SignIn
Kerala Kaumudi Online
Thursday, 25 April 2024 8.18 PM IST

ഗ്യാൻവാപി പള്ളിയിൽ ചരിത്രം തെരയുമ്പോൾ

photo

അധിനിവേശങ്ങളുടെ കുളമ്പടിപ്പാടുകളുണ്ട് കാശ്‌മീർ മുതൽ കന്യാകുമാരി വരെ നീളുന്ന ഇന്ത്യയുടെ വിശാലഭൂമിയിലെങ്ങും. ഇന്ത്യൻ യൂണിയൻ എന്ന ആശയത്തോട് ചേരുന്നതല്ല ഈ അശ്വമേധങ്ങളുടെ ബാക്കിപത്രങ്ങൾ. ചരിത്രം മൂടിയവയെ മാന്തിപുറത്തെടുമ്പോൾ തർക്കമുണ്ടാകും. ഇവ മുന്നിൽക്കണ്ടാണ് ഭരണഘടനയിൽ ജാതിക്കും മതത്തിനും ആരാധനയ്‌ക്കും ജീവിക്കാനുള്ള അവകാശത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും കൃത്യമായ നിർവചനങ്ങൾ ഉൾക്കൊള്ളിച്ചത്.

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ 2019 നവംബറിലെ സുപ്രീംകോടതി വിധി സ്വാതന്ത്ര്യത്തിന് മുൻപ് തുടങ്ങിയ ഒരു തർക്കത്തിന് വിരാമമിടലായിരുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തോടൊപ്പം ഉയർന്നുവന്ന്,​ ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ എന്നത്തെയും തിരഞ്ഞെടുപ്പ് വാഗ്‌ദാനമാണ് നടപ്പായത്. ഉത്തർപ്രദേശിലും മറ്റിടങ്ങളിലുമുള്ള സമാനമായ തർക്കങ്ങളെ വിധി സ്വാധീനിക്കില്ലേ എന്ന ചോദ്യം ഉയർന്നു. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളി, മഥുരയിൽ ശ്രീകൃഷ്‌ണന്റെ ജന്മസ്ഥലമെന്ന് കരുതുന്ന ഭാഗത്തെ ഷാഹി പള്ളി എന്നിവയുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ട്.

ആരാധനാലയ സംരക്ഷണ

നിയമം 1991


ആരാധനാലയങ്ങൾക്കും മതപരമായ കെട്ടിടങ്ങൾക്കും 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി ഉറപ്പാക്കുന്ന നിയമമാണിത്. രാമജന്മഭൂമി പ്രക്ഷോഭം മൂർച്ഛിച്ചപ്പോൾ നരസിംഹറാവു സർക്കാർ കൊണ്ടുവന്ന ഈ നിയമം മറികടന്നാണ് അയോദ്ധ്യ വിധിയുണ്ടായത്. അത് മറ്റൊരു കേസിനും ബാധകമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

കാശിവിശ്വനാഥ

ക്ഷേത്ര ഇടനാഴി

കാശി വിശ്വനാഥ ക്ഷേത്രത്തിനും ഗംഗാനദിക്കും ഇടയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് യോഗി ആദിത്യനാഥ് സർക്കാർ നടപ്പാക്കുന്ന കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ ആദ്യഘട്ടം 2021 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തത് വഴിത്തിരിവായിരുന്നു. ക്ഷേത്രത്തോട് ചേർന്ന ഗ്യാൻവാപി പള്ളിയുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ ഉൾപ്പെടുത്താതെയായിരുന്നു മോദിയുടെ ചടങ്ങ്. പിന്നീട് ഇങ്ങോട്ട് ഗ്യാൻവാപി പള്ളി തർക്കം കോടതിയിലൂടെയും രാഷ്‌ട്രീയ പ്രസ്‌താവനകളിലൂടെയും ചർച്ചയായി.

2024ൽ നിർണായക ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ,​ വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന് അനുകൂലമായ ഘടകങ്ങളുണ്ട് ഗ്യാൻവാപി തർക്കത്തിൽ. താജ്മഹൽ, കുത്തബ്മിനാർ തുടങ്ങിയ പൗരാണിക സ്മാരകങ്ങളെ ചൊല്ലിയും തർക്കങ്ങളുണ്ടാകുന്നു. കൊവിഡും യുക്രെയിൻ അധിനിവേശവും തീർത്ത സാമ്പത്തിക പരാധീനതകൾ രൂപയുടെ മൂല്യശോഷണമടക്കം ഭീതിദമായ അന്തരീക്ഷം സൃഷ്‌ടിക്കുമ്പോൾ വിവാദങ്ങൾക്ക് രാഷ്‌ട്രീയ മാനമേറെ. ആ പശ്ചാത്തലത്തിൽ വേണം ഇന്ത്യയുടെ മതേതര കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്ന തർക്കങ്ങൾ പരിശോധിക്കാൻ.

ഗ്യാൻവാപി പള്ളിയും

വിശ്വേശ്വര ക്ഷേത്രവും

കാശിവിശ്വനാഥ ക്ഷേത്രവും ഗ്യാൻവാപി പള്ളിയുമെല്ലാം നിർമ്മിക്കുന്നതിന് മുൻപ് അവിടെ വിശ്വേശ്വര ക്ഷേത്രമുണ്ടായിരുന്നെന്നാണ് ചരിത്രം. പിന്നീട് ബനാറസ് (പഴയ വാരാണസി) കണ്ട അധിനിവേശങ്ങളുടെ കെടുതികൾ വിശ്വേശ്വര ക്ഷേത്രവും ഏറ്റുവാങ്ങി. 1194ൽ ബനാറസ് പിടിച്ചെടുത്ത കുത്ത്ബുദ്ദീൻ ഐബക്കിന്റെ പട്ടാളം നിരവധി ക്ഷേത്രങ്ങൾ പൊളിച്ച് പള്ളികൾ നിർമ്മിച്ചു. പിന്നീട് ബനാറസിലെ ഹിന്ദു വ്യവസായികൾ മുസ്ളീം ചക്രവർത്തിമാരുടെ സൈന്യാധിപൻമാരെ സ്വാധീനിച്ച് ക്ഷേത്രങ്ങൾ പുനർനിർമ്മിച്ചു. വിശ്വേശ്വര ക്ഷേത്രവും അങ്ങനെ പുനർനിർമ്മിക്കപ്പെട്ടു. 1436-1458 കാലത്ത് വീണ്ടും ആക്രമണത്തിന് വിധേയമായി. പിന്നെ125 വർഷങ്ങൾക്കു ശേഷമാണ് ക്ഷേത്രം നന്നാക്കുന്നത്. ബനാറസിലെ പ്രശസ്ത ബ്രാഹ്മണ കുടുംബാംഗവും മുഗൾ ചക്രവർത്തി അക്ബറിന്റെ ധനമന്ത്രിയുമായിരുന്ന തൊദാർ മാലും മക്കളുമാണ് മുൻകൈയെടുത്തത്.

തന്റെ ഉത്തരവുകൾ മാനിക്കാത്ത ജമീന്ദർമാരെയും ബ്രാഹ്മണരെയും ഒതുക്കാൻ 1669 ഏപ്രിൽ 18ന് മുഗൾ ചക്രവർത്തി ഒൗറംഗസീബ് ക്ഷേത്രം ഭാഗികമായി പൊളിച്ച് അവിടെ ഗ്യാൻവാപി പള്ളി നിർമ്മിച്ചെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ഔറംഗസീബിനും മുൻപേ പള്ളി നിർമ്മിച്ചെന്നും വാദമുണ്ട്.

താജ്മഹലിനോട് സമാനമായ മുഗൾ വാസ്തുവിദ്യാ ശൈലിയിലാണ് പള്ളിയുടെ നിർമ്മാണം. ഇവിടെയുള്ള കിണറാണ് ഗ്യാൻ വാപി (ഗ്യാൻ എന്നാൽ അറിവ്, വാപി എന്നാൽ കിണർ). പള്ളി നിർമ്മിച്ചെങ്കിലും ബാക്കിഭാഗത്ത് ബ്രാഹ്മണർ ആരാധന തുടർന്നു.

മറ്റ് ചരിത്ര രേഖകൾ

 1700ൽ ജയ്‌പൂരിലെ ആംബർ രാജകുടുംബം പള്ളിക്കു സമീപം ആദിവിശ്വേശര ക്ഷേത്രം നിർമ്മിച്ചു.

 18-ാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിലെ ഭരണകൂടങ്ങളുടെ ഇടപെടലുകൾ വാരാണസിയിലും വിവാദ സ്ഥലത്തുമുണ്ടായി.

 ക്ഷേത്രം പുനർനിർമ്മിക്കാൻ മറാത്താ സാമ്രാജ്യം നടത്തിയ ശ്രമങ്ങൾക്ക് ഔധിലെ ഭരണകൂടത്തിന്റെയും ബ്രിട്ടീഷ് ഈസ്റ്റ് കമ്പനിയുടെയും താത്പര്യങ്ങൾ തടസമായി. പള്ളി പൊളിക്കാനും നീക്കങ്ങളുണ്ടായെങ്കിലും സാമുദായിക കലാപം ഭയന്ന് ഭരണകൂടങ്ങൾ മരവിപ്പിച്ചു.

 ഗ്യാൻവാപിയോട് ചേർന്ന സ്ഥലം വാങ്ങിയ മറാത്താ രാജ്ഞി അഹല്യാഭായ് ഹോൾക്കർ 1777ൽ ഇന്നത്തെ കാശി വിശ്വനാഥ ക്ഷേത്രം നിർമ്മിച്ചു.

 1800കൾ മുതൽ ഗ്യാൻവാപി പള്ളിയെ ചൊല്ലി തർക്കങ്ങളും കലാപങ്ങളും.

 1980കളിൽ വിശ്വഹിന്ദു പരിഷത്ത് പള്ളിവിഷയം ഉയർത്തിയെങ്കിലും ബി.ജെ.പി രാമജന്മഭൂമിയിലാണ് ശ്രദ്ധിച്ചത്.

കോടതി കേസ്

1935: ആരാധനയെ ചൊല്ലിയുള്ള തർക്കങ്ങൾ കോടതി കേസുകൾക്ക് തുടക്കമിട്ടു

1991: സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ കേസ് വാരണാസി സിവിൽ കോടതിയിൽ.

വിക്രമാദിത്യ രാജാവ് നിർമ്മിച്ച ക്ഷേത്രം ഒൗറംഗസീബ് പൊളിച്ച് പള്ളിയുണ്ടാക്കിയെന്നും ക്ഷേത്രഭൂമി തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് പണ്ഡിറ്റ് സോമനാഥ് വ്യാസ് (ക്ഷേത്ര പുരോഹിതൻ), ഡോ. രാംരംഗ് ശർമ്മ(സംസ്കൃത പണ്ഡിതൻ), ഹരിഹർ പാണ്ഡെ (സാമൂഹിക പ്രവർത്തകൻ) എന്നിവർ ഹർജി നൽകി. ക്ഷേത്ര അവശിഷ്‌ടങ്ങൾക്ക് മേൽ പണിത പള്ളിക്ക് 1991ലെ ആരാധനാലയ നിയമം ബാധകമല്ലെന്നും വാദം.

 1998ൽ പള്ളി കമ്മിറ്റിക്കാരായ അൻജുമാൻ ഇന്തെസമിയ മസ്ജിദ് നൽകിയ ഹർജിയിൽ അലഹബാദ് ഹൈക്കോടതിയുടെ സ്റ്റേ.

 2019: പള്ളിയിൽ ആർക്കിയോളജി സർവേ ഒാഫ് ഇന്ത്യ സർവേ നടത്തണമെന്നും പാടില്ലെന്നും ഹർജികൾ

 2021 ഏപ്രിൽ : സർവേ നടത്താൻ വാരാണസി കോടതി ഉത്തരവ്

 2021 സെപ്‌തംബർ 9: സർവേ തടഞ്ഞ് അലഹബാദ് ഹൈക്കോടതി

 2021 ആഗസ്റ്റ്: പള്ളി സമുച്ചയത്തിലെ വിഗ്രഹങ്ങളിൽ ആരാധനയ്ക്ക് അനുമതി തേടി അഞ്ച് വനിതകളുടെ ഹർജി വാരാണസി കോടതിയിൽ.

പള്ളി സമുച്ചയത്തിൽ വീഡിയോ സർവേ നടത്താൻ കോടതി ഉത്തരവ്

 2022 മേയ്: വീഡിയോ സർവേയ്‌ക്കിടെ പള്ളിയിൽ ശിവലിംഗം കണ്ടെത്തിയ വാർത്ത വിവാദം. അഡ്വക്കേറ്റ് കമ്മിഷണറെ കോടതി പുറത്താക്കി.

 പള്ളിക്കുള്ളിൽ ഹിന്ദുമത ചിഹ്നങ്ങൾ കണ്ടെത്തിയെന്ന് വാരാണസി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളതായി പുതിയ വിവരം പുറത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GYANVAPI MASJID
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.