SignIn
Kerala Kaumudi Online
Friday, 16 October 2026 2.39 AM IST

നൂപുർ ശർമ്മയെ പിന്തുണച്ചയാളെ തലവെട്ടി കൊലപ്പെടുത്തിയ പ്രതികൾക്ക് തീവ്രവാദബന്ധം, അതീവ ജാഗ്രതയിൽ രാജസ്ഥാൻ

udaipur-killing

ഉദയ്പൂർ: രാജസ്ഥാനിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ടതിന് തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ.


കനയ്യ ലാൽ എന്ന തയ്യൽകട ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി രാജ് എന്നിവരെ രാജ്സമൻദ് ജില്ലയിൽ നിന്നാണ് പിടികൂടിയത്. ഇവരുടെ സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലുകളിൽ നിന്നാണ് തീവ്രവാദ ബന്ധത്തിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ഇവർക്ക് തീവ്രവാദ ഗ്രൂപ്പായ ഐസിസുമായി ബന്ധമുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രതികളിലൊരാളുടെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുള്ള ചിത്രങ്ങളിൽ നിന്നുമാണ് ഐസിസ് ബന്ധമുള്ള സൂചനകൾ ലഭിച്ചത്. ഇതിന് പുറമേ രാജസ്ഥാനിൽ നിന്നും അടുത്തിടെ അറസ്റ്റിലായ ഐസിസ് ബന്ധമുള്ളയാളുകളുമായും ഇയാൾക്ക് ബന്ധമുണ്ട്. അതേസമയം പ്രതികൾക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

തയ്യൽകട ഉടമയായ കനയ്യ ലാലിനെ കടയിൽ അളവെടുക്കുന്നതിനിടെയാണ് അക്രമികൾ ആക്രമിച്ചത്. കനയ്യലാലിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും വെട്ടിയശേഷം അക്രമികൾ തലയറുത്ത് മാറ്റി. ഇവർ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചു. സംഭവത്തെ തുടർന്ന് രാജസ്ഥാനിൽ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്പൂരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് എൻ ഐ എ സംഘവും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. രണ്ട് പ്രതികളും രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ ചാർഭുജ പൊലീസ് സ്‌റ്റേഷൻ ലോക്കപ്പിലാണുള്ളത്.

കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് ജനങ്ങൾ തെരുവിലിറങ്ങുകയും ടയറുകളടക്കം റോഡിലിട്ട് കത്തിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാകാൻ ശാന്തരായിരിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആഹ്വാനം ചെയ്തു. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മുൻവക്താവ് നൂപുർ ശർമ്മയെ അനുകൂലിച്ച് കനയ്യലാൽ കുറച്ച് ദിവസംമുൻപ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് സംഭവം. വിവാദ പോസ്റ്റിന്റെ പേരിൽ ഇവിടെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഒപ്പം കനയ്യലാലിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യംചെയ്തിരുന്നതായും വിവരമുണ്ട്. ഭീഷണിയെ തുടർന്ന് കനയ്യലാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പൊലീസ് ഇത് കാര്യമാക്കി എടുത്തിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ATTACK, MURDER, POLICE INVESTIGATION, TERROR LINKS, UDAYPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY