ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗം വലിയ വിവാദം സൃഷ്‌ടിച്ചിരിക്കുകയാണ്. മന്ത്രിയെ പ്രതികൂലിച്ചും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ അടക്കം തർക്കങ്ങൾ നടക്കുകയാണ്. ഭരണഘടന ലംഘനമാണ് മന്ത്രി നടത്തിയിരിക്കതുന്നതെന്നും, രാജി വച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.
ഇപ്പോഴിതാ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. അംബേദ്ക്കറോട് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്ന എതിർപ്പിന്റെ ഭാഗമാണോ സജി ചെറിയാനെ കൊണ്ട് ഇങ്ങനെ പറയിച്ചത് എന്ന് വ്യക്തമാക്കണം. അതുമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പ്രത്യയ ശാസ്ത്രം കണക്കെ അനുവർത്തിച്ച് വരുന്ന ദളിത് വിരുദ്ധത കൊണ്ട് , ദളിത് വിഭാഗത്തിൽപ്പെട്ട അംബേദ്ക്കർ എന്ന മഹാമനുഷ്യൻ തയ്യാറാക്കിയ ഭരണഘടന, അത് വെറും കേട്ടെഴുത്ത് മാത്രമായിരിക്കും എന്ന് കമ്മ്യൂണിസ്റ്റ് സവർണ്ണ ബോധമാണോ സജി ചെറിയാൻ പങ്ക് വെച്ചതെന്നും വ്യക്തമാക്കണമെന്നും രാഹുൽ പറയുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സജി ചെറിയാൻ ഭരണഘടനയെ തള്ളിപ്പറഞ്ഞാൽ ആക്ഷേപിക്കില്ല അതിന് കാരണം ആഗസ്ത് 15 നെ ആപത്ത് 15 എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് പാർട്ടി അംഗമാണദ്ദേഹം. എന്നാൽ ഭരണഘടനയെ മുൻ നിർത്തി അധികാരമേറ്റ ജനപ്രതിനിധിയും മന്ത്രിയുമാണയാൾ.
ഇന്ത്യയിൽ ഭരണ ഘടനയെ അംഗീകരിക്കാത്ത രണ്ട് വിഭാഗമേയുള്ളൂ, അതിലൊന്ന് സംഘ് പരിവാറാണ് അവർ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും മനു സ്മൃതി ഭരണഘടനയാക്കണമെന്നാണ്, എന്നാൽ ഈ കൂപ മണ്ഡൂകങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് തുറന്ന് പറഞ്ഞാൽ കൊള്ളാമെന്നുണ്ട്.
അതല്ല, അംബേദ്ക്കറോട് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്ന എതിർപ്പിന്റെ ഭാഗമാണോ സജി ചെറിയാനെ കൊണ്ട് ഇങ്ങനെ പറയിച്ചത് എന്ന് വ്യക്തമാക്കണം. അതുമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പ്രത്യയ ശാസ്ത്രം കണക്കെ അനുവർത്തിച്ച് വരുന്ന ദളിത് വിരുദ്ധത കൊണ്ട് , ദളിത് വിഭാഗത്തിൽപ്പെട്ട അംബേദ്ക്കർ എന്ന മഹാമനുഷ്യൻ തയ്യാറാക്കിയ ഭരണഘടന, അത് വെറും കേട്ടെഴുത്ത് മാത്രമായിരിക്കും എന്ന് കമ്മ്യൂണിസ്റ്റ് സവർണ്ണ ബോധമാണോ സജി ചെറിയാൻ പങ്ക് വെച്ചതെന്നും വ്യക്തമാക്കണം.
കാരണം എന്ത് തന്നെ ആയാലും, ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പരസ്യമായി ഭരണഘടനയെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്യ്തിരിക്കുകയാണ്, അതിനാൽ സജി ചെറിയാൻ മന്ത്രി സ്ഥാനവും, MLA സ്ഥാനവും രാജി വെച്ചൊഴിഞ്ഞ് നിയമ നടപടികൾ സ്വീകരിക്കണം'.