നിപഭീതിയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ കേരളം ഭയന്ന് വിറച്ച കാലത്ത് സധൈര്യം മുന്നിട്ടിറങ്ങി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയെ രാഷ്ട്രീയം മറന്ന് അഭിനന്ദിച്ചവർ ഏറെയാണ്. കഴിഞ്ഞ ദിവസം ഹൃദ്രോഗം ബാധിച്ച ഒരു ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ ജീവൻ രക്ഷിക്കണമെന്ന് ഫേസ്ബുക്കിലൂടെ പിതാവിന്റെ അപേക്ഷ കിട്ടിയ മാത്രയിൽ ജീവൻ രക്ഷിക്കാനായി മന്ത്രി നടപടികൾ സ്വീകരിക്കുകയായിരുന്നു. ആരോഗ്യമന്ത്രിയുടെ ഈ ശ്രദ്ധയ്ക്കും കരുതലിനും സോഷ്യൽ മീഡിയ ഒന്നാകെ കൈയ്യടിക്കുകയാണിപ്പോൾ. ഈ അവസരത്തിൽ നിപ്പ കേരളത്തെ ഭയപ്പെടുത്തിയ നാളുകളിൽ സ്വന്തം ജീവൻ പണയപ്പെടുത്തി സേവനം ചെയ്ത നഴ്സ് ലിനിയുടെ ഭർത്താവായ സജീഷ് പുത്തൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോഗ്യമന്ത്രി കെ.കെ.ഷൈലജക്കുറിച്ച് എഴുതുന്നു. ലിനിയില്ലാത്ത തങ്ങളുടെ ജീവിതത്തിൽ തണലായി മാറി നൽകിയ കരുതലിനെയും സ്‌നേഹത്തെയും കുറിച്ച് സജീഷ് എഴുതിയ കുറിപ്പ് വൈറലാവുകയാണ്. നമ്മൾ ചിന്തിക്കുന്നതിനു മുൻപേ കാര്യങ്ങൾ മനസിലാക്കാനും അത് നടപ്പിലാക്കാനും ഉളള മന്ത്രിയുടെ മനസും കഴിവും അഭിനന്ദിക്കേണ്ടത് തന്നെയാണെന്ന് സജീഷ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ടീച്ചർ അമ്മ....
നമ്മൾ ചിന്തിക്കുന്നതിനു മുൻപെ കാര്യങ്ങൾ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിന്ദിക്കേണ്ടത് തന്നെ ആണ്.
നിപ കാലത്ത് റിതുലിനും സിദ്ധാർത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങൾ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോൾ ടീച്ചറുടെ പ്രത്യേക നിർദ്ദേശ പ്രകാരം അവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസോലോഷൻ വാർഡിലേക്ക് മാറ്റുകയുണ്ടായി. രവിലെ ആകുമ്പോഴേക്കും അവരുടെ പനി മാറിയിരുന്നു. പക്ഷെ അന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കൾക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാർത്ത ആയിരുന്നു. ഈ ഒരു അവസരത്തിൽ മക്കൾക്ക് പനി മാറിയതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചർ വിളിച്ച് പറഞ്ഞ കാര്യങ്ങൾ ഒരിക്കലും മറക്കില്ല
ടീച്ചറുടെ വാക്കുകൾ ' മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്. അവർ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്. എന്നാലും നാലു ദിവസത്തെ ഒബ്സർവേഷൻ കഴിഞ്ഞെ വിടാൻ കഴിയു. ലിനിയുടെ മക്കൾ ഞങ്ങളുടെയും മക്കളാണ്. അവർക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതൽ ഞങ്ങൾ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്'
ടീച്ചറുടെ ഈ സ്‌നേഹവും വാക്കും കരുതലും തന്നെയാണ് അന്ന് ഞങ്ങൾക്ക് കരുത്ത് ആയി നിന്നത്.
ഇന്നും ആ അമ്മയുടെ സ്‌നേഹം ഞങ്ങളോടൊപ്പം ഉണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |