SignIn
Kerala Kaumudi Online
Saturday, 26 September 2026 4.44 AM IST

സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചു എന്നത് എങ്ങനെ രാഷ്ട്രീയം പറച്ചിലാകും? സിനിമയെക്കുറിച്ചുള്ള ചർച്ച പോയത് തെറ്റായ ദിശയിൽ: ഉണ്ണി മുകുന്ദൻ

unni-mukundan

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരമായ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമാണം ചെയ്ത ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിൽ നായകനായി എത്തിയതും. തീയേറ്ററിൽ മികച്ച വിജയവും മേപ്പടിയാൻ സ്വന്തമാക്കി. വലിയൊരു പ്ലോട്ട് ഇല്ലായിരുന്നെങ്കിലും പ്രേക്ഷകരുടെ ഇടയിൽ നിന്ന് നല്ല അഭിപ്രായങ്ങൾ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.

അതേസമയം, ചിത്രത്തിന്റെ പേരിൽ വലിയ വിവാദങ്ങളുണ്ടായിരുന്നു. സംഘപരിവാർ അജണ്ട ഒളിച്ചുകടത്താൻ ശ്രമിച്ചുവെന്ന പേരിലാണ് മേപ്പടിയാന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നത്. വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിച്ചു എന്ന് വ്യാപകമായ ആരോപണമാണ് ചിത്രം പുറത്തിറങ്ങിയ ദിവസം തൊട്ട് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായത്. മേപ്പടിയാനിലെ രാഷ്ട്രീയത്തെ പലരും ചോദ്യം ചെയ്തെങ്കിലും സിനിമാ പ്രേമികൾക്ക് അത്തരമൊരു ഹിഡൻ അജണ്ടയൊന്നും കാണാൻ സാധിച്ചിരുന്നില്ലെന്നതാണ് വാസ്തവം.

സംഘപരിവാർ അജണ്ട എന്നതിന് ചൂണ്ടിക്കാണിക്കാനായി പലരും ഉപയോഗിച്ചത് സിനിമയിലെ ഒരു സീക്വൻസിൽ വന്നുപോയ സേവാഭാരതിയുടെ ആംബുലൻസും, മുസ്ലീമായ വില്ലനെയുമാണ്. കൃത്യമായി ഒരു വില്ലൻ എന്ന് പറയാൻ പോലും സാധിക്കാത്ത കഥാപാത്രമാണ് ഇന്ദ്രൻസ് അവതരിപ്പിച്ച അഷ്റഫ് ഹാജി എന്നത്. പല സ്ഥലത്തും കരുണയുള്ള വില്ലനായാണ് അഷ്റഫ് ഹാജി സ്ക്രീനിലെത്തിയതും.

meppadiyan-poster

ഈ വിമർശനങ്ങൾക്കൊക്കെ മറുപടിയുമായി ഇപ്പോൾ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായ അ‌ജണ്ട കാണിക്കാൻ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടാൽ പോരെ. അതിന് ആറ് കോടി രൂപ മുടക്കി സിനിമ ചെയ്യേണ്ടതുണ്ടോ എന്നാണ് താരത്തിന്റെ ചോദ്യം.

ഏതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റിനും വ്യക്തത അത്യാവശ്യമാണ്. സിനിമയിലെ രാഷ്ട്രീയമെന്താണെന്ന് അത് കണ്ടവർക്കറിയാം. മേപ്പടിയാൻ സിനിമയുടെ നല്ല കാര്യങ്ങള്‍ ചർച്ചയാക്കുന്നതിന് പകരം നായകൻ അമ്പലത്തിൽ പോയി, മുസ്ലിം വില്ലൻ, ക്രിസ്ത്യൻ വില്ലൻ, സേവാഭാരതി ആംബുലൻസ് കാണിച്ചു എന്നിവയൊക്കെയാണ് ചർച്ചയാക്കിയത്. കേരളത്തിൽ ഈ സമുദായത്തിലുള്ളവരൊക്കെയാണല്ലോ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സേവാഭാരതിയുടെ ആംബുലൻസും പൊളിറ്റിക്സും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പറ്റിയും താരത്തിന് ചോദിക്കാനുണ്ട്. സേവാഭാരതി എന്നത് കേരളത്തിലെ ഒരു സംഘടനയാണ്. അവർക്ക് തീവ്രവാദ പ്രവർത്തനങ്ങളൊന്നുമില്ല. ഈരാറ്റുപേട്ട റോഡിൽ നിന്നാൽ സേവാഭാരതിയുടെ വണ്ടി ഒരു നാല് തവണയെങ്കിലും അതിലേ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാം. നമ്മുടെ സമൂഹത്തിന്റെ കഥ പറയുമ്പോൾ അവർ ഇവിടെ ഇല്ല എന്നൊന്നും നമുക്ക് പറയാനാവില്ല. സേവാഭാരതിയുടെ ആംബുലൻസിൽ ആശുപത്രിയിൽ പോയാൽ അതിൽ എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്നും ഉണ്ണിമുകുന്ദൻ ചോദിക്കുന്നു.

meppadiyan-poster

രാഷ്ട്രീയം പറയുക എന്നതായിരുന്നില്ല ചിത്രത്തിന്റെ ലക്ഷ്യം. സാധാരണക്കാരന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ മാത്രമാണ് പറയാൻ ശ്രമിച്ചത്. എന്നാൽ ചർച്ചയായത് മറ്റു പല കാര്യങ്ങളുമാണ്. നായകൻ കറുപ്പും കറുപ്പുമിട്ടതൊക്കെ ചർച്ചയായിരുന്നു. ശബരിമലയിൽ പോകുമ്പോൾ വെളുപ്പും വെളുപ്പുമിടാൻ കഴിയുമോ? തെറ്റായ ദിശയിലേക്കാണ് ചർച്ച പോയത്. തീയേറ്ററിലെത്തി ചിത്രം കണ്ട കുടുംബ പ്രേക്ഷകർക്ക് ചിത്രത്തിന് കുളഴപ്പമൊന്നും തോന്നിയില്ല. കരഞ്ഞുകൊണ്ടുള്ള ഒരു അമ്മയുടെ പ്രതികരണം താൻ കണ്ടിരുന്നുവെന്നും, അതാണ് തന്നെ സംബന്ധിച്ചിടത്തോളം വലുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, UNNI MUKUNDAN, UNNI, CINEMAS, MOVIE, FILM, MEPPADIYAN, SEVA, BHARATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY