മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽക്കണ്ട് വോട്ട് തേടി തൃക്കാക്കര മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. മുൻപ് മമ്മൂട്ടിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ആദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിൽക്കണ്ടത് ആദ്യമായിട്ടാണെന്ന് ജോ ജോസഫ് പ്രതികരിച്ചു.
ഫേസ്ബുക്കിൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കുറച്ച് സമയത്തിനുള്ളിൽ മമ്മൂട്ടിയുമായി ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും അദ്ദേഹം എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തെന്നും ജോ ജോസഫ് കുറിച്ചു.
നേരത്തെ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസും മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. കോൺസ്റ്റിറ്റ്യുവൻസിക്ക് കൂടുതൽ ഫെമിലിയറായ ആളാണ് നല്ലതെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ ആ മനസും വോട്ടും പിന്തുണയുമായി കൂടെയുണ്ടെന്ന് ബോദ്ധ്യമായെന്ന് ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മഹാനടനോടൊപ്പം...
ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരിക്കൽ ഒരു പുരസ്കാരം ഏറ്റുവാങ്ങുവാൻ അവസരം ലഭിച്ചിട്ടുണ്ട്. വേദികൾ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്. ഒരു പാട് സന്തോഷം തോന്നി.
കുറച്ച് സമയത്തിനുള്ളിൽ ഒരുപാട് വിഷയങ്ങൾ, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ അദ്ദേഹവുമായി പങ്കുവയ്ക്കാൻ സാധിച്ചു. കൊച്ചി മേയറും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സ. എം അനിൽ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നൽകി.
മഹാനടന് നന്ദി ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |