കൊച്ചി: മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ നിർമ്മാണ ജോലികൾ ഒക്ടോബറിൽ പൂർത്തിയാകും. കൊച്ചിയിലെ മരടിലും നെട്ടൂരിലുമുള്ള പടുകൂറ്റൻ സെറ്റുകളിൽ മാമാങ്കത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തിരുനാവായിലെ ഭാരതപ്പുഴയുടെ തീരത്ത് 16,17 നൂറ്റാണ്ടുകളിൽ നടന്നിരുന്ന മാമാങ്കത്തിന്റെ കഥ പറയുന്ന സിനിമയിലെ യുദ്ധരംഗങ്ങൾ ഉൾപ്പെടെ ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കറിലുള്ള സെറ്റിലാണ്. പത്തു കോടി രൂപയോളം ചെലവിട്ട് 2000 ത്തോളം തൊഴിലാളികൾ മൂന്നു മാസം കൊണ്ടാണ് സെറ്റ് തയ്യാറാക്കിയത്. നിളയുടെ തീരത്തെ മാമാങ്ക നിലപാടു തറയും ചേർന്നുള്ള വ്യാപാര ശാലകളുമാണ് ഇവിടെ.
വലിയ കോട്ടവാതിലിനെ അനുസ്മരിപ്പിക്കുന്ന കവാടവും സാമൂതിരി എഴുന്നള്ളി ഇരിക്കുന്ന മേടയുമൊക്കെ തയ്യാറാക്കിയിട്ടുണ്ട്. മരടിലെ എട്ടേക്കറിൽ നിർമ്മിച്ച കൊട്ടാര സമാനമായ മാളികയാണ് മറ്റൊരു വിസ്മയം. അഞ്ച് കോടിയോളം രൂപ ചെലവിട്ട് ആയിരത്തോളം തൊഴിലാളികൾ നാലു മാസം കൊണ്ടാണ് മാളികയുടെ സെറ്റ് തയ്യാറാക്കിയതെന്ന് നിർമ്മാതാവ് വേണു കുന്നപ്പള്ളി പറഞ്ഞു. വൈപ്പിൻ ചെറായി സ്വദേശിയായ വേണുവിന് ഗൾഫിലും കേരളത്തിലും ബിസിനസ് സ്ഥാപനങ്ങളുണ്ട്. മരടിലെ സെറ്റിലെ ചിത്രീകരണം പൂർത്തിയായി.
40 നാൾ നീളുന്ന അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. ആയിരത്തിലേറെ ഭടന്മാർ ഉൾപ്പെടുന്ന യുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്ന തിരക്കിലാണ് സംവിധായകൻ എം.പദ്മകുമാറും കാമറാമാൻ മനോജ് പിള്ളയും. ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, അച്യുതൻ ബി.നായർ, പ്രാച്ചി തെഹ്‌ലാൻ, അനു സിത്താര, കനിഹ, ഇനിയ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കർ രാമകൃഷ്‌ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |