SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.05 PM IST

ആലപ്പുഴയ്ക്ക് ഇനിയാര്‌? അഞ്ചു പേരുണ്ട്

Increase Font Size Decrease Font Size Print Page
alapuzha

തിരുവനന്തപുരം: സജിചെറിയാന്റെ രാജി ബാക്കി വയ്ക്കുന്നത് പകരം ആരെന്ന ചോദ്യമാണ്. പകരം മന്ത്രിയില്ലെന്ന സൂചനയാണ് വരുന്നതെങ്കിലും വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്ര് യോഗത്തിലെ വ്യക്തതവരൂ.

സി.പി.എമ്മിന് ആഴത്തിൽ വേരുള്ള ആലപ്പുഴ ജില്ലയിൽ നിന്ന് മന്ത്രിസഭയിൽ ഒരു അംഗമില്ലാതിരിക്കുക അത്ര ഗുണകരമല്ല . സജി ചെറിയാന് പുറമെ അഞ്ച് എം.എൽ.എമാർ ജില്ലയിൽ നിന്നുണ്ട്. പി.പി.ചിത്തരഞ്ജൻ, അരുൺകുമാർ, എച്ച്.സലാം, ദലീമ എന്നിവർ ആദ്യമായി നിയമസഭയിലെത്തിയവരാണ്. യു.പ്രതിഭയാണ് രണ്ടാമതും ജയിച്ചെത്തിയത്. മന്ത്രിസഭാ രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ചിത്തര‌‌ഞ്ജനെയും പരിഗണിച്ചിരുന്നു. ധീവര സമുദായത്തിന് വലിയ സ്വാധീനമുള്ള ജില്ലയാണ് ആലപ്പുഴ. മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട് രണ്ട് ദശാബ്ദത്തിലേറെയായി സജീവമാണ് ചിത്തരഞ്ജൻ. പകരം മന്ത്രി വേണമെന്ന് പാർട്ടി തീരുമാനിച്ചാൽ, ചിത്തരഞ്ജനെയും പരിഗണിക്കും.

ആലപ്പുഴയിലെ സി.പി.എം രാഷ്ട്രീയ സമവാക്യങ്ങൾ സജിചെറിയാന്റെ രാജിക്കുശേഷം എങ്ങനെ മാറിമറിയുമെന്നതും കൗതുകകരമാവും. മുൻ മന്ത്രി ജി.സുധാകരൻ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന ജില്ലയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പു മുതൽ ചില അടിയൊഴുക്കുകൾ ഉണ്ടായിരുന്നു. 2015ൽ ചാരുംമൂട് നടന്ന ജില്ലാ സമ്മേളനത്തിൽ സി.ബി.ചന്ദ്രബാബു മാറി, സജിചെറിയാൻ ജില്ലാ സെക്രട്ടറിയാവുന്നത് ജി.സുധാകരന്റെ കൂടി അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു. സുധാകരനോട് അടുപ്പമുള്ള ജില്ലയിലെ പ്രമുഖരായ ഒരു പറ്റം നേതാക്കളും അന്ന് സജിക്കൊപ്പം അണിചേർന്നു.

പിന്നീട് ഈ കൂട്ടായ്മയിൽ ചില മലക്കംമറിച്ചിൽ സംഭവിച്ചു. ജി.സുധാകരനെതിരെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ചില ആരോപണങ്ങൾ ആ മാറ്റത്തിന്റെ ഭാഗം കൂടിയാണെന്നും പ്രചരിച്ചിരുന്നു. മന്ത്രിസ്ഥാനം ഒഴി‌ഞ്ഞെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയ്ക്ക് സജി ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങളിൽ വീണ്ടും നിർണ്ണായക സ്വാധീനമാവും.

TAGS: SAJI CHERIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY