
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മിൽ പുതിയ സംഭവമല്ലെന്നും കാലങ്ങളായി തുടരുന്ന ഒന്നാണെന്നും കെകെ രമ ആരോപിച്ചു. 2005-06 കാലഘട്ടത്തിൽ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനെന്ന പേരിൽ 25 കോടി രൂപയിലധികം പാർട്ടി പിരിച്ചിരുന്നു. 'വരാനിരിക്കുന്ന രക്തസാക്ഷികൾക്ക് കൂടി' വേണ്ടിയുള്ള ഫണ്ട് എന്ന നിലയിലാണ് അന്ന് ഇത് പിരിച്ചതെങ്കിലും പിന്നീട് ഇതിന്റെ കണക്കുകൾ എവിടെയും ലഭ്യമായിട്ടില്ലെന്നും രമ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
50 വർഷത്തോളം പാർട്ടിക്കായി പ്രവർത്തിച്ച വി. കുഞ്ഞികൃഷ്ണൻ പാർട്ടിക്കുള്ളിലെ പോരാട്ടം പരാജയപ്പെട്ടപ്പോഴാണ് ജനങ്ങളോട് സത്യം വെളിപ്പെടുത്തിയത്. പൊതുജനങ്ങളിൽ നിന്ന് പിരിച്ച പണമായതിനാൽ അതിന്റെ കണക്ക് അറിയാൻ സമൂഹത്തിന് അവകാശമുണ്ട്. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾ ആക്രമിക്കുന്നതും വാഹനങ്ങൾ കത്തിക്കുന്നതും പയ്യന്നൂർ പോലുള്ള പാർട്ടി ഗ്രാമങ്ങളിൽ പാർട്ടിയുടെ അറിവോടെയേ നടക്കൂ. ഒഞ്ചിയത്ത് തങ്ങൾ നേരിട്ടതിന് സമാനമായ സാഹചര്യമാണിതെന്നും രമ ചൂണ്ടിക്കാട്ടി. പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ, "കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ" എന്നും കെകെ രമ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |