പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന അക്ഷര സുകൃതം പദ്ധതിയും, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സിൽ മികച്ച വിജയം നേടിയ ജനപ്രതിനിധികളെയും പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന ' അക്ഷരസുകൃതം ', മികവ് 2022' എന്നിവ ഇന്ന് വൈകിട്ട് 5.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. ഉദിയൻകുളങ്ങര ദേവുനന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, കനറാ ബാങ്ക് ജനറൽ മാനേജർ എസ്.പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ.സലൂജ, മറ്റ് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.കർണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാളിന്റെ സ്മരണാർത്ഥം നടപ്പിലാക്കിയിട്ടുള്ള രണ്ടാമത് പാറശാല പൊന്നമ്മാൾ സംഗീത പുരസ്കാരം വൈക്കം വിജയലക്ഷ്‌മിക്ക് ചടങ്ങിൽ സമ്മാനിക്കും.