SignIn
Kerala Kaumudi Online
Saturday, 01 October 2022 5.53 PM IST

ഇരുനില വീട് തകർന്നുവീണ് 13കാരന് ദാരുണാന്ത്യം,​ മുത്തച്ഛന് ഗുരുതര പരിക്ക്

harinarayanan

കൊച്ചി: താഴത്തെ നിലയിലെ ചുമരുകൾക്കുണ്ടായ ബലക്ഷയംകാരണം ഇരുനില വീട് തകർന്നുവീണ് 13കാരന് ദാരുണാന്ത്യം. പെരുമ്പാവൂർ കീഴില്ലം സൗത്ത് പരത്തുവേലിപ്പടി കാവിൽതോട്ടം ഇല്ലത്തെ ഈശ്വരൻ നമ്പൂതിരിയുടെ മകൻ ഹരിനാരായണനാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഹരിയുടെ മുത്തച്ഛൻ നാരായണൻ നമ്പൂതിരിയെ (87) ആലുവ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ഏഴോടെയായിരുന്നു ദുരന്തം. ഏഴുപേർ താമസിക്കുന്ന വീട്ടിൽ ആറുപേർ സംഭവ സമയത്ത് അവിടെയുണ്ടായിരുന്നു. ഹരിനാരായണനും നാരായണൻ നമ്പൂതിരിയും വീടിനുള്ളിലും ഹരിയുടെ പിതാവ് ഈശ്വരൻ നമ്പൂതിരി, ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധു, ഇളയമകൾ പാർവതി എന്നിവർ മുറ്റത്തും മൂത്തമകൾ ദേവിക വീടിന്റെ രണ്ടാം നിലയിലുമായിരുന്നു. ദേവിക അത്ഭുതകരമായി രക്ഷപ്പെട്ടു. ഈശ്വരൻ നമ്പൂതിരിയുടെ സഹോദരൻ ഹരികൃഷ്ണനും ഈ വീട്ടിലാണ് താമസമെങ്കിലും വളയഞ്ചിറങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയായ അദ്ദേഹം അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.

മാതാപിതാക്കൾക്കൊപ്പം മുറ്റത്തു നിൽക്കുകയായിരുന്ന ഹരിനാരായണൻ പിതാവിന്റെ കൈയിൽ നിന്ന് മൊബൈൽഫോണും വാങ്ങി മുറിക്കുള്ളിലേക്ക് കയറിയതിന് തൊട്ടുപിന്നാലെയാണ് വലിയശബ്ദത്തോടെ വീട് തകർന്നുവീണത്. ഒന്നാംനില പൂർണമായി തകർന്ന് രണ്ടാംനില അതിന് മുകളിൽ അമർന്നു.

ഹരിനാരായണൻ ദിവാൻകോട്ടിൽ ഇരിക്കുന്ന നിലയിലും നാരായണൻ നമ്പൂതിരി തറയിൽ വീണുകിടക്കുന്ന നിലയിലുമായിരുന്നു. മേൽക്കൂരയുടെ കോൺക്രീറ്റ് പാളി ഹരിനാരായണന്റെ തലയിലാണ് പതിച്ചത്. വീടിന്റെ ഓടുമേഞ്ഞ പഴയ ഇല്ലത്തിന്റെ ഒരുഭാഗവും അപകടത്തിൽ തകർന്നു.

വളയഞ്ചിറങ്ങര എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് ഹരി നാരായണൻ. 4 തലമുറകളായി താന്ത്രികകർമ്മങ്ങൾ ചെയ്തുവരുന്ന കുടുംബത്തിന്റെ ഏക അനന്തരാവകാശിയായിരുന്നു ഹരി. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

അപകടത്തിന് കാരണം

നിർമ്മാണപ്പിഴവ്

പഴയവീടിനോട് ചേർന്ന് കെട്ടിപ്പൊക്കിയ ഇരുനിലകെട്ടിടത്തിന്റെ നിർമ്മാണപ്പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. വെട്ടുകല്ലും സിമന്റും ഉപയോഗിച്ച് ഭിത്തികെട്ടിയ വീടിന് രണ്ടുനിലകളിലായി രണ്ടുവീതം കിടപ്പുമുറികളുണ്ട്. താഴത്തെ നിലയ്ക്ക് 12 വർഷത്തെയും മുകളിലത്തെ നിലയ്ക്ക് 10 വർഷത്തെയും പഴക്കമുണ്ട്. ആദ്യം ഒരുനിലയിൽ നിർമ്മിച്ച വീടിനുമുകളിൽ രണ്ടുവർഷം കഴിഞ്ഞാണ് മറ്റൊരു നിലകൂടി പണിതത്.

അടുത്തകാലത്ത് ടെറസിൽ അലുമിനിയം ഷീറ്റും ഇരുമ്പ് റാഡും ഉപയോഗിച്ചുള്ള മേൽക്കൂരയും തറയിൽ നിന്ന് ടെറസിലേക്ക് സ്റ്റീൽ ഗോവണിയും നിർമ്മിച്ചു. മുകളിൽ കൂടുതൽ ഭാരമുള്ള കോൺക്രീറ്റ് നിർമ്മിതികൾ നടത്തിയതും താഴത്തെ നിലയിലെ ഭിത്തിയിൽ നനവുണ്ടായി ബലക്ഷയമുണ്ടായതുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്ത് അധികൃതർ ഇന്ന് കെട്ടിടം പരിശോധിക്കും.


രക്ഷാപ്രവർത്തനം 3 മണിക്കൂർ

പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴയിൽ നിന്നുമെത്തിയ ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റും മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെയും സഹായത്തോടെ മൂന്നു മണിക്കൂർ പരിശ്രമിച്ചാണ് കുട്ടിയെയും മുത്തച്ഛനെയും പുറത്തെടുത്തത്. ഒരു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രണ്ടാംനില താങ്ങിനിറുത്തി, മറ്റ് രണ്ട് യന്ത്രങ്ങൾക്കൊണ്ട് കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇരുവരെയും പുറത്തെത്തിക്കുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACCIDENT, DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.