SignIn
Kerala Kaumudi Online
Monday, 05 October 2026 10.45 PM IST

രണ്ടായിരം രൂപയുടെ മീൻ ഒറ്റയടിക്ക് ഒരു കുട്ടയ്ക്ക് 350 ആയി, ചാകരക്കോള് വേണോ ഇങ്ങോട്ടു വായോ 

fish

വിഴിഞ്ഞം: കഴിഞ്ഞ ദിവസങ്ങളിൽ തോരാതെ പെയ്തിറങ്ങിയ മഴ അല്പമൊന്ന് അയഞ്ഞപ്പോൾ ഇന്നലെ വിഴിഞ്ഞം കടപ്പുറത്ത് മത്സ്യങ്ങളുടെ ചാകരയായിരുന്നു. ഞായറാഴ്ച തൊട്ട് മഴയും കാറ്റും കടുത്തതോടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കടൽ കലിയടക്കിയതും മഴ തോർന്നതും കാരണം ഇന്നലെ മത്സ്യബന്ധനത്തിന് പോയ എല്ലാവക്കും കടലമ്മ കൈനിറയെ മീൻ കൊടുത്തു. തീരത്ത് ചാകരയെത്തിയതറിഞ്ഞ് രാവിലെ മുതൽ മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്കും അനുഭവപ്പെട്ടു.

ചെറുകൊഴിയാളയും വാളയുമാണ് ഇന്നലെ വള്ളക്കാർക്ക് ലഭിച്ചത്. രാവിലെ കുട്ട ഒന്നിന് 800 രൂപയോളം വിലയുണ്ടായിരുന്ന ചെറുകൊഴിയാളയ്ക്ക് ഉച്ചയോടെ വിലകുറഞ്ഞ് 350 രൂപയിലെത്തി. വാള മത്സ്യത്തിന് കുട്ടയൊന്നിന് 4500 രൂപവരെ ലഭിച്ചെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ മാസം 80 മുതൽ 100 രൂപവരെ ഉണ്ടായിരുന്ന വാള ഇന്നലെ 180 രൂപയിലെത്തി. ആവശ്യക്കാരുടെ എണ്ണം കൂടിയതും മറ്റുജില്ലകളിൽ നിന്നുള്ള മത്സ്യത്തിന്റെ വരവ് കുറഞ്ഞുമാണ് വാളയുടെ വിലകൂടാൻ കാരണം. ഇന്നലെ വിറ്റുപോകാതെ ബാക്കിവന്ന മീൻ രാത്രിയോടെ വളം നിർമ്മാണത്തിനും കോഴിത്തീറ്റ നിർമ്മാണത്തിനുമായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

കടലമ്മ കനിഞ്ഞ സീസൺ

ഏതാനും വർഷത്തെ കാത്തിരിപ്പിനു ശേഷം ഈ സീസണിൽ മത്സ്യത്തൊഴിലാളികൾക്ക് നേട്ടമുണ്ടായി. കൊഞ്ച് ഒഴികെ എല്ലാ മത്സ്യങ്ങളും ഥേഷ്ടം ലഭിച്ചെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇത്തവണ കല്ലൻ കണവയും ഓലക്കണവയും ധാരാളം ലഭിച്ചു. കല്ലൻ കണവയ്ക്ക് പ്രാദേശിക മാർക്കറ്റിൽ ചെലവില്ലെങ്കിലും കയറ്റുമതി ഏറെയാണ്. ഈ സീസൺ തുടങ്ങിയതു മുതൽ കൊഴിയാള സുലഭമായിരുന്നു. ആദ്യം ഒരു കുട്ട കൊഴിയാളയ്ക്ക് 2000 രൂപവരെ ആയിരുന്നെങ്കിൽ ഇന്നലെ വില 350 വരെ താഴ്ന്നു. വർഷങ്ങൾക്ക് ശേഷം ഈ സീസണിൽ ചെറുചാള മത്സ്യവും ധാരാളം ലഭിച്ചു. സെപ്തംബർ പകുതിയോടെ സീസൺ അവസാനിക്കും.

വിഴിഞ്ഞം ക്ലിക്കാകും

കാലവർഷം തടസമുണ്ടാക്കിയില്ലെങ്കിൽ നിലവിലെ സ്ഥിതി തുടരാനാണ് സാദ്ധ്യത. ട്രോളിംഗ് നിരോധനം പിൻവലിച്ചെങ്കിലും കനത്ത കടൽക്ഷോഭം കാരണം മറ്റു ജില്ലകളിലെ കടപ്പുറങ്ങളിൽ മത്സ്യബന്ധനം നടക്കുന്നില്ല. അതിനാൽ തന്നെ വരും ദിവസങ്ങളിൽ വിഴിഞ്ഞത്ത് മത്സ്യകച്ചവടക്കാരുടെയും ഇടനിലക്കാരുടെയും തിരക്ക് കൂടാനാണ് സാദ്ധ്യത. 20 വർഷത്തിന് ശേഷം ചിന്നത്തുറ, തുത്തൂർ എന്നിവിടങ്ങളിലേതുൾപ്പെടെ നിരവധി മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞത്ത് എത്തിയത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISH, CHAKARA, VIZHINJAM, PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA