SignIn
Kerala Kaumudi Online
Saturday, 19 September 2026 3.33 AM IST

വല്ലാർപാടം റെയിൽവേ പാലത്തിന്റെ കേബിൾ പിറ്റിൽ അസ്ഥികൂടം

skeleton
വല്ലാർപാടം റെയിൽപാളത്തിൽ കണ്ടെത്തി​യ അസ്ഥികൂടം

സ്ത്രീയുടേതെന്ന് സംശയം

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്ക് കൊച്ചി കായലിന് മുകളിലൂടെ പോകുന്ന റെയിൽവേ പാലത്തിന്റെ കേബിൾ പിറ്റിൽ സ്ത്രീയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. ആറ് മാസത്തോളം പഴക്കം കണക്കാക്കുന്നു.

ഇന്നലെ പാലത്തിൽ കയറിയ കുട്ടികളാണ് പൊലീസിനെ അറിയിച്ചത്. തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിലാണ്. ഇവ ശേഖരിച്ച് കളമശേരി മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിലേക്ക് മാറ്റി.

വടുതല ഡോൺബോസ്‌കോയ്‌ക്ക് സമീപം കായലിന് നടുവിലാണ് അസ്ഥികൂടം കണ്ടെത്തിയ അമ്പതടിയോളം ഉയരത്തിലുള്ള സ്ഥലം. പാളത്തിനരികിൽ രണ്ടടി വീതിയുള്ള കാനപോലെയുള്ള പിറ്റിലൂടെ സിഗ്നലിംഗിനും മറ്റും ഉപയോഗിക്കുന്ന വൈദ്യുതി വയറുകളാണുള്ളത്. മീതെ സ്ളാബ് വിരിച്ച് സിമന്റിട്ടിട്ടുണ്ട്. പൊളിഞ്ഞു കിടന്ന സ്ളാബിന് താഴെയായിരുന്നു അസ്ഥികൂടം. മാംസമോ വസ്ത്രഭാഗങ്ങളോ ഇല്ല. തവിട്ടു നിറമുള്ള സിൽക്ക് നൂലും വലിയ ബട്ടണും സമീപത്തു നിന്ന് ലഭിച്ചു.

പേരണ്ടൂർ മുതൽ വല്ലാർപാടം വരെ ദ്വീപുകൾക്കും കായലിനും മുകളിലൂടെ തൂണുകളിലാണ് പാത പോകുന്നത്.

അപൂർവമായി മാത്രമാണ് പാതയിലൂടെ കണ്ടെയ്‌നർ ട്രെയിനുകളുടെ സഞ്ചാരം. തൂണിന്റെ വശത്തെ ചെറിയ ഗോവണിയിലൂടെ സാഹസികമായി വേണം പാളത്തിലേക്ക് കയറാൻ. നിരോധിത മേഖലയായ ഈ റെയിൽപാളം സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്നു മാഫിയയുടെയും താവളമാണ്.

സ്ഥലം നന്നായി അറിയാവുന്നവർക്ക് മാത്രമേ ഇവിടെ സാഹസികമായി എത്താനാകൂ. പേരണ്ടൂർ ഭാഗത്തുനിന്നും വടുതല ഭാഗത്ത് നിന്നും മുകളിലേക്ക് കയറാം. വടുതല ഭാഗത്ത് ജനവാസമുണ്ട്. പേരണ്ടൂർ ഭാഗത്തു നിന്ന് കയറി പാളത്തിലൂടെ നടന്ന് ഇവിടെ എത്താനാകും. രണ്ടിടത്തും സി.സി.ടി.വി കാമറകളില്ല.

സമഗ്രമായ അന്വേഷണത്തിന് വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പത്തംഗ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA