ബംഗളൂരു: കർണ്ണാടകയിലെ വാസ്തുവിദഗ്ദ്ധൻ ചന്ദ്രശേഖർ ഗുരുജി എന്നറിയപ്പെടുന്ന ചന്ദ്രശേഖരൻ അംഗാഡിയെ ഹോട്ടലിന്റെ റിസപ്ഷൻ ഹാളിൽ നിരവധി പേർ നോക്കിനിൽക്കെ രണ്ടുപേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ജില്ലയിലെ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു ആക്രമണം. അക്രമികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
'സരൾ വാസ്തു" വിദഗ്ദ്ധനായ ചന്ദ്രശേഖറിന്റെ ഉപദേശം സ്വീകരിക്കാനെന്ന വ്യാജേന കാത്തു നിന്നവർ ആക്രമിക്കുന്ന രംഗങ്ങൾ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.കസേരയിൽ ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നടുത്ത രണ്ടുപേരിൽ ഒരാൾ കാലിൽ തൊട്ട് വന്ദിക്കുന്നതിനിടെ മറ്റേയാൾ വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ടുവന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. വേദനകാെണ്ട് പുളഞ്ഞ് തടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമനും കത്തിയെടുത്ത് തുരുതുരെ ദേഹമാസകലം കുത്തി.
റിസപ്ഷനിൽ ഇരുന്ന സ്ത്രീ ഭയന്ന് പുറത്തേക്കോടി. എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവർ മനസ്സിലാക്കി പ്രതികരിച്ചപ്പോഴേക്കും അക്രമികൾ കത്തികാട്ടി വിരട്ടിയശേഷം പുറത്തേക്കോടി. ഒരു മിനിട്ടിനകമാണ് ഇതെല്ലാം സംഭവിച്ചത്. ബഗാൽകോട്ട് ജില്ലയിൽ താമസിക്കുന്ന ചന്ദ്രശേഖർ സ്വകാര്യ ആവശ്യത്തിനാണ് ഹുബ്ബള്ളിയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |