SignIn
Kerala Kaumudi Online
Tuesday, 05 July 2022 12.58 PM IST

ചിറ്റയം വിളിച്ചിട്ട് മന്ത്രി വീണ ജോർജ് ഫോൺ എടുക്കാത്തതിന് പിന്നിലെ യഥാർത്ഥ കാരണം മറ്റൊന്ന്? കത്തിലെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്

veena-george-chittayam

പ്രധാനമന്ത്രിയുടെ ഫോണിലേക്ക് ഒന്നു വിളിച്ചുനോക്കൂ. കോൾ എടുക്കാനും സംസാരിക്കാനും ആളുണ്ടാകും. മുഖ്യമന്ത്രിയുടെ ഫോണിലേക്ക് വിളിച്ചാലും മറുപടികിട്ടും. നമ്മുടെ മിക്ക മന്ത്രിമാരുടെയും ഫോണിലേക്ക് വിളിച്ചാലും ഇങ്ങനെ തന്നെയാണ്. ഫോൺ എടുത്തില്ലെങ്കിൽ തിരിച്ചു വിളിക്കുന്ന മന്ത്രിമാരുണ്ട്. മന്ത്രിമാർ പരിപാടികളിലാണെങ്കിൽ പി.എമാർ ഫോണെടുക്കും. മന്ത്രി പ്രോഗ്രാമിലാണെന്ന് അറിയിക്കും. പിന്നീട് മന്ത്രിമാർ തന്നെ തിരിച്ചു വിളിച്ച് കാര്യം അന്വേഷിക്കുന്ന എത്രയോ അനുഭവങ്ങളുണ്ട്.

പക്ഷെ, നമ്മുടെ ആരോഗ്യമന്ത്രി വീണാജോർജിന്റെ കാര്യം അങ്ങനെയല്ലെന്നാണ് പൊതുവെയുള്ള വർത്തമാനം. വിളിച്ചാൽ ഫോണെടുക്കാത്ത കേരളത്തിലെ ആദ്യ മന്ത്രിയേതെന്ന് പി.എസ്.സി പരീക്ഷയിൽ ചോദിച്ചു നോക്കൂ, ആലോചിച്ചിരിക്കാതെ കളം കറുപ്പിച്ച് അടുത്ത ചോദ്യത്തിലേക്ക് കടക്കാം. ആരോഗ്യമന്ത്രിയെ വിളിച്ചാൽ ഫോണിൽ കിട്ടില്ലെന്ന് ആദ്യം പറഞ്ഞത് പത്തനംതിട്ടയിലെ മാദ്ധ്യമ പ്രവർത്തകരാണ്. മന്ത്രി അതു നിഷേധിച്ചുകൊണ്ടേയിരുന്നു. ഇതുകേട്ട് പിന്നെയും മന്ത്രിയെ വിളിച്ചുകൊണ്ടിരുന്നവർ നിരാശരായി. ഇനി മന്ത്രിയെ വിളിക്കേണ്ട എന്നു തീരുമാനിച്ചവരുണ്ട്. ഇക്കാര്യം ഭരണകക്ഷി നേതാക്കളുമായി മാദ്ധ്യമപ്രവർത്തകർ സംസാരിച്ചപ്പോഴാണ് ആശ്വാസം വന്നത്. മന്ത്രിയുടെ പാർട്ടിക്കാർ വിളിച്ചാലും മന്ത്രി ഫോണെടുക്കാറില്ലത്രേ.

പാർട്ടി സമ്മേളനങ്ങളിൽ മന്ത്രി ഫോണെടുക്കാത്തതിനെപ്പറ്റി ചർച്ചകളുണ്ടായി. ബ്രാഞ്ച് തലം മുതലുള്ള സമ്മേളനത്തിൽ പ്രവർത്തകർ ഇതു ചർച്ചയാക്കി. ലോക്കലും കടന്ന് ഏരിയാ സമ്മേളനത്തിൽ എത്തിയപ്പോൾ ജില്ലാ സെക്രട്ടറി കണ്ണുരുട്ടി. 'പാർട്ടിയംഗമായി താഴേത്തട്ടിൽ നിന്ന് വന്നയാളല്ല മന്ത്രി. നമ്മുടെ പാർട്ടിയിലേക്ക് വന്ന് നേരിട്ട് എം.എൽ.എയും മന്ത്രിയുമായതാണ്. പാർട്ടി പ്രവർത്തനത്തിൽ പരിചയം കുറവാണ്. അതുകൊണ്ട് മന്ത്രിയെ ആരും വിമർശിക്കരുത്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും' - സെക്രട്ടറിയുടെ വാക്കുകൾ അന്തിമവിധിയായി കണ്ട് പ്രവർത്തകർ അടങ്ങി. എല്ലാം പുറമേയ്ക്ക് ശാന്തമായിരുന്നെങ്കിലും മന്ത്രിയുടെ പ്രവർത്തനശൈലിക്കെതിരെ മുറുമുറുപ്പ് ഘടകകക്ഷികളിലേക്കും പടർന്നു. ഒടുവിൽ മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയിലെ പ്രമുഖനായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചു. വിളിച്ചാൽ മന്ത്രി ഫോണെടുക്കില്ല, തിരിച്ചുവിളിക്കില്ല എന്നതു മാത്രമല്ല ഡെപ്യൂട്ടി സ്പീക്കറുടെ പരാതി. പത്തനംതിട്ട ജില്ലയിലെ എം.എൽ.എമാരെ ഏകോപിച്ചുകൊണ്ടുപോകേണ്ട മന്ത്രി എന്ന നിലയിൽ വീണാ ജോർജ് വൻ പരാജയമാണെന്നു കൂടി തുറന്നടിച്ചു.

ചിരിച്ച ചിത്രവും വിളിക്കാത്ത കല്യാണവും

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന എന്റെ കേരളം പ്രദർശന മേളയുടെ മേൽനോട്ടച്ചുമതലയുള്ള മന്ത്രി ഡെപ്യൂട്ടി സ്പീക്കറെ മേളയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ല. അദ്ധ്യക്ഷ സ്ഥാനത്തേക്ക് നോട്ടീസിൽ തന്റെ ചിരിച്ച ചിത്രം വച്ചതല്ലാതെ ക്ഷണിച്ചില്ലെന്നായിരുന്നു ചിറ്റയത്തിന്റെ പരാതി. കാളവണ്ടിയിൽ സിനിമാ പോസ്റ്റർ വിതരണം ചെയ്തിരുന്ന കാലത്തേതു പോലെ പോസ്റ്റർ കണ്ട് സിനിമയ്ക്ക് പോകുന്നയാളല്ല താനെന്ന് ചിറ്റയം കടുപ്പിച്ചു പറഞ്ഞു. ചിറ്റയം പ്രതിനിധീകരിക്കുന്ന അടൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ആരോഗ്യ വകുപ്പിന്റെ പരിപാടികൾ അറിയിക്കുന്നില്ലെന്നും അദ്ദേഹം പരിഭവപ്പെട്ടു. മന്ത്രിയെ ക്യാബിനറ്റ് റാങ്കിലുള്ള ഡെപ്യൂട്ടി സ്പീക്കർ പരസ്യമായി വിമർശിച്ച സംഭവം ഇടതു മുന്നണിയിൽ പുതിയ വിവാദമായി. പ്രതികരിക്കാതിരുന്ന മന്ത്രിയ്ക്ക് സുരക്ഷാ കവചമൊരുക്കി രംഗത്തു വന്നത് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവാണ്. മകളുട‌െ കല്യാണത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് അച്ഛൻ പറയുന്നതുപോലെയാണ് ചിറ്റയത്തിന്റെ പരാതിയെന്ന് ഉദയഭാനുവിന്റെ പ്രത്യാക്രമണം. എന്റെ കേരളം പരിപാടി നട‌ത്തേണ്ട ഉത്തരവാദിത്വം ചിറ്റയത്തിനുമുണ്ടെന്നാണ് സഖാവ് പറഞ്ഞതിന്റെ പൊരുൾ.

മൗനം തുടർന്ന വീണാ ജോർജ് ഇടതുമുന്നണി കൺവീനർക്ക് പരാതി നൽകി. ചിറ്റയത്തിന്റെ ആക്ഷേപം തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രിയുടെ പരാതിയിൽ പറയുന്നു. ഞെട്ടിപ്പിക്കുന്ന ഒരു വിവരം കൂടി ആ കത്തിലുണ്ടായിരുന്നു. ചിറ്റയത്തിന്റെ മണ്ഡലമായ അടൂർ ജനറൽ ആശുപത്രിയിലെ ലൈംഗിക പീഡന പരാതിയിൽ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥരെ സ്ഥലം മാറ്റിയതിലുള്ള വിരോധമാണ് ചിറ്റയത്തിന്റെ ആക്ഷേപത്തിന് പിന്നിലെന്നായിരുന്നു മന്ത്രിയുടെ ആരോപണം. അധികമാരും അറിയാതിരുന്ന ആ പീഡനക്കേസ് എന്തായിരുന്നെന്ന് പൊതുജനസംശയം ശക്തമായി. ആശുപത്രി നഴ്സിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെയാണ് സ്ഥലം മാറ്റിയതെന്ന് അറിയുന്നു. അങ്ങനെയാെരു സംഭവത്തിൽ താൻ ഇടപെട്ടതേയില്ലെന്നാണ് ചിറ്റയം പറയുന്നത്.

ആരെയും കുടുക്കാൻ പറ്റുന്ന കുതന്ത്രമാണ് ലൈംഗികാപവാദം. ചിറ്റയത്തെ നിശബ്ദനാക്കാൻ അത്തരം ആരോപണം ഉന്നയിക്കാൻ മന്ത്രിയെ ആരെങ്കിലും ഉപദേശിച്ചതാകുമോ?.

മുന്നണിയുടെ തട്ടകത്തിലേക്ക്

മുന്നണി കൺവീനർക്ക് മന്ത്രി പരാതി അയച്ചതിനു പിന്നാലെ ചിറ്റയവും പരാതി നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതിയുടെ പകർപ്പ് അയച്ചു. ഉദയഭാനു സഖാവിന്റെ കല്യാണ പ്രയോഗത്തിന് അതേ നാണയത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ മറുപടി നൽകി. അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാർ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് പറഞ്ഞ് എ.പി ജയൻ ചിറ്റയത്തിന് പാർട്ടിയുടെ സംരക്ഷണം നൽകി. ചിറ്റയം - വീണാ പോര് ജില്ലയിലെ സി.പി.എം - സി.പി.ഐ സംഘർഷത്തിന്റെ തുടർച്ചയായി കാണുന്നവരുണ്ട്. ചിറ്റയത്തിന്റെ മണ്ഡലത്തിൽ കൊടുമൺ അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും പൊരിഞ്ഞ അടി നടത്തിയിരുന്നു. സി.പി.ഐ പ്രവർത്തകരുടെ പുറത്ത് അടിയടയാളങ്ങൾ പതിഞ്ഞു കിടപ്പുണ്ട്. ഏതായാലും, പോരിന് താത്‌കാലിക വെടിനിറുത്തലായി. ഏതു നിമിഷവും യുദ്ധം വീണ്ടും രൂക്ഷമായേക്കും. വിഷയം ഇടതുമുന്നണിയുടെ തട്ടകത്തിലാണ്. കളരിയാശാൻമാർ വിധി പറയട്ടെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VEENA GEORGE, CHITTAYAM GOPAKUMAR, PHONE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.