ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം വായുമലിനീകരണം അനുഭവപ്പെടുന്നത് തലസ്ഥാനമായ ഡൽഹിയിലാണ്. വായുമലിനീകരണം കുറയ്ക്കാൻ ഡൽഹി സർക്കാർ പഴക്കം ചെന്ന വാഹനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങുകയാണ്. പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ജൂലായ് ഒന്നുമുതൽ ഇന്ധനം നൽകരുത് എന്നാണ് പമ്പുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് നിർദ്ദേശങ്ങൾ അനുസരിച്ചാണ് സർക്കാരിന്റെ നടപടി.
എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് ജൂലായ് 1 മുതൽ പൂർണമായും നിറുത്തിവയ്ക്കും. ആദ്യം ഡൽഹിയിൽ നടപ്പാക്കുന്ന നിയന്ത്രണം നവംബർ ഒന്നു മുതൽ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതംബുദ്ധ് നഗർ, സോനെപത് എന്നീ മേഖലകളിലേക്കും 2026 ഏപ്രിൽ ഒന്നു മുതൽ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ഡൽഹിയിൽ ഉള്ള വാഹനം രാജ്യത്ത് എവിടെ രജിസ്റ്റർ ചെയ്തതാണ് എന്ന് പരിഗണിക്കാതെയാണ് പദ്ധതി നടപ്പാക്കുന്നത്.
അതേ സമയം സർക്കാർ നീക്കത്തിന് എതിരെ ഡൽഹിയിലെ കാറുടമകളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കാലപ്പഴക്കമുണ്ടെങ്കിലും പല വാഹനങ്ങളും പ്രവർത്തന ക്ഷമതയുള്ളവയാണെന്നും നിയന്ത്രണങ്ങളുടെ പേരിൽ ഇവ ഒഴിവാക്കേണ്ടി വരുന്നത് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്നും വാഹനയുടമകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നടപടിയുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. വാഹനങ്ങളുടെ കാലപ്പഴക്കം നിർണയിക്കാൻ പമ്പുകളിൽ ഓട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ കാമറകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്, സർക്കാർ നിർദ്ദേശം പാലിക്കാത്ത പമ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |