
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ വീണ്ടും എസ്‌ഐടി ചോദ്യം ചെയ്തു. ഈ മാസം 24ന് തിരുവനന്തപുരത്തെ എസ്‌ഐടിയുടെ ഓഫീസിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇത് രണ്ടാം തവണയാണ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്. നേരത്തെ ചോദ്യം ചെയ്യലിനായി എത്താൻ ആവശ്യപ്പെട്ടെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പ്രശാന്തിന് സാധിച്ചിരുന്നില്ല.
സ്വർണക്കൊള്ളയിൽ പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്റെ സൂചനകൾ എസ്‌ഐടിക്ക് ലഭിച്ചതായാണ് വിവരം. ദ്വാരപാലക പാളികൾ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ഉൾപ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് നിഗമനം. പാളികൾ കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്നത്തെ ദേവസ്വം മരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറെ മാറ്റി പകരം അസി.എക്സിക്യൂട്ടീവ് എൻജിനിയർക്ക് ചുമതല നൽകിയതും ദേവസ്വം വിജിലൻസിനെ അറിയിക്കാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമെന്നാണ് അനുമാനം.
കഴിഞ്ഞമാസം രഹസ്യകേന്ദ്രത്തിൽ വച്ചായിരുന്നു പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന്റെ തലേദിവസമായിരുന്നു ഇത്. ദ്വാരപാലക ശില്പം സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും കൃത്യമായ ഉത്തരം നൽകിയെന്നും അന്നത്തെ ചോദ്യം ചെയ്യലിന് പിന്നാലെ പ്രശാന്ത് പ്രതികരിച്ചിരുന്നു. സ്റ്റേറ്റ്‌മെന്റ് എടുക്കുന്നത് പൂർത്തിയായെന്നും ഇനി എസ്‌ഐടിക്ക് മുന്നിൽ പോകേണ്ടി വരില്ലെന്നും പ്രതികരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |