തിരുവനന്തപുരം: നിപയുടെ രണ്ടാംവരവിൽ അതീവ ജാഗ്രതയോടെ പ്രതിരോധ സംവിധാനങ്ങളൊരുക്കുകയാണ് തലസ്ഥാനം. തലസ്ഥാനത്ത് ഒരിടത്തും നിപയോ സമാനമായ ലക്ഷണങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യമേഖലയൊന്നാകെ ജാഗ്രതയിലാണ്. കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് നിരന്തരമായ ജനപ്രവാഹമുള്ളതിനാലാണ് കടുത്ത ജാഗ്രത. നിത്യേന കൊച്ചിയിൽ ജോലിക്കെത്തി മടങ്ങുന്ന നിരവധിയാളുകൾ തലസ്ഥാനത്തുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്വകാര്യ ആശുപത്രികളിലടക്കം ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീത സിറ്റി കൗമുദിയോട് പറഞ്ഞു.
വേനൽക്കാലത്ത് സാധാരണയുണ്ടാകാറുള്ള ചിക്കൻപോക്സ്, എച്ച് 1എൻ1 രോഗങ്ങൾ ഇത്തവണയും വ്യാപകമാണ്. എല്ലായിടത്തുനിന്നും ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ നിപയ്ക്ക് സമാനമായ ലക്ഷണങ്ങൾ ഇതുവരെ ആരിലും കണ്ടെത്തിയിട്ടില്ല. തലസ്ഥാനത്തെ മുൻകരുതൽ വിലയിരുത്താൻ സ്വകാര്യ ആശുപത്രി പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ഇന്നലെ യോഗം ചേർന്നു. 23 ആരോഗ്യകേന്ദ്രങ്ങളിലും ജാഗ്രതാനിർദ്ദേശം കൈമാറിയിട്ടുണ്ട്. സംശയകരമായ എന്തെങ്കിലും രോഗലക്ഷണം കാണപ്പെട്ടാൽ ഐ.ഡി.എസ്.പി സെല്ലിൽ അറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
സംശയകരമായ രോഗലക്ഷണം കണ്ടാൽ, ജനറൽ ആശുപത്രിയിൽ ഐസൊലേറ്റഡ് വാർഡ് സജ്ജമാക്കും. ആവശ്യമെങ്കിൽ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റും. പുതിയ നിർമ്മാണം നടക്കുന്ന എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും സ്ഥിരം ഐസൊലേറ്റഡ് വാർഡ് സജ്ജമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ രോഗലക്ഷണങ്ങളുള്ളവരെ കാണപ്പെട്ടാൽ ഐസൊലേറ്റഡ് വാർഡുകളിലേക്ക് മാറ്റും. നിപ ബാധ സർക്കാർ സ്ഥിരീകരിച്ച ശേഷമേ ഇതിനുള്ള മറ്റ് നടപടിക്രമങ്ങൾ തുടങ്ങൂവെന്നും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി.എം.ഒ വ്യക്തമാക്കി.
നിപ അടക്കമുള്ള അപകടകാരികളായ വൈറസുകളെക്കുറിച്ച് പഠനത്തിന് മെഡിക്കൽ കോളേജിൽ അത്യാധുനിക ഗവേഷണകേന്ദ്രം സജ്ജമാവുന്നുണ്ട്. വൈറസുകളെക്കുറിച്ച് പഠനത്തിനും ഗവേഷണത്തിനും കേന്ദ്രാനുമതി നേടിയെടുക്കുന്നത് ഏറെ ശ്രമകരമാണ്. പഠനം പോലും ഏറെ അപകടകരമാണെന്നതാണ് കാരണം. മൂന്നു തലങ്ങളിലായുള്ള പ്രതിരോധ സംവിധാനം ഒരുക്കിയശേഷമേ ഗവേഷണം നടത്താനാവൂ. ഒരു ബാക്ടീരിയ പോലും കടക്കാത്ത 100 ശതമാനം അണുവിമുക്തമാക്കിയ മീഡിയനിലേ വൈറസ് ഗവേഷണം സാദ്ധ്യമാവൂ. അല്ലെങ്കിൽ ഗവേഷണഫലം കൃത്യമാവില്ല. ഇത്രയും പ്രതിരോധ സംവിധാനമില്ലാത്തിടത്ത് വൈറസ് ഗവേഷണം അനുവദിക്കില്ല. കേന്ദ്രസർക്കാരും ലോകാരോഗ്യസംഘടനയും നിർദ്ദേശിക്കുന്ന സുരക്ഷാസംവിധാനങ്ങൾ ഒരുക്കി മെഡിക്കൽ കോളേജിൽ വൈറസ് ഗവേഷണകേന്ദ്രം ആരംഭിക്കാനാണ് ശ്രമം.
നിലവിൽ സംശയകരമായ ലക്ഷണങ്ങളുണ്ടായാൽ രാജ്യത്തെ മുൻനിര വൈറസ് ഗവേഷണകേന്ദ്രമായ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് സാമ്പിളുകൾ എത്രയുംവേഗത്തിൽ അയയ്ക്കുകയാണ് ചെയ്യുന്നത്. വൈറസ് പടരാത്ത രീതിയിൽ അതീവശ്രദ്ധയോടെയാണ് സാമ്പിളുകൾ അയയ്ക്കേണ്ടത്. 24 മണിക്കൂറിനകം അവിടെനിന്ന് ഫലം ലഭിക്കുന്നുണ്ട്. അതിനുശേഷമേ വൈറസ് ബാധ സ്ഥിരീകരിക്കാനാവൂ. ഇന്ത്യയിലെയും 12 ദക്ഷിണേഷ്യൻ രാജ്യങ്ങളുടെയും റഫറൻസ് കേന്ദ്രമാണ് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി. ഇതിന്റെ ആലപ്പുഴയിലെ ഉപകേന്ദ്രത്തിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ജപ്പാൻജ്വരം തുടങ്ങിയ പകർച്ചവ്യാധികൾ കണ്ടെത്താനുള്ള സംവിധാനമുണ്ട്. നാലു തലത്തിലെ സുരക്ഷാ, പ്രതിരോധ സംവിധാനങ്ങളോടെയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി പ്രവർത്തിക്കുന്നത്. സമാനമായ സംവിധാനങ്ങളൊരുക്കിയാലേ വൈറസ് ഗവേഷണം സാദ്ധ്യമാവൂ.
ലക്ഷണങ്ങൾ
പനി
തലവേദന
മയക്കം
സ്ഥലകാല ബോധമില്ലായ്മ
മനംപിരട്ടൽ
ഛർദ്ദി
കാഴ്ചമങ്ങൽ
വയറുവേദന
ശക്തമായ ചുമ
നിപ്പ വന്നാൽ
5 മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും
മസ്തിഷ്ക വീക്കം ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്
ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലാകും
രണ്ടു ദിവസത്തിനകം രോഗി അബോധാവസ്ഥയിലാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |