തമിഴകത്തെ ഹിറ്റുകളുടെ സംവിധായകൻ സെൽവരാഘവനും സൂപ്പർ താരം സൂര്യയും ആദ്യമായി ഒന്നിച്ച എൻ.ജി.കെ എന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. മറ്റൊന്നുമല്ല, രണ്ട് അതികായന്മാരുടെ സംഗമം എന്നത് തന്നെ. ആ പ്രതീക്ഷകലെ ഏറെക്കുറെ തൃപ്തിപ്പെടുത്തുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചതിൽ സംവിധായകന് ആശ്വസിക്കാം. എന്നാൽ, ഇനിയും മെ ച്ചപ്പെടുത്താമായിരുന്നെന്ന സിനിമയാണിതെന്ന സംശയത്തിന്റെ കനൽ പ്രേക്ഷകരുടെ മനസിൽ നീറ്റിയ ശേഷമാണ് സിനിമ അവസാനിക്കുന്നത്.
ആരാണ് എൻ.ജി.കെ
എം.ടെക് പാസായ നന്ദഗോപൻ കുമരൻ ആണ് എൻ.ജി.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ കാലങ്ങളായി നിലനിന്നുപോരുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മാറാത്ത വ്യവസ്ഥകളേയും അടിമുടി മാറ്റുകയെന്ന ലക്ഷ്യത്തോടെ എൻ.ജി.കെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നു. ആ രാഷ്ട്രീയ യാത്ര വിജയാകുമോ? തമിഴ്നാട്ടിൽ എന്ത് പുതിയ മാറ്റമാണ് എൻ.ജി.കെയുടെ പ്രജാലപരിപാലന പാർട്ടിക്ക് മുന്നോട്ട് വയ്ക്കാനാവുക ഇതൊക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്.
ആദ്യ പകുതിയിൽ സൂര്യയുടെ ആരാധകർക്ക് ആഘോഷിക്കാൻ വേണ്ട ചേരുവകളെല്ലാം സംവിധായകൻ കാത്തുവച്ചിട്ടുണ്ട്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്നതും സൂര്യയുടെ എൻ.ജി.കെ തന്നെയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ സൂര്യയുടെ ഒരു വൺമാൻ ഷോ. പലപ്പോഴായി നമ്മൾ കണ്ടുകേട്ടും മറന്ന കഥയാണെങ്കിൽ പോലും അതിനെ തന്റേതായ ശൈലിയിൽ പരുവപ്പെടുത്തിയാണ് സെൽവരാഘവൻ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. ജനവിരുദ്ധമായ വ്യവസ്ഥിതികളെ അതിരൂക്ഷമായി പരിഹസിക്കുന്നുണ്ട് സിനിമയിൽ പലയിടത്തും. പലപ്പോഴും ഭരണകൂടങ്ങൾക്കും ഭരണാധികാരികൾക്കും നേരെയും ചോദ്യങ്ങളുടെ ചൂണ്ടുവിരൽ ഉയർത്തുകയും ചെയ്യുന്നു സെൽവരാഘവന്റെ തിരക്കഥ. രണ്ടാം പകുതിയിൽ സിനിമ അതിനാടീകയ രംഗങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ പതിവ് സെൽവരാഘവൻ സിനിമയുടെ ആവേശമൊന്നും ഇത്തവണ കാണാനാവില്ല. ജൈവ കൃഷിയെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന സിനിമ പിന്നീട് വിഷയത്തിൽ നിന്ന് ഗതിമാറി സഞ്ചരിച്ച് രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുകയാണ് ചെയ്യുന്നത്.
സൂര്യയുടെ വൺമാൻ ഷോ
തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമായ സൂര്യയുടെ താരത്തിളക്കം വേണ്ടുവോളം ഉപയോഗിക്കുന്നുണ്ട് സിനിമ. തിരക്കഥ പരാജയപ്പെടുന്ന പല അവസരങ്ങളിലും സൂര്യയുടെ പ്രകടനമാണ് സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റുന്നത്. അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന്റെ വേഷത്തിൽ സൂര്യ എല്ലാ അർത്ഥത്തിലും മികച്ചു നിൽക്കുന്നു. എൻ.ജി.കെയുടെ ഭാര്യയുടെ വേഷത്തിലെത്തുന്ന സായി പല്ലവി തന്മയത്വമുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കോർപ്പറേറ്റ് പി.ആറിന്റെ വേഷത്തിൽ എത്തുന്ന റാകുൽ പ്രീത് സിംഗും തന്റെ ഭാഗം ഭംഗിയാക്കി. തലൈവാസൽ വിജയ്, ദേവരാജ്, പൊൻവണ്ണൻ, ഇളവരസ്, വേലാ രാമമൂർത്തി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യുവാൻ ശങ്കർ രാജയുടെ സംഗീതം മികച്ചു നിൽക്കുന്നു. സംഘട്ടന രംഗങ്ങളിലെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് ചേരുന്നതായി. എല്ലാ ഗാനങ്ങളും അത്ര മികച്ച അനുഭവമൊന്നും സമ്മാനിക്കുന്നില്ല. ഡ്രീം വാരിയേഴ്സ് പിക്‌ചേഴ്സിന്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബുവും എസ്.ആർ പ്രഭുവുമാണ് 'എൻ.ജി.കെ' നിർമ്മിച്ചിരിക്കുന്നത്.
വാൽക്കഷണം: സൂര്യയാണ് താരം
റേറ്റിംഗ്: 2.5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |