
മനുഷ്യൻ കുരങ്ങിൽ നിന്നല്ല പരിണമിച്ചത്. കേട്ട് അത്ഭുതപ്പെടേണ്ട. ശരിക്കും സത്യം തന്നൊണ്. അതായത് നാമെല്ലാം സ്‌കൂളിലും മറ്റും പഠിച്ചതും മനസിലാക്കിയതുമെല്ലാം തെറ്റായിരുന്നു. എന്നാൽ ഇത് പുതിയ കണ്ടുപിടിത്തമൊന്നുമല്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
മനുഷ്യന്റെ പരിണാമം എന്ന തരത്തിൽ വ്യാപകമായി ഇന്നും പലരും ഉപയോഗിക്കുന്ന ഒരു ചിത്രത്തെ തെറ്റായി മനസിലാക്കിയതാണ് ഈ അബദ്ധത്തിന് പിന്നിലെ പ്രധാന കാരണം. ഒരു മനുഷ്യന് പിന്നിൽ നമ്മുടെ ചില പൂർവികരും ഏറ്റവും പിന്നിലായി ഒരു കുരങ്ങനും നിൽക്കുന്ന ചിത്രമാണ് പലരും പരിണാമസിദ്ധാന്തത്തെ പറ്റി വിവരിക്കാൻ ഉപയോഗിക്കുന്നത്. ഈ ചിത്രമാണ് ഇത്രയും നാൾ ഒരു വലിയ വിഭാഗം ജനങ്ങളും തെറ്റ് പഠിക്കാൻ കാരണം.

നിങ്ങൾ വിശ്വസിച്ചിരുന്ന പോലെ മനുഷ്യൻ കുരങ്ങിൽ നിന്നാണ് പരിണമിച്ച് വന്നതെന്ന് തന്നെ ഇരിക്കട്ടെ. എങ്കിൽ മനുഷ്യനും കുരങ്ങനും എങ്ങനെയാണ് ഒരുമിച്ച് ജീവിക്കുക? എന്തുകൊണ്ടാണ് ഇന്നത്തെ കുരങ്ങന്മാർ പരിണമിച്ച് മനുഷ്യരാവാത്തത്? ചിന്തിച്ചാൽ ചോദ്യങ്ങളേറെയാണ്.
ഒരു ജീവിയ്ക്ക് പലതരം മാറ്റങ്ങൾ സംഭവിച്ചാണ് അത് മറ്റൊരു ജീവി ഗണമായി (സ്പീഷീസ്) പരിണമിക്കുന്നത്. അങ്ങനെയാണെങ്കിൽ മനുഷ്യനും കുരങ്ങനും ഒന്നിച്ചു ജീവിക്കുക സാദ്ധ്യമല്ലല്ലോ. അതായത് കുരങ്ങന്റെയോ ചിമ്പാൻസീയുടെയോ ഗൊറില്ലയുടെയോ ഒന്നും പിൻഗാമിയല്ല മനുഷ്യൻ. എന്നാൽ ഇവയെല്ലാം തമ്മിൽ പരിണാമചരിത്രത്തിൽ ബന്ധമുണ്ട് താനും.
അങ്ങനെയെങ്കിൽ, ഏത് ജീവിയിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത്?
മനുഷ്യൻ ഉൾപ്പടെ ഇന്നീ ഭൂമുഖത്ത് കാണുന്ന എല്ലാ ജീവജാലങ്ങളും ഉണ്ടായി വന്നത് ഒരു ആദിമ കോശത്തിൽ നിന്നാണ്. അതിൽ തന്നെ മനുഷ്യനും ചിമ്പാൻസീയും ഗൊറില്ലയും ഗിബ്ബണും കുരങ്ങനുമെല്ലാം പരിണമിച്ചത് ഒരു പൊതു പൂർവികനിൽ നിന്നും.
ആന്ത്രോപോയിഡെ (Anthropoidea) എന്ന ഒരു കൂട്ടം ജീവികളെയാണ് നമ്മുടെയും മേൽ പറഞ്ഞ ജീവികളുടെയും പൊതു പൂർവികനായി കരുതപ്പെടുന്നത്. എന്നാൽ മനുഷ്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ജീവികൾ ഇക്കൂട്ടരല്ല. ആന്ത്രോപോയിഡെ ക്രമേണ രണ്ട് ജീവിവർഗങ്ങളായി വേർതിരിഞ്ഞു.

ഇന്ന് നാം കാണുന്ന കുരങ്ങുകളൊക്കെ ഉൾപ്പെടുന്ന സെർക്കോപിത്തെക്കോയിഡെ (Cercopithecoidea) എന്നതാണ് ആദ്യത്തെ വർഗം. ഇതിനെ പഴയ കാല കുരങ്ങുകൾ (ഓൾഡ് വേൾഡ് മങ്കീസ്) എന്നും വിശേഷിപ്പിക്കാറുണ്ട്.
മനുഷ്യൻ, ചിമ്പാൻസീ തുടങ്ങിയ ജീവികളുൾപ്പെടുന്ന ഹൊമിനിഡെ (Hominidae) ആണ് രണ്ടാമത്തെ വർഗം. ഈ വിഭാഗത്തെ ഗ്രേറ്റ് ഏപ്സ് എന്നും വിളിക്കാറുണ്ട്.
സെർക്കോപിത്തെക്കോയിഡെ വിഭാഗത്തിൽ വരുന്ന ജീവികൾക്ക് ചെറിയ മസ്തിഷ്തകവും നീളമുള്ള വാലുകളുമാണ് ഉള്ളത്. അതേസമയം, വികസിച്ച മസ്തിഷ്‌കവും സ്വതന്ത്രമായി ചലിപ്പിക്കാവുന്ന കൈകളോടുകൂടിയ ജീവികളാണ് ഹൊമിനിഡെയിൽ വരുന്നത്.
എന്തുകൊണ്ടാണ് ആന്ത്രോപോയിഡെ ഇത്തരത്തിൽ രണ്ടായി വേർതിരിഞ്ഞതെന്ന സംശയം നിങ്ങൾക്കുണ്ടായേക്കാം. അതിനുത്തരം ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ നിന്ന് ലഭിക്കും.
ഡാർവിന്റെ പരിണാമ സിദ്ധാന്തം
ഒരു ജീവി അതിന്റെ ജീവിത കാലയളവിൽ വളരെയേറെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും. ഇവയെല്ലാം പല തരത്തിലുള്ള വ്യതിയാനങ്ങളോട് കൂടിയായിരിക്കും ജനിക്കുക. അമ്മയുടെയും അച്ഛന്റെയും ശരീരത്തിലില്ലാത്ത പ്രത്യേക ഗുണങ്ങളെയാണ് വ്യതിയാനങ്ങളെന്ന് വിളിക്കുന്നത്.
ഇത്തരത്തിൽ അമിതമായി ഉത്പാദിപ്പിക്കുന്ന കുഞ്ഞുങ്ങൾ അതിന്റെ നിലനിൽപ്പിനായി ആഹാരത്തിനും വാസസ്ഥലത്തിനും വേണ്ടി തമ്മിൽ പോരടിക്കും. ഇത്തരത്തിൽ പോരടിക്കുന്നവരിൽ അതിന്റെ ചുറ്റുപാടിനോട് അനുകൂലമായ വ്യതിയാനങ്ങൾ ഉള്ളവർ മാത്രം അതിജീവിക്കുകയും മറ്റുള്ളവ നശിച്ച് പോവുകയും ചെയ്യുന്നു.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ജീവികളുടെ നിലനിൽപ്പിനെ ബാധിക്കുന്നതിനാൽ അവ ജീവിക്കുന്ന ആവാസ വ്യവസ്ഥയ്ക്ക് കൂടി ഇണങ്ങിയ തരത്തിലുള്ള ശാരീരിക പ്രത്യേകതകൾ ഉള്ളവയെ മാത്രമേ പ്രകൃതി, പരിണാമത്തിനായി തിരഞ്ഞെടുക്കുകയുള്ളു. ഇതാണ് ഡാർവിന്റെ പ്രകൃതി നിർദ്ധാരണ സിദ്ധാന്തം അഥവാ പരിണാമ സിദ്ധാന്തം.
ഇത്തരത്തിൽ പല നൂറ്റാണ്ടുകളായി ജീവികളിലുണ്ടാകുന്ന വ്യതിയാനങ്ങളെല്ലാം കൂടിച്ചേർന്നാണ് പുതിയൊരു ജീവിവർഗം ഉടലെടുക്കുന്നത്. അതായത് ഒരു ജീവി പരിണമിച്ച് പുതിയ ജീവി ആയിക്കഴിഞ്ഞാൽ അതിന്റെ പൂർവികർ ഭൂമുഖത്തുണ്ടാവില്ലെന്നർത്ഥം.
പരിണാമം എന്നത് വളരെ വർഷങ്ങളെടുത്ത് സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. അതിന് ഒരിക്കലും അന്ത്യമുണ്ടാകില്ല. ഭൂമിയിൽ ജീവനുള്ള കാലമത്രയും എല്ലാ ജീവികളും പരിണമിച്ചുകൊണ്ടിരിക്കും. മനുഷ്യനും വരും കാലങ്ങളിൽ പരിണാമം സംഭവിക്കും.
മനുഷ്യന്റെ പരിണാമം.

മനുഷ്യന്റെ കഥ തുടങ്ങുന്നത് ആഫ്രിക്കയിൽ നിന്നാണ്. അതിനാൽ തന്നെ മനുഷ്യഗണത്തിന്റെ പരിണാമത്തിന് ആഫ്രിക്കൻ ഭൂമിശാസ്ത്രവുമായും അവിടെ സംഭവിച്ച മാറ്റങ്ങളുമായും അഭേദ്യമായ ബന്ധമാണുള്ളത്. മനുഷ്യവർഗത്തിൽ തന്നെ ഒട്ടനവധി ഗണങ്ങളുണ്ട്. എന്നാൽ ചിലവയെ പറ്റി വ്യക്തമായ ധാരണ ലഭിക്കാൻ കഴിയുന്ന തരത്തിലുള്ള ഫോസിലുകൾ നരവംശശാസ്ത്രജ്ഞർക്ക് ലഭിച്ചിട്ടില്ല. അതിനാൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചില ഗണങ്ങളെ പറ്റി മാത്രമേ ചുവടെ വിശദമാക്കുന്നുള്ളു.
പ്രൊക്കോൺസൽ ആഫ്രിക്കാനസ് (Proconsul africanus)

മനുഷ്യൻ ഉൾപ്പെടുന്ന ഹൊമിനിൻ എന്ന കുടുംബവുമായി നേരിട്ട് ബന്ധമില്ലെങ്കിലും, പ്രൊക്കോൺസലുകളുടെ കഥ പറയാതെ മനുഷ്യന്റെ പരിണാമം പൂർണമാവില്ല. മനുഷ്യൻ, ഇന്നത്തെ കുരങ്ങുകൾ, ചിമ്പാൻസീ, ഗൊറില്ല, ഒറാംഗുട്ടാൻ, ഗിബ്ബൺ എന്നീ വർഗങ്ങളുടെ അവസാനത്തെ പൊതു പൂർവികനാണ് പ്രൊക്കോൺസൽസ് എന്നാണ് കരുതപ്പെടുന്നത്. മേരീ ലീക്കീയുടെ കണ്ടെത്തലുകൾ പ്രകാരം, ഏകദേശം 20 മുതൽ 25 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് ഇവ ഭൂമിയിൽ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.

പഴങ്ങളും ഇലകളും മാത്രം ഭക്ഷിച്ച് ജീവിച്ച പ്രൊക്കോൺസലുകൾ ആഫ്രിക്കൻ കാടുകളിലെ മരങ്ങളിലാണ് തങ്ങിയിരുന്നത്. മുൻകാലുകൾക്കും പിൻകാലുകൾക്കും ഒരേ വലിപ്പമുണ്ടായിരുന്ന ഇവർ നാല് കാലിലാണ് സഞ്ചരിച്ചിരുന്നത്. തറയിൽ ഇവർ വളരെ ദുർബലരായിരുന്നു. കിഴക്കൻ ആഫ്രിക്കയിൽ നിന്നാണ് ഇവയുടെ ഫോസിലുകൾ ലഭിച്ചിട്ടുള്ളത്.
സാവന്ന ഹൈപ്പോതെസിസ്

10 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിലെ അന്തരീക്ഷ താപനില കുറയുകയും അത് പ്രദേശത്തെ മരങ്ങളുടെ നാശത്തിന് ഇടയാക്കുകയും ചെയ്തു. ആഫ്രിക്കയിലെ മരങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ആ ഭൂഖണ്ഡത്തിന്റെ വലിയൊരു ഭാഗവും സാവന്നയായി (വൃക്ഷങ്ങളില്ലാത്ത വിശാല പ്രദേശം) മാറി. ഈ സാഹചര്യം മരങ്ങളിൽ മാത്രം ജീവിച്ചിരുന്ന ജീവി വർഗത്തെ മരങ്ങളിൽ നിന്ന് താഴെയിറങ്ങി ജീവിക്കാൻ പ്രേരിപ്പിച്ചു. തൽഫലമായി ജീവികൾ രണ്ട് കാലിൽ നടക്കാൻ ആരംഭിച്ചുവെന്നും ഇത് അവയിൽ പരിണാമത്തിന് കാരണമാവുകയും ചെയ്തുവെന്നുമാണ് സാവന്ന ഹൈപോതെസിസ് പറയുന്നത്.
മനുഷ്യന്റെ ഏറ്റവും അടുത്ത (മനുഷ്യഗണത്തിൽ പെടാത്ത) ബന്ധു

ഏകദേശം ഏഴ് ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് മനുഷ്യന്റെയും ചിമ്പാൻസീകളുടെയും അവസാനത്തെ പൊതു പൂർവികൻ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. അതായത് ഏഴ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് എല്ലാ കുരങ്ങുകളിൽ നിന്നും വേർപെട്ട് ഹൊമിനിൻ എന്ന ജീവിവർഗം സ്വതന്ത്രമായി പരിണമിക്കാനാരംഭിച്ചത്. മറ്റ് കുരങ്ങുകളുമായി ബന്ധമില്ലാത്ത മനുഷ്യൻ എന്ന ഗണം ഉൾപ്പെടുന്നതാണ് ഹൊമിനിൻ വർഗം. (ഈ പൊതു പൂർവികനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല).
ഹൊമിനിൻ വർഗത്തിലെ അംഗങ്ങൾ,
1. സഹെൽആന്ത്രോപസ് ഛഡെൻസിസ് (Sahelanthropus tchadensis)

ഹൊമിനിൻ എന്ന ജീവി വർഗത്തിലെ ആദ്യത്തെ കണ്ണിയാണ് സഹെൽആന്ത്രോപസ് ഛഡെൻസിസ്. ഇന്ന് കാണുന്ന മനുഷ്യൻ അതായത് നമ്മൾ പരിണമിച്ചത് ഈ ജീവിയിൽ നിന്നാണെന്നർത്ഥം. ഏഴ് മുതൽ ആറ് ദശലക്ഷം വർഷം മുമ്പ് മധ്യ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഇന്നത്തെ ഛാഡ് രാജ്യം സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഇവ ജീവിച്ചിരുന്നതെന്നാണ് കരുതുന്നത്. ഇവയ്ക്ക് രണ്ട് കാലിൽ നടക്കാൻ സാധിച്ചിരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. (രണ്ട് കാലിൽ നടക്കുക എന്നാൽ ഇന്ന് നാം നടക്കുന്ന പോലെ എന്ന് അർത്ഥമില്ല).

ഏകദേശം ഇന്ന് നാം കാണുന്ന കുരങ്ങന്മാരുടെ അതേ രൂപമായിരുന്നു ഇവയുടേതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചിമ്പാൻസീകളുടെ മസ്തിഷ്കത്തേക്കാൾ ചെറിയ മസ്തിഷ്കവും ചെറിയ കൊമ്പല്ലുകളും ഉണ്ടായിരുന്ന ഇവയ്ക്ക് ഒരേസമയം ആൾക്കുരങ്ങുകളുടെയും മനുഷ്യന്റെയും ഗുണങ്ങൾ ഉണ്ടായിരുന്നു. ഇവയുടെ തലയോട് മാത്രമേ ഇതുവരെ കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളു. അതിനാൽ തന്നെ സഹെൽആന്ത്രോപസുകളെ പറ്റി കൂടുതൽ ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല.
2. ഒറോറിൻ ട്യൂഗെനെൻസിസ്
3. ആർഡിപിത്തെക്കസ് കടാബ്ബ
4. ആർഡിപിത്തെക്കസ് റാമിഡസ്

കുരങ്ങ് രൂപത്തിൽ നിന്ന് നാം മനുഷ്യ രൂപത്തിലേക്ക് മാറി തുടങ്ങുന്നത് റാമിഡസിൽ നിന്നാണ്. അതായത് റാമിഡസ് ഒരേ സമയം കുരങ്ങിന്റെയും മനുഷ്യന്റെയും സവിശേഷതകളും രൂപ സാദൃശ്യവും കാണിച്ചിരുന്നു. ഇതിനും രണ്ട് കാലിൽ നടക്കാനുള്ള ശേഷിയുണ്ടായിരുന്നു. അതേസമയം കുരങ്ങുകളെപ്പോലെ അനായാസം മരങ്ങളിലും കയറിയിരുന്നു. മുട്ടോളം നീളമുള്ളതായിരുന്നു അവയുടെ കൈകൾ. 5.8 ദശലക്ഷം വർഷങ്ങൾ മുതൽ 4.4 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഇവ ജീവിച്ചിരുന്നത്.
കാലം പിന്നെയും കടന്ന് പോയി. ആഫ്രിക്കയിലെ മരങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ഇത് റാമിഡസിന് തിരിച്ചടിയായി. മരങ്ങളെ ഉപേക്ഷിച്ച് അവയ്ക്ക് തറയിലേക്ക് ഇറങ്ങേണ്ടി വന്നു. അങ്ങനെ നാല് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് റാമിഡസ് പരിണമിച്ച് ആസ്ട്രാലോപിത്തെക്കസ് എന്ന വർഗമായി മാറി.
5. ആസ്ട്രാലോപിത്തെക്കസ് അനമെൻസിസ്
6. ആസ്ട്രാലോപിത്തെക്കസ് അഫറെൻസിസ്

മരങ്ങളെ ആശ്രയിക്കാതെ വിശാലമായ പ്രദേശങ്ങളിലൂടെ നടക്കാനുള്ള തരത്തിൽ ആസ്ട്രാലോപിത്തെക്കസ് മാറി. അഥവാ പരിണാമം അവരെ അങ്ങനെ മാറ്റിയെടുത്തു. ഇവയ്ക്ക് കിലോമീറ്ററുകളോളം നടക്കാനുള്ള കഴിവ് ലഭിക്കുകയുണ്ടായി.
മരങ്ങളില്ലാത്തതിനാൽ തന്നെ അവയ്ക്ക് കൂടുതൽ അപകടങ്ങളെ നേരിടേണ്ടതായി വരികയും ക്രമേണ അവ ഒറ്റയക്ക് ജീവിക്കുന്നതിൽ നിന്ന് കൂട്ടമായി ജീവിക്കാനാരംഭിക്കുകയും ചെയ്തു. അവിടെ വച്ച് മനുഷ്യൻ സമൂഹമായി മാറാൻ ആരംഭിച്ചുവെന്ന് പറയാം. ഇവരുടെയും രൂപം ഏറെക്കുറേ ഇന്നത്തെ കുരങ്ങനെയും ചിമ്പാൻസികളെയുമൊക്കെ പോലെയായിരുന്നു. എന്നിരുന്നാലും ഇവയിലും മനുഷ്യന്റെ ഗുണങ്ങൾ കാണാമായിരുന്നു. ഇവ മൂന്ന് ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ജീവിച്ചിരുന്നത്.
7. ആസ്ട്രാലോപിത്തെക്കസ് ബഹ്രെൽഗസാലി
8. കെന്യാന്ത്രോപസ് പ്ലാറ്റ്യോപ്സ്
9. ആസ്ട്രാലോപിത്തെക്കസ് ആഫ്രിക്കാനസ്
10. പാരാന്ത്രോപസ് എത്യോപിക്കസ്
11. ആസ്ട്രാലോപിത്തെക്കസ് ഗാർഹി
കാലം കഴിയുന്തോറും ഭൂപ്രദേശങ്ങൾ മാറുകയും ജീവികളുടെ പരിണാമം തുടരുകയും ചെയ്തുകൊണ്ടിരുന്നു. മൂന്ന് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആസ്ട്രാലോപിത്തെക്കസ് ജീനസ് ശരിക്കും മനുഷ്യ രൂപമുള്ള ജീവികളായി പരിണമിക്കാൻ ആരംഭിച്ചു. അങ്ങനെ രണ്ടര ദശലക്ഷം വർഷം മുൻപ് ആധുനിക മനുഷ്യന്റെ ജീനസായ ഹോമോ എന്ന വിഭാഗത്തിലെ ആദ്യ ജീവി രൂപപ്പെട്ടു.
12. ഹോമോ ഹാബിലിസ്

രണ്ട് ദശലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്നു. ആധുനിക മനുഷ്യന്റെ ജീനസായ ഹോമോയിലെ ഗുണങ്ങളോട് കൂടിയ ആദ്യ സ്പീഷീസാണ് ഹോമോ ഹാബിലിസ്. ഇവയാണ് ആദ്യമായി ചെറു ഉപകരണങ്ങൾ സൃഷ്ടിക്കാനാരംഭിച്ചത്. കല്ലുകൾ ഉപയോഗിച്ചാണ് ഇവർ ചെറു ഉപകരണങ്ങൾ സൃഷ്ടിച്ചുതുടങ്ങിയത്. ഇറച്ചി മുറിക്കാനും, മൃഗങ്ങളെ ആക്രമിക്കാനുമൊക്കെയാണ് ഇത്തരം കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതിരുന്നത്. അങ്ങനെ മനുഷ്യൻ ആദ്യമായി ആയുധമെടുത്തു. വ്യക്തമായി പറഞ്ഞാൽ ഭൂമുഖത്തെ ആദ്യ ആയുധധാരിയായ ജീവി ഉടലെടുത്തു.
കാലം ആർക്കുവേണ്ടിയും കാത്തിരിക്കാറില്ലല്ലോ. സാവന്നയായിരുന്ന പ്രദേശം പതിയെ തിരികെ കാടായി മാറാൻ ആരംഭിച്ചു. മരങ്ങൾ ദൃശ്യമായിത്തുടങ്ങി. എന്നാൽ ആയുധമെടുത്ത് രണ്ട്കാലുകളിൽ നിൽക്കാൻ ആരംഭിച്ച മനുഷ്യൻ തിരികെ മരങ്ങളിലേക്ക് കുടിയേറിയില്ല. അവൻ ഭൂമിയെ വരുതിയിലാക്കാനുള്ള പ്രയാണത്തിൽ തന്നെ മുഴുകി. മനുഷ്യന്റെ മസ്തിഷ്കം വികസിച്ചുതുടങ്ങി. ശക്തിയേക്കാൾ വലുതാണ് ബുദ്ധിയെന്ന തിരിച്ചറിവ് ഇല്ലായിരുന്നെങ്കിൽ പോലും അവൻ എല്ലാം അറിയാൻ
ശ്രമിച്ചുകൊണ്ടിരുന്നു. ഹോമോ ജീനസിന്റെ മസ്തിഷ്കത്തിന് മാറ്റങ്ങൾ സംഭവിച്ചു. മുഖം മനുഷ്യന്റേതിന് സമാനമായിമാറി.
13. പാരാന്ത്രോപസ് ബോയ്സെയ്
14. ഹോമോ എറക്ടസ്
15. ഹോമോ എർഗാസ്റ്റർ

ഒന്നര ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു. മസ്തിഷ്കത്തിന്റെ ഭാരം 800 ഗ്രാമായി ഇയർന്നു. ആഫ്രിക്കയുടെ ഭീകരരായി അവർ മാറി. കല്ലുകൾ വച്ച് കുറച്ചുകൂടി മെച്ചപ്പെട്ട ആയുധങ്ങൾ അവർ നിർമിച്ചെടുത്തു. അതിനെ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ വേട്ടക്കാരനായി മാറി. പിന്നാലെ അവൻ തീയെ വരുതിയിലാക്കി. കിഴക്കൻ ആഫ്രിക്കയിലാണ് ഇവ കൂടുതലായി കണ്ടത്. ഇന്നത്തെ മനുഷ്യനുമായി വളരെ സാദൃശ്യമുള്ള ഗണമായി അവർ.
16. ഹോമോ റുഡോൾഫെൻസിസ്
17. ആസ്ട്രാലോപിത്തെക്കസ് സെഡിബ
18. പാരാന്ത്രോപസ് റൊബസ്റ്റസ്
19. ഹോമോ ആന്റിസിസർ
20. ഹോമോ ഹൈഡെൽബെർജെൻസിസ്
ഇന്നത്തെ മനുഷ്യന്റെ അതേ വലിപ്പത്തിലും ഭാരത്തിലുമുള്ള മസ്തിഷ്കമായിരുന്നു അവയുടെ പ്രധാന പ്രത്യേകത. അവർ ഒന്നിച്ചു ജീവിക്കാനും കുടുംബമായി താമസിക്കാനും ആരംഭിച്ചു. വീടുകൾ കെട്ടിയുണ്ടാക്കി. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടി.
21. ഹോമോ നിയാണ്ടെർതാലെൻസിസ്

40,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഇവരാണ് ആധുനിക മനുഷ്യനുമായി (ഹോമോ സാപ്പിയൻസ്) ഏറ്റവും അടുത്ത് ബന്ധമുള്ളവർ. 4000 വർഷങ്ങൾക്ക് മുമ്പ് വരെ ഇവർ ഭൂമിയിലുണ്ടായിരുന്നു. ഹോമോ സാപ്പിയൻസുമായി ഒന്നിച്ചു ജീവിക്കുകയും ചെയ്തിരുന്നതായി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
22. ഡെനിസോവിയൻസ്
23. ഹോമോ ഫ്ലോറെസിയെൻസിസ്
24. ഹോമോ സാപിയൻസ്

മനുഷ്യ ഗണത്തിൽ ഇന്ന് അവശേഷിക്കുന്ന ഒരേ ഒരു സ്പീഷീസാണ് ഹോമോ സാപ്പിയൻസ്. അതായത് ആധുനിക മനുഷ്യൻ എന്നറിയപ്പെടുന്ന നാം. ഭൂമിയെ അടക്കിവാഴുന്ന ഒരേ ഒരു ജീവി വർഗം. ഇനിയും മനുഷ്യന് പരിണാമം സംഭവിക്കും. ജീവൻ നിലനിൽക്കുന്ന കാലത്തോളം പരിണാമം തുടർന്ന്കൊണ്ടേയിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |