കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുളവുകാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എൻ.പി. സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. പൊലീസ് ഉദ്യോഗസ്ഥനായ പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ കേസിലെ പരാതിക്കാരിയെയും മകളെയും ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനുമിടയുണ്ടെന്ന് വിലയിരുത്തിയാണ് ജില്ല കോടതി ജഡ്‌ജി കെ. കമനീസ് ഹർജി തള്ളിയത്.
യുവതി ചക്കരപ്പറമ്പിലെ വാടകവീട്ടിൽ മകളുമൊത്താണ് താമസം. 2019 ഏപ്രിൽ പത്തിന് പ്രതി ഇവിടെയെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. വിവാഹമോചിതയായ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെയാണ് സുരേഷ് പരിചയപ്പെട്ടത്. പ്രതി ഇവരിൽനിന്ന് ഒന്നരലക്ഷംരൂപ കടംവാങ്ങിയിരുന്നു. തുക തിരിച്ചുചോദിച്ചതിന് തന്നെ പ്രതി ഉപദ്രവിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ചേരാനെല്ലൂർ പൊലീസാണ് കേസെടുത്തത്. സുരേഷിന് മുൻകൂർ ജാമ്യംനൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷനും വാദിച്ചു. മാത്രമല്ല മുൻകൂർ ജാമ്യം അനുവദിച്ചാൽ പൊലീസ് ഉദ്യോഗസ്ഥനായ പ്രതി കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാൻ ഇടയുണ്ടെന്നും വിശദീകരിച്ചു.
മറ്റൊരാളുമായുള്ള ബന്ധത്തെത്തുടർന്നുള്ള കേസിൽ പരാതിക്കാരിക്കെതിരെ ഹൈക്കോടതിയുടെ ചില പരാമർശങ്ങളുണ്ടെന്നും തനിക്കെതിരായ കേസ് വ്യാജമാണെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാൽ പരാതിക്കാരിയുടെ മുൻകാല സ്വഭാവം ഇൗ കേസിൽ പരിഗണിക്കേണ്ടതില്ലെന്നും ഓരോ കേസിലും അതത് വസ്തുതകൾ പരിഗണിച്ചാണ് തീർപ്പുണ്ടാക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |