ്ഞു കളിച്ചുകൊണ്ടിരുന്നു! റിസർവ് ബാങ്കിന്റെ കറൻസി സമ്മാന നിയമങ്ങളറിയാത്തതിനാലാവാം. ഞങ്ങളിൽ പലരും പ്രൊഡക്ട് ഗിഫ്ടുകളിലൊതുങ്ങി നിന്നു. അതെന്തായാലും സ്റ്റുഡിയോ സജീവമായ ഉത്സവനാളുകളായിരുന്നു... വെറും ഗെയിം ഷോ മാത്രമായിരുന്നില്ല. സെലിബ്രിറ്റികളും ഗായകരും നടന്മാരുമൊക്കെ അതിഥികളായി വന്ന് മത്സരാർത്ഥികളോടും സദസിനോടും സംവദിച്ചു. ആദ്യ എപ്പിസോഡിൽത്തന്നെ അതിഥി ശ്രീലേഖ ഐ.പി.എസായിരുന്നു. പിന്നീട് പലപ്പോഴായി ഗായകരായ ജ്യോത്സന, വിധു പ്രതാപ്, അഖില ആനന്ദ്, രാകേഷ് ബ്രാഹ്മാനന്ദൻ, അപർണ, മജീഷ്യൻമാരായ സാമ്രാജ്, മനു പൂജപ്പുര, കവികൾ, മിമിക്രിക്കാർ... അങ്ങനെ നിര നീണ്ടു. അവതാരകരായി എത്തിയവരിൽ പലരും പിന്നീട് സീരിയലിലും സിനിമയിലും ശ്രദ്ധേയമുഖങ്ങളായി. അല്പം ഹാസ്യം ചേർത്ത് അവതരിപ്പിക്കാൻ പറ്റിയ ചെറുപ്പക്കാരെ കണ്ടെത്താനുള്ള ചുമതല ഏൽപ്പിച്ചത് പ്രൊഡക്ഷൻ കൺട്രോളറായ മനു ശ്രീകണ്ഠപുരത്തെയായിരുന്നു.
മനു ആ കർമം ഉത്സാഹപൂർവ്വം നിർവ്വഹിച്ചു. ചിറയിൻകീഴുകാരൻ അനീഷ് അങ്ങനെയാണ് സ്റ്റുഡിയോയിലെത്തുന്നത്. അനീഷ് കസറിക്കയറി. പിറകേ അനൂപ് ശിവസേവൻ വന്നു. ഇരുവരും ഇന്ന് ശ്രദ്ധേയ സീരിയൽ നടന്മാർ. കൗമുദി ടി.വി.യിലെ 'അളിയൻസി" ലെ മികച്ച വേഷത്തിൽ അനീഷിപ്പോൾ തിളങ്ങുന്നു. അതുപോലെ ശരത് മാരി, അനിൽ എസ്. ഭദ്രൻ, സിന്ധു ശ്രീധർ, സൂര്യ. എസ്. നായർ, ലക്ഷ്മി, ശില്പ മുരളി, ആര്യ, ശ്രീലക്ഷ്മി തുടങ്ങി ഒട്ടേറെ ശ്രദ്ധേയരായ അവതാരകർ... പലരും ഇന്നും സജീവമായി ടെലിവിഷൻരംഗത്തുണ്ട്...
നാല്
ഏതാണ്ട് അക്കാലത്തുതന്നെയാണ് സുഹൃത്ത് ശങ്കർ ഹിമഗിരി എഡിറ്ററായ കേരളകൗമുദി ഓണപ്പതിപ്പിലേക്ക് 'കലികാൽ" എന്ന ഒരു നോവലെറ്റ് ഞാനെഴുതുന്നത്. മാറുന്ന പണക്കൊഴുപ്പിന്റെ ടെലിവിഷൻ സംസ്കാരത്തിൽ, കലികാൽ ടി.വി. ഉദയം ചെയ്യുന്നതാണ് സംഭവം. പ്രേക്ഷകരുടെ താത്പര്യത്തിനനുസരിച്ചുള്ള പരിപാടികളെന്ന പേരിലുള്ള വൈവിദ്ധ്യവത്ക്കരണം, കമ്പോളത്തിന്റെ അധമമായ താത്പര്യം, അവതാരകരുടെ അശ്ളീലമായ വസ്ത്രധാരണം, സംഭാഷണരീതി, പരിപാടികളിലെ സംസ്കാരശൂന്യത, സീരിയലുകളുടെ അപഭ്രംശം ഇതൊക്കെ ഒരു പത്തിരുപതു കൊല്ലങ്ങൾക്കിപ്പുറം കണ്ടാണ് ഞാൻ ആ നോവലെറ്റെഴുതിയത്. എന്നാൽ അത്രയൊന്നും കാത്തിരിക്കേണ്ടി വന്നില്ല എന്നത് സമീപകാലചരിത്രം..! ഇങ്ങനെ പോയാൽ എന്താവും നമ്മുടെ ടെലിവിഷൻ ലോകം എന്ന് ഈയിടെ സാത്വികനായ ഒരു സുഹൃത്ത് വല്ലാതെ ഖിന്നനായി. ഞാൻ ചിരിച്ചുകൊണ്ട് പതിയെ പറഞ്ഞു: ക്ഷമിക്കൂ ചങ്ങാതീ, ഞങ്ങൾ കളി തുടങ്ങിയിട്ടല്ലേ ഉള്ളൂ...!
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |