തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിന് കെട്ടിക്കിടക്കുന്ന അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ ശ്രമിക്കുന്ന റവന്യൂ വകുപ്പിന് തലവേദനയായി ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഫയൽ കൂമ്പാരം. ഭൂമി സംബന്ധമായ പരാതികളും തർക്കങ്ങളുമായി ബന്ധപ്പെട്ടുള്ള നൂറ് കണക്കിന് ഫയലുകളാണ് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്. ഇതിന്റെ കണക്കെടുക്കാൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകി.
ഭൂമി പതിവ്, വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റം, പട്ടയം സംബന്ധമായി ആർ.ഡി.ഒ തലത്തിൽ തീരുമാനമാവാത്ത കേസുകൾ, ദീർഘകാല പാട്ടം സംബന്ധിച്ച കേസുകൾ തുടങ്ങി അത്യാവശ്യ പരാതികളിൽ അടിയന്തര തീർപ്പുണ്ടാക്കാൻ ജില്ലാ കളക്ടറേറ്റുകളിൽ നിന്ന് അയച്ചിട്ടുള്ളതാണ് ഈ ഫയലുകൾ. പ്രത്യേക പരിഗണന നൽകി സർക്കാർ വിവേചനാധികാരം ഉപയോഗിച്ച് പട്ടയം നൽകേണ്ട ഫയലുകളുമുണ്ട്.
ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ജെ ( ഭൂ പതിവ്), കെ( ഭൂമി കൈമാറ്റം) സെക്ഷനുകളിലാണ് കെട്ടിക്കിടപ്പ് അധികവും. ആറു മാസം മുതൽ രണ്ട് വർഷം വരെ പഴക്കമുള്ളവയാണ് ഇതിൽ പലതും. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലുകൾ കാരണം ഈ സെക്ഷനുകളിൽ ജീവനക്കാർ സ്ഥിരമായി തുടരാറില്ല. സമയം ചെലവഴിച്ചു പരിശോധിക്കുകയും നിർണ്ണായക തീരുമാനങ്ങൾ കുറിക്കുകയും ചെയ്യേണ്ടതിനാൽ സീറ്റുകളിലെത്തുന്ന പലരും സംഘടനകളുടെ സഹായത്തോടെ മാറിപ്പോവുന്നു.
'കെട്ടിക്കിടക്കുന്ന ഫയലുകൾ പ്രത്യേക അദാലത്ത് സംഘടിപ്പിച്ച് വേഗത്തിൽ തീർപ്പാക്കും'.
- കെ.രാജൻ, റവന്യൂ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |