SignIn
Kerala Kaumudi Online
Monday, 05 October 2026 11.26 PM IST

പരീക്ഷാ ക്രമക്കേട്: അദ്ധ്യാപകനെതിരെ നടപടി

kerala-university

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. ബിരുദ പരീക്ഷയ്ക്ക് മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി നൽകിയ അദ്ധ്യാപകനെ സർവകലാശാലയുടെ പരീക്ഷാച്ചുമതലകളിൽ നിന്ന് സ്ഥിരമായി ഡീബാർ ചെയ്യാനും പുനഃപരീക്ഷ നടത്താൻ ചെലവായ തുക ഈ അദ്ധ്യാപകനിൽ നിന്ന് ഈടാക്കാനും ഇന്നലെ ചേർന്ന സിൻഡിക്കേ​റ്റ് യോഗം തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും ഇക്കാര്യം റിപ്പോർട്ട് ചെയ്യും. അദ്ധ്യാപകന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പി.വി.സി ഡോ.പി.പി.അജയകുമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബി.എ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷയിലാണ് മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ അതേപടി ഉപയോഗിച്ചത്.

ബി.എസ്‌സി ഇലക്ട്രോണിക്സിലെ സിഗ്നൽസ് ആൻഡ് സിസ്റ്റംസ് പ്രത്യേക പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയ സംഭവത്തിൽ പരീക്ഷാ കൺട്രോളറെയും കൺട്രോളറുടെ കോൺഫിഡൻഷ്യൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും താക്കീത് ചെയ്യാനും പുനഃപരീക്ഷ നടത്താനുള്ള തുക ഇവരിൽ നിന്ന് ഈടാക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്നും എന്ത് ശിക്ഷാനടപടി സ്വീകരിച്ചെന്ന് ഉടൻ റിപ്പോർട്ട് നൽകാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വി.സിയോട് ആവശ്യപ്പെട്ടിരുന്നു. തിരക്കിട്ട് പരീക്ഷകൾ നടത്തേണ്ടി വന്നത് മൂലമുണ്ടായ അബദ്ധമാണെന്ന വി.സിയുടെ വിശദീകരണം ഗവർണർ തള്ളിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA