SignIn
Kerala Kaumudi Online
Saturday, 01 October 2022 4.20 AM IST

മറ്റെങ്ങുമില്ലാത്ത ശമ്പളവും അന്യായമായ ആനുകൂല്യങ്ങളും: ഇക്കണക്കിന് പോയാൽ കെ എസ് ആർ ടി സിയുടെ അവസ്ഥയാകും കെ എസ് ഇ ബിക്കെന്ന് മുൻ ചെയർമാൻ

kseb

കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ഡോ.ബി.അശോക് ഇപ്പോൾ കൃഷിവകുപ്പ് സെക്രട്ടറിയാണ്. കെ.എസ്.ഇ.ബി.യിലെ തന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, സംഘടനാനേതാക്കൾ പറയുന്നിടത്ത് ഒപ്പിടുന്ന യന്ത്രമാകണം ചെയർമാൻ എന്ന നിലപാട് സർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ കെ.എസ്.ആർ.ടി.സി.യുടെ സ്ഥിതിയായിരിക്കും കെ.എസ്.ഇ.ബി.യെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകുന്നു. സർവീസിൽ നിന്ന് വിരമിച്ചിട്ടും കെ.എസ്.ഇ.ബി.യുടെ വിവാദ ദീർഘകാല കരാറുകൾ നിലനിറുത്താൻ വഴിവിട്ട് ഇടപെട്ട മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ നടപടി കേട്ടുകേൾവിയില്ലാത്തതാണെന്ന് അദ്ദേഹം കേരളകൗമുദിയോട് തുറന്നു പറഞ്ഞു.

അസോസിയേഷൻ പാഠംപഠിപ്പിച്ചാണോ കെ.എസ്.ഇ.ബി.യിൽ നിന്ന് വിട്ടത്?

ഒരു പരിധിക്കപ്പുറമുള്ള സംഘടനാപ്രവർത്തനം കെ.എസ്.ഇ.ബി.യുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന നിലപാടാണ് അന്നും ഇന്നും ഉള്ളത്. സർക്കാരും ഡയറക്ടർമാരുമാണ് നയം തീരുമാനിക്കേണ്ടത്. അല്ലാതെ അസോസിയേഷനുകളല്ല. ജൂനിയർ

എൻജിനീയർമാർ നയപരമായി നയിച്ചപ്പോൾ വന്ന ബാദ്ധ്യതകളാണ് കെ.എസ്.ഇ.ബി.ക്ക് ഇപ്പോഴുള്ളത്. മറ്റെങ്ങുമില്ലാത്ത ശമ്പളവും അന്യായം എന്നുതന്നെ തോന്നാവുന്ന ആനുകൂല്യങ്ങളും നേടിയെടുക്കാനല്ലാതെ അവരുടെ സേവനം സ്ഥാപനത്തിന് പ്രയോജനപ്പെട്ടെന്ന് കാണാനാവില്ല. പ്രതിവർഷം 16000കോടി രൂപ വരവുണ്ട് കെ.എസ്.ഇ.ബി.ക്ക്. എന്നിട്ടും 1500കോടി കടമെടുക്കും. അതിനും പുറമേ ഇലക്ട്രിസിറ്റി ഡ്യൂട്ടിയെന്ന പേരിൽ 1200കോടിയും ജനങ്ങളിൽനിന്ന് സമാഹരിക്കും. ഇതൊക്കെ കിട്ടിയിട്ടും വർഷാവസാനം നോക്കുമ്പോൾ നഷ്ടം മാത്രമാണുണ്ടാകുക. കെ.എസ്.ഇ.ബി.യുടെ വികസനത്തിന് കൂടുതൽ പണം ചെലവഴിക്കാനാകണം. വൈദ്യുതി വിതരണം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനൊപ്പം നിലനിൽക്കാനുള്ള സാമ്പത്തിക വരുമാനവും ഉണ്ടാക്കണം. പെൻഷൻ ബാദ്ധ്യത തീർക്കാൻ 20000കോടിയുടെ ഫണ്ടുണ്ടാക്കണമെന്ന, കെ.എസ്.ഇ.ബി. കമ്പനിയായപ്പോൾ എടുത്ത തീരുമാനം നടപ്പാക്കാനായിട്ടില്ല. ഭാവിയിൽ ബാദ്ധ്യത കൂടുമ്പോൾ പെൻഷൻ കൊടുക്കാനാകാത്ത സ്ഥിതിയുണ്ടാകും. ഇതുവരെയുള്ള പ്രവർത്തനനഷ്ടം 14600കോടി രൂപയാണ്. മൊത്തം കടബാദ്ധ്യത വളർന്ന് 11000കോടിയിലെത്തി. കേരളത്തിന് പുറത്തുള്ള വൈദ്യുതിവിതരണസ്ഥാപനങ്ങൾ 10 ശതനമാനം ലാഭം നേടുന്നു. കേരളത്തിന് അത് സാധിക്കുന്നില്ല. ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിലാകുമെന്നതിന് കെ.എസ്.ആർ.ടി.സി.തന്നെയാണ് പാഠം. ഇതെല്ലാം മറന്ന് ചിലർ പറയുന്നത് പോലെ ജനാധിപത്യവത്‌കരണത്തിന്റെ പേരിൽ ജീവനക്കാരുടെ അസോസിയേഷന് എല്ലാം വിട്ടുകൊടുത്ത് അവർ പറയുന്നിടത്തെല്ലാം ഒപ്പിടുന്ന യന്ത്രമാകണം സി.എം.ഡി.എന്ന മട്ടിൽ നീങ്ങുന്നത് അപകടമാണ്. ജീവനക്കാരിൽനിന്ന് വരിസംഖ്യ പിരിക്കുന്ന ലാഘവത്തോടെ കരാറുകാരിൽ നിന്ന് നേട്ടം പിരിക്കുന്ന ദു:സ്ഥിതിയാണ് കെ.എസ്.ഇ.ബി.നേരിടുന്നത്.

?ക്രമരഹിതമായ ദീർഘകാല കരാറിനെതിരെ എടുത്ത കടുത്ത നിലപാട് ചിലരെ ശത്രുക്കളാക്കിയെന്ന് തോന്നിയോ?

2014-15 വർഷത്തിലെ താപവൈദ്യുതിയുമായി ബന്ധപ്പെട്ട നാല് കരാറുകൾക്കാണ് അനുമതി കിട്ടാതിരുന്നത്. അതിന്റെ പേരിൽ കരാറുകാർ സുപ്രീംകോടതിയിലും ട്രിബ്യൂണലിലുമൊക്കെ പോയെങ്കിലും അനുകൂലവിധിയൊന്നും കിട്ടിയില്ല. ടെൻ‌ഡർ നടപടി വ്യതിയാനങ്ങളിലെ വീഴ്ചകൾ അംഗീകരിച്ച് നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാരും കേന്ദ്രത്തിന് പലതവണ കത്തെഴുതി. എന്നാൽ സാധൂകരണം നൽകാനാവില്ലെന്ന മറുപടിയാണ് അവിടെ നിന്നും കിട്ടിയത്. അതേസമയം താത്‌കാലിക സംവിധാനമെന്ന സംസ്ഥാനസർക്കാർ ഉത്തരവിന്റെ ബലത്തിൽ ഇൗ കരാറുകൾ അനുസരിച്ച് കെ.എസ്.ഇ.ബി.വൈദ്യുതി വാങ്ങികൊണ്ടിരുന്നെന്നാണ് മനസിലായത്. ഇതുമൂലം 800 കോടി രൂപ നഷ്ടമുണ്ടായെന്ന് സി.എ.ജി.യും 2018-20 വർഷങ്ങളിൽ കെ.എസ്.ഇ.ബി. 250കോടിരൂപ അനുമതിയില്ലാതെ നൽകിയെന്ന് റെഗുലേറ്ററി കമ്മിഷനും കുറ്റപ്പെടുത്തി. 2020 ൽ സംസ്ഥാന സർക്കാർ ഇതിനെതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. ഇതെല്ലാം മറികടന്ന് തത്‌കാലം വർദ്ധിച്ച കൽക്കരിവില കണക്കാക്കി നിരസിക്കപ്പെട്ട കരാറുകൾ സ്ഥിരപ്പെടുത്തണമെന്ന് ശക്തമായി വാദിച്ചുകൊണ്ട് ഒരു ലോബി രംഗത്തുണ്ട്. അവരുടെ വാദം കെ.എസ്.ഇ.ബി. ചെയർമാൻ എന്ന നിലയിൽ തള്ളിയത് അത് സംസ്ഥാന താത്‌പര്യത്തിന് എതിരാണെന്ന് കണ്ടെത്തിയതുകൊണ്ട് മാത്രമാണ്. മുൻപ് വൈദ്യുതി വാങ്ങലിന് ലെറ്റർ ഓഫ് ക്രെഡിറ്റ് വേണമെന്ന് നിർദ്ദേശിക്കപ്പെട്ടപ്പോഴും ഇത്തരം ലോബികളുടെ നിർദേശം സർക്കാരിന് മുന്നിൽ വന്നിരുന്നു. ഇല്ലെങ്കിൽ കേരളം ഇരുട്ടിലാവുമെന്നൊക്കെയായിരുന്നു പല ലക്ഷ്യങ്ങളുള്ള അവരുടെ വാദങ്ങൾ. അതിനോട് തീരെ യോജിക്കുന്നില്ല. വിവാദ കരാറിനെ ന്യായീകരിക്കാനുള പരോക്ഷശ്രമങ്ങളാണ് അതൊക്കെ എന്നാണ് മനസിലാകുന്നത്.

കമ്പനികൾ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോ?

വിവാദകരാറുമായി ബന്ധപ്പെട്ട രണ്ട് കമ്പനികളുടെ പ്രതിനിധികൾ വന്നുകണ്ടിരുന്നു. ഇന്ത്യയിലേറ്റവും ദൈർഘ്യമേറിയ കാലാവധിയും ഏറ്റവും ഉയർന്ന നിരക്കുമുള്ള കരാറുകളാണ് അവരുടേത്. ദീർഘകാല കരാർ വലിയ അക്ഷയനിധിയാണ്. അവർ ചില സൂചനകൾ തന്നിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ വാങ്ങാനേ കെ.എസ്.ഇ.ബിയ്ക്ക് താത്പര്യമുള്ളൂ എന്ന് അറിയിച്ചപ്പോൾ അവർ മടങ്ങി. റെഗുലേറ്ററി കമ്മിഷനിലെ ചിലർക്ക് ഇതിനുള്ള പ്രതിഫലം വിദേശത്ത് വച്ച് കൈമാറാമെന്ന് സൂചിപ്പിച്ചതായി ഞാൻ പിന്നീടറിഞ്ഞു.

അത്തരം വാഗ്ദാനങ്ങളുമായി എന്നെ സമീപിച്ചിട്ടില്ല. എന്നാൽ അവർക്ക് എന്നോടുള്ള അതൃപ്തിയും കരാർ ഉറപ്പിച്ചുകിട്ടാനുള്ള ആഗ്രഹവും പ്രകടമായിരുന്നു. ഒന്നിച്ചുനീങ്ങണമെന്നായിരുന്നു അവരുടെ താത്പര്യം.

ഇക്കാര്യത്തിൽ മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ ഇടപെടൽ അസ്വാഭാവികമല്ലേ?

വിരമിച്ച ഒരു ഐ.എ.എസ് ഉദ്ദ്യോഗസ്ഥൻ ഇങ്ങനെയൊക്കെ ഇടപെടാമോ? അതും സ്വകാര്യ കമ്പനികൾക്കുവേണ്ടി ?അനുചിതമായ, അസാധാരണമായ നടപടികളാണ് പോൾ ആന്റണിയുടേത്. അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കൂടുതലൊന്നും പറയാനില്ല. തികച്ചും വസ്തുതാവിരുദ്ധമായ കത്താണ് പോൾ ആന്റണിയുടേത്. മറ്റാരോ എഴുതി കൊടുത്തത് ഒപ്പിട്ടെന്നാണ് തോന്നുന്നത്. കത്തുമായി പലരെയും കണ്ടതായും അറിയാം. ഭരണഘടനാ സർവീസിലിരുന്ന ഉദ്യോഗസ്ഥർ വിരമിച്ചശേഷം ഇങ്ങനെ സ്വകാര്യ ലാഭം ഉറപ്പിക്കുന്ന നടപടികൾ എടുക്കുന്നത് ശരിയാണോ? വൈദ്യുതി വാങ്ങാൻ താൽക്കാലിക ഉത്തരവ് നൽകിയത് പോൾ ആന്റണി ഊർജ്ജസെക്രട്ടറിയായിരുന്നപ്പോഴാണ് . എന്നുകരുതി വിരമിച്ച് ഇത്രയും വർഷത്തിനുശേഷം കമ്പനികൾക്കുവേണ്ടി വക്കാലത്ത് എടുക്കേണ്ടതില്ലല്ലോ.

പത്തുവർഷത്തിന് ശേഷം കെ.എസ്.ഇ.ബി. ലാഭത്തിലാക്കി, കൃഷിവകുപ്പിലും അത് പ്രതീക്ഷിക്കാമോ?

അഗ്രിബിസിനസ്സിൽ ശക്തമായ പബ്ലിക് കമ്പനി, കിഫ്ബി സഹായത്തോടെ അഗ്രിപാർക്കുകൾ, കുട്ടനാട് പാക്കേജിന്റെ രണ്ടാം എഡിഷൻ മെച്ചപ്പെടുത്തൽ ഇവയൊക്കെയാണ് പദ്ധതികൾ. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള പരിപാടികൾക്കൊപ്പം 100 കോടി രൂപയുടെ അധിക പദ്ധതി നടപ്പാക്കുന്നതും ശ്രമകരമാണ്. ഇതൊക്കെ പഠിച്ചുവരികയാണ്. മന്ത്രി നേതൃത്വം നൽകുന്ന 'ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പെയിൻ ആണ് ഇപ്പോൾ നോക്കുന്നത്. കൃഷിയുടെ കാര്യത്തിൽ പരിസ്ഥിതിസംരക്ഷണവും വ്യവസായവുമായി ബന്ധപ്പെടുത്തി സർക്കാരിന് നല്ല ലക്ഷ്യങ്ങളും നയവുമുണ്ടെന്നാണ് മനസിലാക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSEB, B ASHOK, ALLEGATIONS AGAINST KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.