SignIn
Kerala Kaumudi Online
Thursday, 19 February 2026 3.32 AM IST

മയക്കുമരുന്നുമായി യുവാവ് ഖത്തറിൽ പിടിയിലായ സംഭവം: മൂന്നു പേർ പിടിയിൽ

Increase Font Size Decrease Font Size Print Page
niyas

വരാപ്പുഴ: ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസിൽപ്പെട്ട സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആലുവ എടത്തല എൻ.എ.ഡി ഭാഗത്ത് കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി നാലകത്ത് വീട്ടിൽ ഷെമീർ (25), കോട്ടയം വൈക്കം അയ്യർ കുളങ്ങര കണ്ണംകുളത്ത് വീട്ടിൽ രതീഷ് (26) എന്നിവരെയാണ് കോതമംഗലത്ത് നിന്ന് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തിലെ പ്രധാനിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മയക്കുമരുന്നുമായി പിടികൂടിയതിനെതുടർന്ന് ഖത്തർ ജയിലിൽ കഴിയുന്ന വരാപ്പുഴ ചിറയ്ക്കകം സ്വദേശി യശ്വന്തിന്റെ മാതാവ് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് നൽകിയ പരാതിയിലാണ് നടപടി. ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിൽ നിരവധി തൊഴിലവസരങ്ങളുണ്ടെന്ന് പറഞ്ഞ് ജൂലായ് ഏഴാം തീയതിയാണ് സംഘം യശ്വന്തിനെ ഖത്തറിലേക്ക് അയച്ചത്. വിസയും ടിക്കറ്റും സൗജന്യമാണെന്നും പറഞ്ഞിരുന്നു.

ദുബായിലെത്തി ഒരു ദിവസം തങ്ങിയ യശ്വന്തിന്റെ കൈവശം സംഘവുമായി ബന്ധപ്പെട്ടവർ മയക്കുമരുന്ന് അടങ്ങിയ പൊതി നൽകി. ജൂലായ് 9ന് ഖത്തർ എയർപ്പോർട്ടിൽ ഇമിഗ്രേഷൻ പരിശോധയ്ക്കിടെ മയക്കുമരുന്ന് പിടികൂടുകയായിരുന്നു.

എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സമാന സംഭവവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി സ്വദേശി ഷമീർ എന്ന മറ്റൊരു ഉദ്യോഗാർത്ഥിയും ഖത്തറിൽ പിടിയിലായിട്ടുണ്ട്.

പ്രതികൾ വൻ മയക്കുമരുന്നു മാഫിയ സംഘത്തിലെ ചെറു കണ്ണികളാണെന്നാണ് പൊലീസിന്റെ നിഗമനം. 5000 മുതൽ 10000 വരെ കമ്മിഷനിൽ 'കാരിയർമാരെ' ഒപ്പിച്ചുനൽകുക മാത്രമാണ് ഇത്തരക്കാരുടെ ദൗത്യം. ആളെ അയ്ക്കുന്നതല്ലാതെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെടുത്താവുന്ന യാതൊന്നും ലഭിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രവർത്തനങ്ങളെന്ന് പൊലീസ് പറയുന്നു. ഇവരുടെ ഫോൺ കോളുകളുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. മുനമ്പം ഡി.വൈ.എസ്.പി എം.കെ. മുരളി, എസ്.എച്ച്.ഒ ജെ.എസ്. സജീവ്കുമാർ, എസ്.ഐ പി. സുരേഷ്, എ.എസ്.ഐമാരായ ടി.കെ റജു, റെനിൽ വർഗീസ്, എസ്.സി.പി.ഒമാരായ എസ്.വിജയ കൃഷ്ണൻ, പി.കെ. ഷാനി, സി.പി.ഒമാരായ എം.പി സിജിത്ത്, കെ.ബിജു രാജ്, ടി.ഡി.ടിറ്റു, ബിബിൻ സുരേന്ദ്രൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

TAGS: DRUGS CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY