ന്യൂഡൽഹി: റെക്കോഡ് നേട്ടം കൈവരിച്ച് ഇന്ത്യയുടെ വാർഷിക വിദേശ ധനനിക്ഷേപം. 2021-22 സാമ്പത്തിക വർഷത്തിൽ 83.57 ബില്യൺ ഡോളറാണ് എഫ് ഡി ഐയിലൂടെ ഇന്ത്യയിൽ എത്തിയതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, 2020-21 സാമ്പത്തിക വർഷം 81.97 ബില്യൺ ഡോളറാണ് ഇന്ത്യയിലെത്തിയത്. ഉത്പാദന മേഖലയിലാണ് നിക്ഷേപ വർദ്ധന ഏറെയുണ്ടായത്. 2020-21 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് (12.09 ബില്യൺ ഡോളർ) 76 ശതമാനം വർദ്ധനയാണ് 2021-22 ഈ മേഖലയിൽ മാത്രം ഉണ്ടായത്. 21.34 ബില്യൺ ഡോളറാണ് ഇത്തവണ ഉത്പാദന മേഖലയിലേക്കെത്തിയത്.
ഉത്പാദന മേഖലയിൽ വിദേശ നിക്ഷേപത്തിന് മുൻഗണന നൽകുന്ന രാജ്യമായി ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് എഫ് ഡി ഐ ലഭിച്ച പ്രധാന സംസ്ഥാനങ്ങൾ. ആകെ നിക്ഷേപത്തിന്റെ 38 ശതമാനവും നേടിയത് കർണാടകയാണ്.
കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഹാർഡ്‌വെയർ മേഖലകളിലാണ് നിക്ഷേപം ഏറെയുണ്ടായത്. സേവനവും ഓട്ടൊമൊബൈൽ വ്യവസായവുമാണ് നിക്ഷേപകരെ ഏറെ ആകർഷിച്ച മറ്റ് മേഖലകളെന്നും മന്ത്രാലയം വ്യക്തമാക്കി.
ആകെ നിക്ഷേപത്തിൽ 27 ശതമാനവും സിംഗപൂരിന്റേതാണ്. 18 ശതമാനത്തോടെ അമേരിക്കയും, 16 ശതമാനത്തോടെ മൗറീഷ്യസും തൊട്ടുപിന്നാലെയുണ്ട്.
വ്യവസായങ്ങൾ എളുപ്പമാക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമായി വിദേശ ധനനിക്ഷേപ നയം കൂടുതൽ ഉദാരവത്കരിക്കുന്നതിനും ലളിതമാക്കുന്നതിനുമായി വിവിധ മേഖലകളിൽ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.
കൽക്കരി, ഖനനം, കരാർ നിർമാണം, ഡിജിറ്റൽ മീഡിയ, സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ്, സിവിൽ ഏവിയേഷൻ, പ്രതിരോധം, ഇൻഷുറൻസ്, ടെലികോം തുടങ്ങിയ മേഖലകളിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുള്ളതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |