ഭുവനേശ്വർ: ആചാരങ്ങൾ ലംഘിച്ച് വിവാഹം കഴിച്ചതിന് നവദമ്പതികളെ ശിക്ഷയ്ക്ക് വിധേയരാക്കി. ഒഡീഷയിലുള്ള റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിൽ നിന്നുള്ള ലാഗ്സാരകയും കൊടിയ സാരഗെയെയുമാണ് ചാട്ടവാറിനടിച്ച് കലപ്പയിൽ കെട്ടി നിലം ഉഴുതുമറിപ്പിച്ച് ശിക്ഷിച്ചത്. പിതൃസഹോദരിയെ വിവാഹം കഴിച്ചതിനാണ് ശിക്ഷ ലഭിച്ചത്.
ഒരേ കുടുംബത്തിലുള്ളവർ വിവാഹം കഴിക്കാൻ പാടില്ലെന്നാണ് കുലത്തിലെ നിയമം. ലാഗ്സാരകയും കൊടിയ സാരഗെയും വിവാഹം കഴിച്ചതറിഞ്ഞ് ഊരിലുള്ളവർ പഞ്ചായത്ത് കൂടി. ശേഷം ശുദ്ധികലശത്തിന്റെ പേരിൽ തീരുമാനിച്ച പരിഹാര ക്രിയയാണ് നുകത്തിൽ കെട്ടി ഉഴുതൽ ശിക്ഷ. ഗ്രാമത്തിലെ മുതിർന്നവരുടെ ഒരു സംഘമാണ് ദമ്പതികൾക്ക് ശിക്ഷവിധിച്ചത്.
പൊതുജനത്തെ സാക്ഷിയാക്കിയാണ് ഇവരെ ശിക്ഷിച്ചത്. മുളയും മരക്കഷണങ്ങളും കൊണ്ട് നിർമ്മിച്ച കലപ്പ തോളിൽ കെട്ടി കാളയ്ക്ക് സമാനമായി ഇരുവരെയും കൊണ്ട് നിലം ഉഴുതു മറിക്കുകയായിരുന്നു. ശിക്ഷയ്ക്ക് ശേഷം ദമ്പതികളെ അടുത്തുള്ള ക്ഷേത്രത്തിൽ കൊണ്ടുപോയി ശുദ്ധീകരണ ചടങ്ങുകൾക്ക് വിധേയമാക്കി നാടുകടത്തുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലുൾപ്പടെ വൈറലായതോടെ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹിക സംഘടനകളും രംഗത്തെത്തി. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും സന്നദ്ധ സംഘടനകൾ പ്രതികരിച്ചു.
താലിബാന്റെ ശിക്ഷകൾക്ക് സമാനമാണിതെന്നും പലരും ചൂണ്ടികാണിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിവധ മനുഷ്യവകാശ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് ഉറപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |