ഗുരുതര രോഗമായ മലേറിയയ്ക്കെതിരെ ഫലപ്രദമായ മരുന്നായി പ്രവർത്തിക്കാൻ പഞ്ചസാര മിഠായികൾക്ക് സാധിക്കുമെന്ന് കണ്ടെത്തി ഡൽഹി ജവഹർലാൽ നെഹറു യൂണിവേഴ്സിറ്റിയിലെ (ജെ എൻ യു) ഗവേഷകർ. പ്രകൃതിദത്ത പഞ്ചസാരയിൽ നിന്നെടുക്കുന്ന ആൽക്കഹോൾ കൊണ്ട് നിർമിക്കുന്ന മിഠായികളാണ് മലേറിയക്കെതിരെ ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ കണ്ടെത്തിയത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ഗവേഷകർ തെളിയിച്ചു.
സാധാരണയായി മധുരപലഹാരങ്ങളിൽ ഉപയോഗിക്കുന്ന ഷുഗർ ആൽക്കഹോളാണ് എറിത്രിറ്റോൾ. ഇതാണ് ഫലപ്രദമായ ആന്റിമലേറിയൽ ആയി പ്രവർത്തിക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞു. എറിത്രിറ്റോൾ എന്നത് ഒരു ജൈവ സംയുക്തമാണ്, ഇത് ഒരു ഭക്ഷ്യ അഡിറ്റീവായും പഞ്ചസാരയ്ക്ക് പകരമായും ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇത് മരുന്നായി ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നാണ് ജെ എൻ യു മോളിക്യുലാർ മെഡിസിൻ കേന്ദ്രത്തിലെ പ്രൊഫസർ ഷൈൽജ സിംഗ് തന്റെ പുതിയ കണ്ടെത്തലിനെക്കുറിച്ച് പറയുന്നത്. നിലവിൽ മലേറിയയ്ക്കെതിരായ മരുന്നുകളുമായി ചേർത്ത് എറിത്രിറ്റോൾ മിഠായികൾ ഉപയോഗിക്കുന്നത് അസുഖത്തിനെതിരെ മികച്ച പ്രതിരോധം നൽകുമെന്നാണ് വിലയിരുത്തൽ.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2020ൽ, ലോക ജനസംഖ്യയുടെ പകുതിയോളം പേർക്ക് മലേറിയ പിടിപെട്ടിരുന്നു. ശിശുക്കൾ, 5 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, എച്ച്ഐവി/എയ്ഡ്സ് രോഗികൾ, അതുപോലെ പ്രതിരോധശേഷി കുറഞ്ഞ ആളുകൾ തുടങ്ങിയവരിൽ മലേറിയ പകരാനും അപകടമുണ്ടാവാനുമുള്ള സാദ്ധ്യത ഏറെയാണ്. പ്ലാസ്മോഡിയം എന്ന പരാന്നഭോജികളാണ് (പാരസൈറ്റുകൾ) മലേറിയയ്ക്ക് കാരണം. ഇത് പെൺ അനോഫിലീസ് കൊതുകകളാണ് മനുഷ്യരിലേക്ക് പരത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |