ലോകത്തെ ചലിപ്പിക്കുന്ന ഇന്ധനമായ പെട്രോളാണ് ഗൾഫ് രാജ്യങ്ങളുടെ സ്വീകാര്യതയ്ക്ക് കാരണം. ചുട്ടു പൊള്ളുന്ന മണലാരണ്യത്തിലും ഗൾഫ് രാജ്യങ്ങളെ സമ്പന്നതയുടെ കോട്ടകൾ കെട്ടിയുയർത്താൻ സഹായിച്ചതും മണ്ണിനടിയിൽ എടുക്കും തോറും വീണ്ടും ഉറവപൊട്ടുന്ന പെട്രോളിയമാണ്. യുക്രെയിനിൽ റഷ്യ അധിനിവേശം ആരംഭിച്ചതിൽ ഏറ്റവും നേട്ടമുണ്ടാക്കുന്നതും പെട്രോളിയം ഉത്പാദകരായ രാജ്യങ്ങളാണ്. റഷ്യയ്ക്ക് മേൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നീളുന്നതും ഗൾഫ് രാജ്യങ്ങളുടെ എണ്ണയ്ക്ക് ഡിമാന്റ് കൂട്ടി. എണ്ണവില വർദ്ധിച്ചതോടെ ലോകത്തിലെ വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നില തന്നെ പരുങ്ങലിലേക്ക് നീങ്ങുകയാണ്. എന്നാൽ എണ്ണ മാത്രമല്ല, മനുഷ്യന്റെ ജീവൻ നിലനിർത്താൻ നാം കഴിക്കുന്ന ഗോതമ്പിനും ലോകത്തെ ഭരിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യ.
പൊടുന്നനെ ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി നിർത്തുന്നു എന്ന് പ്രഖ്യാപിച്ചപ്പോൾ ഗൾഫ് രാജ്യത്തിൽ അടക്കം അത് ചലനങ്ങൾ സൃഷ്ടിച്ചു. മേയ് പതിനാലിനാണ് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ഈ നിർണായക തീരുമാനം വന്നതിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ ഗോതമ്പ് മാവിന് വലിയ തോതിലാണ് വിലക്കയറ്റമുണ്ടായത്. അമ്പത് കിലോ ഭാരമുള്ള ഗോതമ്പ് മാവിന്റെ ഒരു ചാക്കിന് മുൻപ് 90 മുതൽ 100 ദിർഹം വരെ വിലയുണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെ അത് 110 ദിർഹമായി ഉയർന്നു, പിന്നീട് അത് 130 ദിർഹമായി മാറി. പിന്നീട് നിരോധന തീരുമാനത്തിൽ ഇന്ത്യ അയവ് വരുത്തുമെന്ന സൂചന നൽകിയതോടെ വില 114 ദിർഹമായി കുറഞ്ഞുവെങ്കിലും വീണ്ടും വില വർദ്ധിക്കും എന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഗോതമ്പിന്റെ വില ഈ വർഷം വില 10- 15 ശതമാനം വർദ്ധിച്ചതായിട്ടാണ് കണക്കാക്കുന്നത്. ഇതിൽ ഇന്ത്യൻ തീരുമാനങ്ങൾക്ക് നിർണായക പങ്കുണ്ട്.
എന്ത് കൊണ്ട് ഇന്ത്യൻ ഗോതമ്പ്
ലോകത്തെ മുൻനിര ഗോതമ്പ് വിതരണക്കാരായ റഷ്യയിലും യുക്രെയിനിലും യുദ്ധം നീണ്ടുപോകുന്നതാണ് ഗോതമ്പ് വില കുത്തനെ ഉയർന്നത്. റഷ്യൻ ആക്രമണങ്ങളിൽ യുക്രെയിനിൽ ഗോതമ്പ് കൃഷി താളം തെറ്റിയപ്പോൾ, ഉപരോധങ്ങൾ നിമിത്തം റഷ്യൻ ഗോതമ്പ് ഇറക്കാൻ അമേരിക്കൻ സൗഹൃദ രാജ്യങ്ങൾ തയ്യാറാകാത്തതാണ് ലോകം ഗോതമ്പിനായി ഇന്ത്യയിലേക്ക് തിരിയാൻ കാരണമായത്.
ഗൾഫ് രാജ്യങ്ങളും ബംഗ്ലാദേശുമാണ് ഇന്ത്യൻ ഗോതമ്പിന്റെ പ്രധാന വിപണികൾ. ഇതിനുപുറമേ ഗൾഫ് മേഖലയിൽ കൂടുതൽ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യൻ ഗോതമ്പിന് വിപണി ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. 2021 ജൂലായ് 2022 ജനുവരി കാലയളവിൽ 5.2 മില്യൺ ടൺ ഗോതമ്പാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്തത്. നിലവിൽ 350 ഡോളറാണ് ഇന്ത്യൻ ഗോതമ്പിന് ടണ്ണിന് വില. അമേരിക്ക, അർജന്റീന, യൂറോപ്പ് ഗോതമ്പുകൾക്ക് ഇതേസമയം വില 425 ഡോളറാണ്. ആകർഷക വിലയാണെന്നതും ഇന്ത്യൻ ഗോതമ്പിന് പ്രിയമേറാൻ കാരണമാണ്. റഷ്യ, യുക്രെയിൻ എന്നിവിടങ്ങളെ ആശ്രയിക്കുന്ന ഈജിപ്താണ് ലോകത്തിൽ ഗോതമ്പിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാർ. ഈ വർഷം ഇന്ത്യയുടെ ഗോതമ്പും വാങ്ങാൻ ഈജിപ്ത് ഉൾപ്പടെ ഇങ്ങോട്ട് താത്പര്യം അറിയിച്ച് എത്തിയിരുന്നു.
ആവശ്യത്തിനുള്ളപ്പോൾ എന്തിന് നിരോധനം
ലോകത്തെ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരാണ് ഇന്ത്യ. രാജ്യത്ത് ആവശ്യമുള്ളതിലും അധികം ഗോതമ്പ് ഉദ്പാദിപ്പിക്കുന്ന ഇന്ത്യ 2021 - 22 സാമ്പത്തിക വർഷത്തിൽ 7.2 മില്യൺ ടൺ ഗോതമ്പാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തത്. വരുന്ന വർഷം ഇത് 15 മില്യൺ ടണ്ണിലേക്ക് എത്തിക്കുക എന്ന ഉദ്ദേശവും സർക്കാരിനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മൊറോക്കോ, ടുണീഷ്യ, ഇൻഡോനേഷ്യ, തായ്ലൻഡ്, ഫിലിപ്പൈൻസ്, വിയറ്റ്നാം, ടർക്കി, അൽജീരിയ, ലെബനൻ എന്നിവിടങ്ങളിലേക്ക് പ്രത്യേകസംഘത്തെ കേന്ദ്രം അയയ്ക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി റഷ്യ യുക്രെയിനിൽ അധിനിവേശം ആരംഭിച്ചപ്പോൾ വിവിധ രാജ്യങ്ങൾ ഇന്ത്യയിലേക്ക് ഗോതമ്പ് വാങ്ങാൻ എത്തുകയായിരുന്നു. നടപ്പുവർഷം ഏപ്രിൽ - ജനുവരിയിൽ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി വരുമാനം 35.8 കോടി ഡോളറിൽ നിന്നുയർന്ന് 174 കോടി ഡോളറിലെത്തിയിരുന്നു; 387 ശതമാനമാണ് വർദ്ധന.
എന്നാൽ ആവശ്യക്കാരേറെയുണ്ടെന്നും രാജ്യത്ത് ഗോതമ്പിന്റെ ക്ഷാമം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിലാണ് ഇന്ത്യ കയറ്റുമതിക്ക് പൊടുന്നനെ നിരോധനം ഏർപ്പെടുത്തിയത്. ആഭ്യന്തരവിപണിയിൽ ഗോതമ്പിന്റെ വിലക്കയറ്റം പിടിച്ചുനിറുത്താന് കേന്ദ്രത്തിന് മുന്നിൽ ഈ തീരുമാനം എടുത്തേ മതിയാകൂ എന്നതാണ് അവസ്ഥ. മേയ് 13നാണ് ഇതു സംബന്ധിച്ച നോട്ടിഫിക്കേഷൻ ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) പുറത്തിറക്കിയത്. മേയ്13 വരെയുള്ള കരാർ പ്രകാരമുള്ള കയറ്റുമതി അനുവദിക്കുമെന്ന് ഡി.ജി.എഫ്.ടി വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ റിപ്പോർട്ടുപ്രകാരം ഗോതമ്പിന്റെ ചില്ലറവില കിലോയ്ക്ക് മേയ് ആദ്യവാരം ഏഴ് ശതമാനം ഉയർന്ന് 29 രൂപയായി. ആട്ട വില എട്ടുശതമാനം വർദ്ധിച്ച് 33 രൂപയുമായി. രാജ്യതാത്പര്യം സംരക്ഷിക്കാൻ പൂഴ്ത്തിവയ്പ്പ് അടക്കം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ കടുത്ത തീരുമാനത്തിലേക്ക് പോയതെന്ന് സാരം.
നിരോധനം പിന്നീട് പിൻവലിച്ചോ
ഇന്ത്യ ഗോതമ്പ് നിരോധം പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ് വില കുതിച്ചുയരുകയായിരുന്നു. ഇതോടെ വിവിധ കോണുകളിൽ നിന്നും ഇന്ത്യൻ തീരുമാനം പുനപരിശോധിക്കുവാനും, കടുത്ത തീരുമാനം എടുക്കരുതെന്ന അഭ്യർത്ഥനകൾ ഉയർന്നു. ഗോതമ്പ് കയറ്റുമതി നിരോധിച്ച ഇന്ത്യൻ തീരുമാനം പുന:പരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോർജിയേവ നേരിട്ട് അഭ്യർത്ഥിച്ചു. ഇന്ത്യ തീരുമാനം മാറ്റിയാൽ അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷയ്ക്കും ആഗോള സ്ഥിരതയ്ക്കും സഹായകരമായിരിക്കും എന്ന് അഭ്യർത്ഥിച്ചു. ലോകത്തെ 1.35 ബില്യൺ ജനങ്ങൾക്ക് അന്നമേകേണ്ട ആവശ്യം ഇന്ത്യയ്ക്കുണ്ടെന്നറിയാം, അന്തരീക്ഷ താപനിലയിലെ മാറ്റം ഉൽപാദനം കുറച്ചതും അറിയാം, എന്നാൽ കൂടുതൽ രാജ്യങ്ങൾ കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നേക്കാമെന്നതിനാൽ ഇന്ത്യ തീരുമാനം പുന:പരിശോധിക്കണമെന്നാണ് അന്താരാഷ്ട്ര നാണയ നിധി മേധാവി അഭ്യർത്ഥിച്ചത്.
ഇതേ തുടർന്ന് ഗോതമ്പ് കയറ്റുമതി നിരോധിച്ച ഉത്തരവിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തി. ഉത്തരവിറങ്ങിയ മേയ് 13ന് മുമ്പ് കസ്റ്റംസ് വകുപ്പിൽ രജിസ്റ്റർ ചെയ്തതും പരിശോധനയ്ക്കായി കൈമാറിയതുമായ ചരക്കുകൾക്ക് കയറ്റുമതി നിരോധനം ബാധകമല്ലെന്ന് ഉറപ്പാക്കി. ഈജിപ്തിലേക്ക് കൊണ്ടുപോകാൻ ഗുജറാത്തിലെ കണ്ട്ല തുറമുഖത്തു നിന്ന് കപ്പലിൽ കയറ്റിയ 61,500 മെട്രിക് ടൺ ഗോതമ്പിനും ഇളവു നൽകി. ഈജിപ്ഷ്യൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണിത്. ആഗോള വിപണിയിലെ പ്രതിസന്ധികൾ നേരിടുന്ന അയൽ രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കുമുള്ള ഗോതമ്പ് വിതരണവും തുടരും.പണപ്പെരുപ്പം തടയാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമാണ് കേന്ദ്രം ഗോതമ്പ് കയറ്റുമതി നിരോധിച്ചത്.
ഗോതമ്പ് ഇന്ത്യയുടെ എണ്ണ
നിരോധനം പിൻവലിച്ചപ്പോഴും ഗോതമ്പിനെ രാജ്യങ്ങളുമായുള്ള ഇടപാടുകളിൽ കൊണ്ടുവരാൻ ഇന്ത്യ തീരുമാനിച്ചു. സർക്കാരുകൾ തമ്മിൽ നേരിട്ട് ഇടപാടുകൾ നടത്തിയാൽ കയറ്റുമതി തുടരും എന്ന സന്ദേശം നൽകിയത് ഇതിനാലാണ്. ഗൾഫ് രാജ്യങ്ങൾ എണ്ണയെ തങ്ങളുടെ താത്പര്യത്തിന് ഉപയോഗിക്കുന്ന അതേ രീതിയിൽ ഗോതമ്പും ഇന്ത്യൻ നയതന്ത്രത്തിന്റെ ഭാഗമായി ഇതോടെ മാറി. ഇന്ത്യയുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അന്നത്തിനായി വേറെ വഴിനോക്കേണ്ടിവരും എന്ന തോന്നലുണ്ടാക്കാൻ രാജ്യത്തിനായി. കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഇനി സ്വകാര്യ ഏജൻസികൾക്കും ഗോതമ്പ് കയറ്റിയയക്കാൻ കഴിയുകയുള്ളു. അയൽരാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും ഇതിൽ മുൻഗണനയും നൽകി. ഗോതമ്പ് വില 40 ശതമാനം വർദ്ധിച്ച സാഹചര്യത്തിൽ വികസിത രാജ്യങ്ങളിൽ നിന്നും വൻവരുമാനമുണ്ടാക്കാനും ഇന്ത്യയ്ക്ക് ഈ തീരുമാനത്തോടെ കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |