SignIn
Kerala Kaumudi Online
Thursday, 30 June 2022 7.04 PM IST

ഇനിയൊരു വിസ്മയ വേണ്ട: കാേടതി നൽകുന്നത് മികച്ച സന്ദേശം, കിലോക്കണക്കിന്    സ്വർണവും   കോടിക്കണക്കിന്   രൂപയും  മോഹിച്ച് പെൺകുട്ടികളെ കെട്ടാനിറങ്ങുന്നവർക്കുള്ള ശക്തമായ താക്കീത്

vismaya

തിരുവനന്തപുരം: വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയതിലൂടെ കോടതി സമൂഹത്തിന് നൽകുന്നത് മികച്ച സന്ദേശം. കോടിക്കണക്കിന് രൂപയും കിലോക്കണക്കിന് സ്വർണവും ആഡംബര കാറും മോഹിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാർക്കും അവർക്ക് കൂട്ടുനിൽക്കുന്ന രക്ഷിതാക്കൾക്കുമുളള ശക്തമായ താക്കീത്.കുടുംബത്തിന്റെ അന്തസ് തകരുമെന്നു പറഞ്ഞ് കരഞ്ഞും അപേക്ഷിച്ചുമൊക്കെ മക്കളെ ബന്ധത്തില്‍ തുടരാൻ ശ്രമിക്കുന്ന മാതാപിതാക്കുള്ള മുന്നറിയിപ്പുമാകുന്നുണ്ട് കോടതിയുടെ കണ്ടെത്തൽ.

അടുത്തിടെ കേരളം ഏറെ ചര്‍ച്ച ചെയ്തതും വിസ്മയയുടെ മരണമായിരുന്നു. ഇതേത്തുടർന്ന് സര്‍ക്കാരും സംഘടനകളും സ്ത്രീധനത്തിനെതിരായ ശക്തമായ പ്രചാരണപരിപാടികള്‍ക്ക് തുടക്കമിട്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉൾപ്പടെയുള്ളവർ ഇതിനായി മുന്നിൽ നിന്നു. സാമൂഹികമാദ്ധ്യമങ്ങളിലും സ്ത്രീധനത്തിനെതിരെ വലിയ പ്രചാരണം തന്നെ നടന്നു.

മരണം കഴിഞ്ഞ് 11 മാസവും രണ്ട് ദിവസവും പൂർത്തിയാകുമ്പോഴാണ് വിസ്മയയ്ക്ക് നീതി ലഭിച്ചത്. നാലുമാസം നീണ്ട വിചാരണയ്ക്കു ശേഷമാണ് വിസ്മയയുടെ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. സ്ത്രീധനത്തിനായുള്ള കിരൺകുമാറിന്റെ നിരന്തര പീഡനമായിരുന്നു മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന ഇരുപത്തിനാലുകാരി വിസ്മയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. വാഗ്ദ്ധാനം ചെയ്ത സ്വർണം ലഭിക്കാത്തതും സ്ത്രീധനമായി ലഭിച്ച കാറിൽ തൃപ്തനല്ലാത്തതുമാണ് ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കാൻ കിരണിനെ പ്രേരിപ്പിച്ചത്. ഭർത്താവിനെ ദൈവത്തെപ്പോലെ സ്നേഹിച്ച വിസ്മയയ്ക്ക് അതെല്ലാം സഹിക്കാനാവുന്നതിന് അപ്പുറമായിരുന്നു. പിടിച്ചുനിൽക്കാനാവാതെ കിരൺകുമാറിന്റെ വീടായ അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലറ്റിൽ ആ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

vismaya

പാട്ടക്കാറും വേസ്റ്റ് പെണ്ണും

സർക്കാർ ഉദ്യോഗസ്ഥനായ കിരണിന് മകളെ വിവാഹം കഴിച്ചുകൊടുക്കുമ്പോൾ വിസ്മയയുടെ മാതാപിതാക്കൾ മകളുടെ മികച്ച ഭാവിയായിരുന്നു മുന്നിൽ കണ്ടത്. പണത്തെയും സ്വർണത്തെയും മാത്രം സ്നേഹിച്ചിരുന്ന കിരണിനെ അവർക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. 2020 മേയ് 30 നാണ് ബി എ എം എസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാർ വിവാഹം ചെയ്തത്. ഏറെ പ്രതീക്ഷയോടെയാണ് പുതിയ ജീവിതത്തിലേക്ക് കാൽവച്ചതെങ്കിലും ഒന്നും പ്രതീക്ഷിച്ചപോലെയായിരുന്നില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം വിസ്മയ, അച്ഛൻ ത്രിവിക്രമനോട് ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വിചാരണവേളയിൽ മകൾ ഏറ്റ കൊടിയ പീഡനങ്ങൾ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻനായർ കോടതിയിൽ മൊഴിയായി നൽകിയിരുന്നു. 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ കൊവിഡ് കാരണം 80 പവൻ നൽകാനെ കഴിഞ്ഞുള്ളുവെന്നും വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരൺ വേറെ കാർ വേണമെന്നു വിസ്മയയോടു പറഞ്ഞതായും ത്രിവിക്രമൻനായർ കോടതിയിൽ പറഞ്ഞു. വിവാഹശേഷം ‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’ എന്നു പറ‍ഞ്ഞ്, വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്ത് എറി‍ഞ്ഞശേഷം കിരൺ ഇറങ്ങിപ്പോയെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

vismaya2

ഏറ്റവും ഒടുവിൽ ആ മഴക്കാഴ്ച

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു വിസ്മയ. ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെയുള്ള ചിത്രങ്ങള്‍ അവയിൽ പോസ്റ്റുചെയ്യുന്നത് പതിവായിരുന്നു. അതിനാൽത്തന്നെ വിസ്മയുടെ ദാമ്പത്യജീവിതത്തിലെ കൊടിയപീഡനവും നരകയാതനയുമൊന്നും ആരും അറിഞ്ഞിരുന്നില്ല. എല്ലാം പുറത്തറിഞ്ഞത് വിസ്മമയയുടെ ആത്മഹത്യയുടെ വാർത്ത പുറത്തുവന്നതോടെ മാത്രം. മരണത്തിന് തലേദിവസം വിസ്മയ താൻ നേരിട്ട ഉപദ്രവങ്ങളും പീഡനങ്ങളും വിശദീകരിച്ച് സഹോദരന് അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ കുടുംബം പുറത്തുവിട്ടതോടെ വിസ്മയയുടെ മരണം വലിയ വാര്‍ത്തയായി. ക്രൂരമർദ്ദനമേറ്റതിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ കിരണ്‍കുമാര്‍ ഒളിവില്‍ പോവുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. ഒടുവിൽ കിരണിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

സഹോദരനോടൊപ്പമുള്ളതടക്കം നിരവധി ടിക്‌ടോക്ക് വീഡിയോകൾ വിസ്മയ പങ്കുവച്ചിരുന്നു. കിരണ്‍കുമാറിനൊപ്പം യാത്രചെയ്യുമ്പോള്‍ കാറില്‍നിന്ന് പകര്‍ത്തിയ മഴക്കാഴ്ചയായിരുന്നു വിസ്മയ ഏറ്റവുമൊടുവില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോ.

vismaya3

കിരൺ പറഞ്ഞത് മറ്റൊന്ന്

വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്തുവന്നതോടെ എങ്ങനെയും പിടിച്ചുനിൽക്കാനിയി കിരണിന്റെ ശ്രമം. വിസ്മയയെ താൻ നേരത്തേ മർദ്ദിച്ചിട്ടുണ്ടെന്നും ചിത്രങ്ങളിൽ കണ്ട പാടുകൾ അപ്പോഴുണ്ടായതാണെന്നുമായിരുന്നു അയാൾ മൊഴി നൽകിയത്. വഴക്കിട്ടശേഷം വീട്ടിൽപോകണമെന്ന് പറഞ്ഞ് വിസ്മയ വാശിപിടിച്ചു. അപ്പോൾ തന്റെ മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്നങ്ങൾ തീർത്തതെന്നും അതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നുമാണ് അയാൾ മൊഴിനൽകിയത്. ടോയ്‌ലറ്റിൽ പോയ വിസ്മയ ഏറെസമയം കഴിഞ്ഞും പുറത്തുവരാതായതോടെ വാതിൽ ചവിട്ടിപ്പൊളിച്ചെന്നും അബോധാവസ്ഥയിൽ കണ്ടതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും അയാൾ മൊഴി നൽകിയിരുന്നു.

ഏറെ സഹായകമായി ഡമ്മി പരീക്ഷണം

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും 118 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്ത കേസിൽ ഏറെ നിർണായകമായത് അതീവ രഹസ്യമായി നടത്തിയ ഡമ്മി പരീക്ഷണം. കിരൺ നൽകിയ മൊഴി അനുസരിച്ച് സംഭവങ്ങൾ എല്ലാം പുനരാവിഷ്കരിച്ചു. വിസ്മയയെ ആത്മഹത്യചെയ്ത നിലയിൽ കണ്ട ടോയ്‌ലറ്റിലാണ് ഡമ്മി പരീക്ഷണം നടത്തിയത്. പലതവണ ശാസ്തീയ പരീക്ഷണം ആവർത്തിച്ചു. ടോയ്‌ലറ്റിന്റെ വാതിൽ ചവിട്ടിത്തുറന്നതും തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ വിസ്മയയെ കെട്ടഴിച്ച് താഴെയിറക്കുന്നതും കൃത്രിമശ്വാസം നല്‍കിയതുമെല്ലാം കിരൺ പൊലീസിനുമുന്നിൽ അഭിനയിച്ച് കാണിച്ചു. ശാസ്ത്രീയ പരീക്ഷണങ്ങളിലാണ് മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും വ്യക്തമായത്. വീട്ടിനുള്ളിൽ മാത്രമല്ല ഒന്നിച്ചുള്ള യാത്രകളിലും വിസ്മയയെ കിരൺ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ശൂരനാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചായിരുന്നു അന്തിമകുറ്റപത്രം തയ്യാറാക്കിയത്.

കേസിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10നാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ തുടങ്ങിയത് ജനുവരി 10ന്. ഈ മാസം 18ന് പൂർത്തിയായി. വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഒരുമാസം മുമ്പ് കിരണിന് ജാമ്യം അനുവദിച്ചു.ജസ്റ്റിസ് എസ്.കെ. കൗൾ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തുമ്പോഴും കിരൺ ജാമ്യത്തിലായിരുന്നു.

vismaya5

സംസ്ഥാനത്ത് ആദ്യം

അറസ്റ്റിലായ കിരണിനെ സർക്കാർ സർവീസിൽ നിന്ന് നീക്കിയതും അപൂർവതയായി. സ്ത്രീധന പീഡനത്തെത്തുടർന്ന് ഒരാൾ മരിച്ച കേസിൽ പ്രതിയായ ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. കേസിൽ വിധിവന്നശേഷമാണ് സാധാരണ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. സർക്കാരിന്റെ അധികാരമുപയോഗിച്ചാണ് പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് ഗതാമന്ത്രി ആന്റണി രാജു അന്ന് പറഞ്ഞത്. ഇത്തരം നടപടികൾ സ്വീകരിക്കാനുള്ള വകുപ്പുണ്ടെങ്കിലും അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. ഇത്തരത്തിലൊരു വകുപ്പുണ്ടെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷവും അറിഞ്ഞതും അന്നുതന്നെയാണ്. പിരിച്ചുവിട്ടതിനാൽ ഒരു ആനുകൂല്യവും കിരണിന് ലഭിക്കുകയുമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VISMAYA CASE, COURT VERDICT, MORE DETAILS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.