തിരുവനന്തപുരം: സ്കൂൾ ബസുകളിൽ ജി.പി.എസ് നിർബന്ധമാക്കുന്ന സുരക്ഷാമിത്ര പദ്ധതി ഈ അദ്ധ്യയന വർഷം മുതൽ നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ജി.പി.എസ് സംവിധാനം ഘടിപ്പിച്ച ശേഷം അത് മോട്ടോർവാഹന വകുപ്പിനെ അറിയിച്ച് ടാഗ് ചെയ്യണം. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരത്തിലിറങ്ങാൻ അനുവദിക്കില്ല. കഴിഞ്ഞ വർഷമാണ് സ്കൂൾ ബസുകളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ പദ്ധതി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഈ അലംഭാവത്തെ കുറിച്ച് മേയ് 5ന് കേരളകൗമുദി 'കുട്ടികളുടെ സുരക്ഷയിൽ സർക്കാരിനു ഒട്ടുമില്ല ശ്രദ്ധ ! എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്നാണ് നടപടിക്ക് വേഗത കൈവന്നത്.
എപ്രിൽ ഒന്നിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള മറ്റ് നിർദ്ദേശങ്ങളും ഇതോടൊപ്പം നടപ്പിലാക്കും. എല്ലാ വാഹനങ്ങളിലും സ്പീഡ് ഗവർണർ ഘടിപ്പിക്കണമെന്നതാണ് അതിൽ പ്രധാനം. വാഹനങ്ങളുടെ ടയറുകളുടെ കാര്യക്ഷമത, ലൈറ്റുകൾ, വൈപ്പർ ബ്ലേഡുകൾ, എമർജൻസി ഡോറുകൾ, ഡോർ ഹാൻഡിലുകൾ, കർട്ടനുകൾ, കുട്ടികളുടെ ഇരിപ്പിടം, പഠന സാമഗ്രികൾ വയ്ക്കുന്ന ഇടം തുടങ്ങിയവ പരിശോധിക്കണമെന്ന് ആർ.ടി.ഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്രൈവർമാർക്ക് ഒരു ദിവസത്തെ അവബോധന ക്ലാസ് നൽകും. ക്ളാസിൽ പങ്കെടുക്കുന്നവരെ മാത്രമെ സ്കൂൾ ബസ് ഓടിക്കാൻ അനുവദിക്കൂ. കുട്ടികളുമായി പോകുന്ന കരാർ വാഹനങ്ങൾ ഓൺ സ്കൂൾ ഡ്യൂട്ടി എന്ന് എഴുതി പ്രദർശിപ്പിക്കണം.
സുരക്ഷാമിത്രയുടെ ഗുണങ്ങൾ
സ്‌കൂൾ ബസുകളുടെ വേഗം, യാത്രാപഥം തുടങ്ങിയവ കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാനാവും
കുട്ടികൾക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാൽ വാഹനത്തിലെ ബസ്സർ അമർത്തിയാൽ അടുത്തുള്ള മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്നു സഹായം ലഭിക്കും.
യാത്രയ്ക്കിടെ അപകടമുണ്ടായാൽ ഉടൻ കൺട്രോൾ റൂമിൽ വിവരം ലഭിക്കും.
ബസ് 40 ഡിഗ്രിയിൽ കൂടുതൽ ചരിഞ്ഞാൽ അപായസന്ദേശം പ്രവർത്തിക്കും.
വേഗം കൂട്ടിയാലും ജി.പി.എസ് വേർപെടുത്തിയാലും കൺട്രോൾ റൂമിൽ വിവരമെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |